കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ ആഷിക്കിന്റെ വീട്ടിലെത്തി നിരീക്ഷണം നടത്തുന്നതിന്റെ സി.സി. ടി.വി. ദൃശ്യം
പാറശ്ശാല: കൊട്ടിയത്ത് വീട്ടില്‍നിന്ന് പതിന്നാലുകാരനെ തിങ്കളാഴ്ച വൈകീട്ട് തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ആകെ ഒന്‍പതു പേരുള്ളതായി പോലീസ് കണ്ടൈത്തി. ഇവരില്‍ ഒരാളൊഴികെ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. മലയാളം സംസാരിക്കുന്ന ഒരാള്‍ മാത്രമാണ് സംഘത്തിലുണ്ടായിരുന്നെതന്നാണ് പോലീസിനു ലഭിച്ച സൂചന.
ദിവസങ്ങളുടെ നിരീക്ഷണത്തിനു ശേഷമാണ് ഇവര്‍ തിങ്കളാഴ്ച വൈകീട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘം മൂന്നു ദിവസം മുന്‌പേ കൊട്ടിയത്തത് ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചിരുന്നതായി വ്യക്തമായി. പിടിയിലായ മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെ ചോദ്യംചെയ്തപ്പോഴാണ് പോലീസിന് സംഘത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
കൊട്ടിയത്തു താമസിച്ച് വീട്ടുകാരുടെ നീക്കങ്ങള്‍ ഇവരെ പിന്തുടര്‍ന്നു വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങളിലായി പല തവണ ഇവര്‍ കാറില്‍ ഈ റോഡില്‍ കറങ്ങിനടന്നിരുന്നു.
കാറില്‍വച്ച് നിര്‍ബന്ധിച്ച് ഗുളികകള്‍ നല്‍കി ബോധംകെടുത്തിയതായി ആഷിക്ക് പറഞ്ഞതായി അമ്മ പറയുന്നു. പിടിയിലായ ബിജുവും മറ്റൊരാളും തിങ്കളാഴ്ച വീടിന്റെ ഗേറ്റിലെത്തി പരിസരം നിരീക്ഷിക്കുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പോലീസിനു കിട്ടി. ആഷിക്കിനെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള കാരണമെന്തെന്ന് പോലീസിന് ഇതേവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Also Read
കോഴിവിള ചെക്പോസ്റ്റില്‍ വച്ച് പിടിയിലായ ബിജു, താന്‍ ആയിരം രൂപ കൂലിക്കായിട്ടാണ് എത്തിയതെന്നും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അറിയില്ലായെന്നുമാണ് പോലീസിനോടു പറഞ്ഞിട്ടുളളത്. എന്നാല്‍, പോലീസ് ഈ മൊഴി മുഖവിലയ്‌ക്കെടുക്കുന്നില്ല.
പഴുതടച്ച പരിശോധന പദ്ധതി പോലീസ് പൊളിച്ചു
തിരുവനന്തപുരം: സംഭവമറിഞ്ഞതോടെ പോലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതിനാലാണ് രാത്രിയോടെ കുട്ടിയെ കണ്ടെത്താനായത്. രക്ഷിതാക്കളുടെ പരാതിയില്‍ കൊട്ടിയം പോലീസ് െേകസടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വീട്ടിലെത്തിയവര്‍ തമിഴ് കലര്‍ന്ന മലയാളമാണ് സംസാരിച്ചതെന്ന് ആഷിക്കിന്റെ സഹോദരി പറഞ്ഞത് പോലീസിനു സഹായകമായി. തിരുവനന്തപുരം ജില്ലയിലും പ്രത്യേക പരിശോധന ആരംഭിച്ചിരുന്നു.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് സി.സി. ടി.വി.യിലൂടെ തിരിച്ചറിഞ്ഞ് തമിഴ്നാട് കാറിനായി പരിശോധന പോലീസ് ശക്തമാക്കി. വാഹനപരിശോധന നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ചെറിയ റോഡുകള്‍ വഴിയാണ് സംഘം സഞ്ചരിച്ചത്. സംസ്ഥാന അതിര്‍ത്തിയിലെ ചെറിയ ചെക്പോസ്റ്റായ കോഴിവിള വഴി തമിഴ്നാട്ടിലേക്കു കടക്കാനാണ് ഇവര്‍ ശ്രമിച്ചത്. രാത്രി പത്തരയോടെ തമിഴ്നാട് രജിസ്ട്രേഷന്‍ കാര്‍ ശ്രദ്ധയില്‍പ്പെട്ട പൂവാര്‍ സി.ഐ. പ്രവീണ്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ചു കടന്നുകളഞ്ഞു. പിന്നീട് പട്ട്യക്കാലയ്ക്കു സമീപത്ത് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അതിര്‍ത്തിപ്രദേശത്ത് പ്രത്യേക പരിശോധന ആരംഭിച്ചു.
പട്ട്യക്കാലയില്‍ വാഹനമുപേക്ഷിച്ച സംഘം പലതായി പിരിയുകയും രണ്ടുപേര്‍ ആഷിക്കിനെക്കൊണ്ട് മറ്റൊരു റോഡിലെത്തി തമിഴ്നാട്ടിലേക്കെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയായിരുന്നു. താന്‍ വാടകഗുണ്ടയാണെന്നും സംഘത്തിലെ മറ്റംഗങ്ങളെയും അവരുടെ ഉദ്ദേശ്യവും അറിയില്ലെന്നുമാണ് പാറശ്ശാല പോലീസിനോട് ബിജു പറഞ്ഞത്.
ഓട്ടോറിക്ഷയില്‍നിന്ന് ഇറങ്ങിയോടിയ വ്യക്തി ഒരു ഡോക്ടറാണെന്നു മാത്രം ബിജു പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പോലീസ് ഇരുവരെയും കൊട്ടിയം പോലീസിനു കൈമാറി.
പാറശ്ശാല സി.ഐ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ഐ. യാക്കൂബ്, ഷാജി, സി.പി.ഒ. രജീഷ്, ജോബിന്‍ കൃഷ്ണ, ഹരീഷ്, സജി, സാജന്‍, ഡിപു എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.
പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോയത് മണിക്കൂറുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍
കൊട്ടിയം: കണ്ണനല്ലൂര്‍ വാലിമുക്കിനുസമീപം വീട്ടില്‍ അതിക്രമിച്ചുകയറി പതിന്നാലുകാരനെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയത് ഒരു പകല്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍.
തിങ്കളാഴ്ച രാവിലെമുതല്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാര്‍ വീടിനുസമീപം ഓടുന്നത് പലതവണ നാട്ടുകാര്‍ കണ്ടിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയും വൈകീട്ട് പുറത്തേക്കുപോയ സമയത്താണ് അക്രമിസംഘം വീട്ടിനുള്ളില്‍ കയറി ബലംപ്രയോഗിച്ച് കുട്ടിയെ പിടികൂടി കാറില്‍ക്കയറ്റി കടന്നുകളഞ്ഞത്.
തടയാന്‍ ശ്രമിച്ച സഹോദരിയെയും ബഹളംകേട്ട് ഓടിയെത്തിയ അയല്‍വാസികളായ വയോധികരെയും അടിച്ചുവീഴ്ത്തിയശേഷമാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിനുസമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചപ്പോഴാണ് രാവിലെ പരിസരവാസികള്‍ കണ്ട കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞത്.
സമഗ്രമായ അന്വേഷണം നടത്തണമെന്ന് രക്ഷിതാക്കള്‍
കൊട്ടിയം: കേസില്‍ മാര്‍ത്താണ്ഡം സ്വദേശി ബിജു അറസ്റ്റിലായെങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ്. തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അവയവ മാഫിയയാണോ തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. പിടിയിലായ ബിജു ഒരു ഡോക്ടറും ഫിസിയോ തെറാപ്പിസ്റ്റും തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി സൂചിപ്പിച്ചിട്ടുള്ളതായാണ് വിവരം. സംഘത്തിലുണ്ടായിരുന്ന കൂടുതല്‍പ്പേരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് അച്ഛന്‍ ആസാദും അമ്മ ഷീജയും പറയുന്നു. 'ആരുമായും ശത്രുതയോ സാമ്പത്തിക ഇടപാടുകളോ ഇല്ല. ഞാന്‍ ഒരു പിക്കപ്പ് വാന്‍ ഡ്രൈവറാണ്. ഇതില്‍നിന്നുകിട്ടുന്ന വരുമാനമാണ് കുടുംബം പുലര്‍ത്തുന്നതിനാശ്രയം. മകനും മറ്റ് ദുശ്ശീലങ്ങളൊന്നുമില്ല. അവനും ശത്രുക്കളാരുമില്ല'-അച്ഛന്‍ പറയുന്നു.
കുട്ടിയെ വീട്ടില്‍ക്കയറി തട്ടിക്കൊണ്ടുപോയതിന്റെ ഭീതിയിലാണ് നാട്. രാത്രി വൈകി കുട്ടിയെ കണ്ടെത്തിയെന്നും സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായെന്നും ഉള്ള വിവരമറിഞ്ഞപ്പോഴാണ് ആശങ്കയൊഴിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ കൊട്ടിയം പോലീസ് സ്റ്റേഷനിലെത്തിച്ച കുട്ടിയെ നിയമനടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു. പിന്നീട് കുട്ടിയെയും സഹോദരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: kollam kottiyam kidnap case police suspects organ mafia involvement too


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..