സുചിത്ര പിള്ള, പ്രതി പ്രശാന്ത് നമ്പ്യാർ വിധികേട്ട ശേഷം പുറത്തേക്കുവരുന്നു
കൊല്ലം: ബ്യൂട്ടീഷ്യനായ യുവതിയെ കൊല്ലത്തുനിന്ന് പാലക്കാട്ടേക്ക് കൂട്ടിക്കൊണ്ടുപോയി കൊന്നശേഷം മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ട കേസില്‍ കോഴിക്കോട് വടകര തൊടുവയല്‍ വീട്ടില്‍ പ്രശാന്ത് നമ്പ്യാര്‍ക്ക് (35) ജീവപര്യന്തം തടവുശിക്ഷ. തൃക്കോവില്‍വട്ടം നടുവിലക്കര ശ്രീനിലയത്തില്‍ സുചിത്ര പിള്ള(42)യെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി റോയ് വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. 302-ാം വകുപ്പുപ്രകാരം ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 14 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2020 മാര്‍ച്ച് 20-നാണ് കേസിനാസ്പദമായ സംഭവം. പ്രശാന്ത് നമ്പ്യാരുടെ ഭാര്യ യുവതിയുടെ കുടുംബസുഹൃത്തായിരുന്നു. ഫോണിലൂടെ ബന്ധപ്പെട്ട് പ്രതി യുവതിയില്‍നിന്നു രണ്ടരലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വിവാഹമോചിതയായ യുവതി പ്രതിയില്‍നിന്നു കൃത്രിമ ബീജസങ്കലനത്തിലൂടെ ഒരു കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടു. ഇത് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന് കരുതിയ പ്രതി യുവതിയെ തന്ത്രപൂര്‍വം പാലക്കാട് മണലിയിലുള്ള തന്റെ വാടകവീട്ടില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2020 മാര്‍ച്ച് 17-ന് കോലഞ്ചേരിയില്‍ ഒരു പരിശീലനത്തിനു പോകുന്നു എന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ യുവതി മാര്‍ച്ച് 20-നാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. 22-ന് തിരികെവരുമെന്ന് പറഞ്ഞ യുവതിയെ കാണാതായതോടെ മാതാപിതാക്കളുടെ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്തു.
അന്വേഷണത്തില്‍ പാലക്കാട് മണലിയിലാണ് യുവതിയുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചതെന്നു കണ്ടെത്തി. പ്രശാന്ത് നമ്പ്യാരും യുവതിയും തമ്മില്‍ നിരന്തരമായ ടെലിഫോണ്‍ ബന്ധം ഉണ്ടെന്നും കണ്ടെത്തി. എന്നാല്‍ പ്രതി പലതരത്തിലുള്ള കഥകള്‍ പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിച്ചു.
കൊല്ലം എ.സി.പി. ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയും മരിച്ച യുവതിയും തമ്മിലുള്ള ചാറ്റുകള്‍ വീണ്ടെടുത്തു. തുടര്‍ന്ന് പ്രതിയുടെ മൊഴിപ്രകാരം വാടകവീടിനോടു ചേര്‍ന്ന ചതുപ്പുനിലത്തില്‍ കുഴിച്ചിട്ട യുവതിയുടെ മൃതദേഹവും സ്വര്‍ണാഭരണങ്ങളും മേക്കപ്പ് സാധനങ്ങളും മറ്റും കണ്ടെടുത്തു.
സാഹചര്യത്തെളിവുകള്‍ മാത്രം ആസ്പദമാക്കിയാണ് കേസില്‍ കുറ്റപത്രം ഹാജരാക്കിയത്. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സുചിത്ര പിള്ളയുമായുള്ള ചാറ്റുകളും പ്രതി ഇല്ലാതാക്കിയിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ, പ്രതി നശിപ്പിച്ച ഫോണ്‍ ഉപയോഗിച്ച് യുവതി നടത്തിയ ചാറ്റുകള്‍ വീണ്ടെടുക്കാനായതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
എ.സി.പി. ബി.ഗോപകുമാര്‍ കുറ്റപത്രം നല്‍കിയ കേസില്‍ എസ്.ഐ.മാരായ വി.അനില്‍കുമാര്‍, സി.അമല്‍ എന്നിവരും എസ്.സുനില്‍കുമാര്‍, രാജീവ്, സൈബര്‍ പോലീസ് ഉദ്യോഗസ്ഥരായ എ.നിയാസ്, പ്രതാപ്, ജിജു എന്നിവരുമാണ് പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് ഹാജരായി.
അവിശ്വസനീയമായ തിരോധാനം: പിന്നീട് കൊലപാതക വാര്‍ത്ത
കൊട്ടിയം : നാട്ടുകാര്‍ക്കും ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും തികച്ചും അവിശ്വസനീയമായിരുന്നു ബ്യൂട്ടീഷ്യന്‍ പരിശീലകയായിരുന്ന സുചിത്ര പിള്ളയുടെ തിരോധാനം. ദിവസങ്ങള്‍ക്കുശേഷം പോലീസ് കണ്ടെത്തിയ നിഷ്ഠൂരമായ കൊലപാതകമാകട്ടെ അതിലേറെ അപ്രതീക്ഷിതവും.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന പരിശീലകയും കൊല്ലത്തെ പ്രശസ്തമായ ബ്യൂട്ടി പാര്‍ലറിന്റെ മാനേജരുമായിരുന്നു സുചിത്ര പിള്ള. മുംബൈയടക്കമുള്ള ഇതരസംസ്ഥാനങ്ങളിലെ കോസ്‌മെറ്റിക് കമ്പനികളില്‍ മീറ്റിങ്ങുകള്‍ക്ക് സ്ഥാപനത്തെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്നതും സുചിത്ര പിള്ളയായിരുന്നു. സ്ഥാപനത്തിലാകട്ടെ നൂറോളം വരുന്ന ജീവനക്കാരെ നയിച്ചിരുന്നതും ഇവരായിരുന്നു. അതുകൊണ്ടുതന്നെ സ്ഥാപനത്തിന്റെ വിശ്വസ്തയായിരുന്നു. സ്ഥാപനത്തിന്റെ ട്രെയിനിങ്ങിനായി പോകണമെന്ന് അച്ഛനെയും അമ്മയെയും പറഞ്ഞ് വിശ്വസിപ്പിക്കുന്നതിനും ഇവര്‍ക്കായി. സ്ഥാപനത്തിലാകട്ടെ, ഭര്‍ത്താവിന്റെ മാതാവിനെ ശുശ്രൂഷിക്കാന്‍ പോകുന്നതിന് അഞ്ചുദിവസത്തിലേറെ അവധിവേണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പുറപ്പെട്ടത്. സ്ഥാപനത്തിന്റെ ഉടമകള്‍ക്കും അവിശ്വസിക്കാന്‍ കാരണമൊന്നുമില്ലാത്തതിനാല്‍ അവധിയും നല്‍കി.
അവധിയെടുത്ത ദിവസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങിയെത്താതായതോടെയാണ് സ്ഥാപനത്തില്‍നിന്ന് അന്വേഷണം വീട്ടിലേക്ക് എത്തുന്നത്. അപ്പോഴാണ് സ്ഥാപനത്തിന്റെ ആവശ്യത്തിനായല്ല സുചിത്ര പിള്ള പുറപ്പെട്ടതെന്ന് വീട്ടുകാരും അറിയുന്നത്. ഫോണില്‍ അച്ഛനും അമ്മയുമായി ദിവസേന ഇവര്‍ സംസാരിച്ചിരുന്നു. പെട്ടെന്ന് ഫോണ്‍വിളിയും നിലച്ചു. ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതായതോടെയാണ് രക്ഷിതാക്കള്‍ കൊട്ടിയം പോലീസിനെ പരാതിയുമായി സമീപിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് പാലക്കാട് സ്വദേശി പ്രശാന്ത് നമ്പ്യാരോടൊപ്പമാണ് കൊല്ലത്തുനിന്നു പോയിട്ടുള്ളതെന്ന് കണ്ടെത്തി. ഇയാളെ രണ്ടുപ്രാവശ്യം വിളിച്ചുവരുത്തി ചോദ്യംചെയ്‌തെങ്കിലും പോലീസിനെ സമര്‍ഥമായി കബളിപ്പിക്കാനായി. പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനാല്‍ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അസിസ്റ്റന്റ് കമ്മിഷണര്‍ ഗോപകുമാറിനായിരുന്നു അന്വേഷണച്ചുമതല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി മൃതദേഹം കണ്ടെത്തി, പ്രതിയെ പിടികൂടി. സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് റിവാര്‍ഡ് നല്‍കി ആദരിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്, അന്വേഷണ സംഘം മേധാവി എ.സി.പി. ബി.ഗോപകുമാര്‍
അന്വേഷണസംഘത്തിനും പ്രോസിക്യൂട്ടര്‍ക്കും കോടതിയുടെ അഭിനന്ദനം
:സുചിത്ര പിള്ള വധക്കേസില്‍ സാധ്യമായ പരമാവധി തെളിവുകള്‍ സമാഹരിച്ച് കോടതിയില്‍ ഹാജരാക്കിയ അന്വേഷണ സംഘത്തലവന്‍ ചാത്തന്നൂര്‍ എ.സി.പി. ബി.ഗോപകുമാറിനെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിനെയും കോടതി പ്രത്യേകം അഭിനന്ദിച്ചു. കോവിഡ് കാലമായിട്ടും പ്രതി തെളിവുകളെല്ലാം നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും ആവശ്യമായ തെളിവുകള്‍ കണ്ടെത്താനും സമര്‍പ്പിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെളിഞ്ഞതായും എടുത്തുപറഞ്ഞു.
കറുത്ത വസ്ത്രമണിഞ്ഞ് കോടതിമുറിയില്‍
ബ്യൂട്ടീഷ്യന്‍ സുചിത്ര പിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രശാന്തിന് കറുത്ത വസ്ത്രങ്ങളോടുള്ള പ്രിയം വിധി പ്രസ്താവന ദിവസവും തുടര്‍ന്നു. കറുത്തമുണ്ടും കരിനീല ഷര്‍ട്ടുമണിഞ്ഞാണ് ഇയാള്‍ തിങ്കളാഴ്ച കോടതിയിലെത്തിയത്. 11-ന് കോടതിമുറിയിലെത്തിയതും ഇതേ വേഷത്തിലായിരുന്നു.
കറുത്ത വസ്ത്രങ്ങളിട്ടു വരണം, ആരും കാണാതെ വീട്ടിനുള്ളില്‍ കയറാന്‍ അതാണ് നല്ലത് '-പ്രശാന്ത് വാട്‌സാപ്പ് ചാറ്റില്‍ സുചിത്ര പിള്ളയോട് പറഞ്ഞതിങ്ങനെയായിരുന്നു. പ്രശാന്തിനൊപ്പം പാലക്കാട്ടേക്ക് പോകാനായി വീട്ടില്‍നിന്നിറങ്ങിയ സുചിത്ര കറുത്ത വസ്ത്രങ്ങളായിരുന്നു അണിഞ്ഞത്.
നശിപ്പിച്ച ഫോണിലെ വാട്‌സാപ്പ് ചാറ്റ് വീണ്ടെടുത്തത് നിര്‍ണായകമായി
ബ്യൂട്ടീഷ്യന്‍ സുചിത്ര പിള്ളയെ കൊലപ്പെടുത്തിയശേഷം പ്രതി നശിപ്പിച്ചുകളഞ്ഞ അവരുടെ ഫോണിലെ വാട്‌സാപ്പ് ചാറ്റുകള്‍ വീണ്ടെടുത്തത് അന്വേഷണത്തില്‍ നിര്‍ണായകമായി. സുചിത്ര പിള്ള ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് അവരുടെ പിതൃസഹോദരിയുടെ മകന്റെപേരില്‍ ഉള്ളതായിരുന്നു. ഈ യുവാവിനെക്കൊണ്ട് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡിന് പോലീസ് അപേക്ഷ നല്‍കി. പുതിയ ഫോണ്‍ വാങ്ങി ഈ സിം കാര്‍ഡ് ഉപയോഗിച്ച് സുചിത്രയുടെ വാട്‌സാപ്പ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വീണ്ടും തുറന്നു.
സുചിത്രയുടെ പഴയ വാട്‌സാപ്പ്, മെസഞ്ചര്‍ ചാറ്റുകള്‍ വീണ്ടെടുത്തതോടെ പ്രശാന്തുമായുള്ള അടുപ്പം ബോധ്യമായി. ഇയാള്‍ക്ക് സുചിത്ര പിള്ള 2.56 ലക്ഷം രൂപ നല്‍കിയതിന്റെ തെളിവും പോലീസിന് ലഭിച്ചു. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഈ പണം കണ്ടെടുക്കുക കൂടി ചെയ്തതോടെ പ്രശാന്ത് കുറ്റസമ്മതത്തിന് തയ്യാറായി. പ്രശാന്തിന്റെ ഇ-മെയില്‍ വിലാസം പലതവണ മാറ്റിയതായി പോലീസ് സൈബര്‍ വിദഗ്ധരായ എസ്.ഐ. അനില്‍കുമാര്‍, നിയാസ് എന്നിവര്‍ കണ്ടെത്തി. കൊലപാതകത്തിനുശേഷമാണ് ഇ-മെയില്‍ വിലാസം പലതവണ മാറ്റിയത്. ഇയാളുടെ 'ഇന്റര്‍നെറ്റ് തിരയലുകളു'ടെ വിവരങ്ങള്‍ മായ്ച്ചുകളഞ്ഞിരുന്നു. ഇത് വീണ്ടെടുത്തപ്പോള്‍, ഒരു ആത്മീയനേതാവ് ഭാര്യയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിധം, കൃത്രിമ ബീജസങ്കലനത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിവ തുടര്‍ച്ചയായി പ്രതി തിരഞ്ഞതായി കണ്ടെത്തി. ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ അയച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ദീപ സൈബര്‍ പരിശോധന നടത്തി മുഴുവന്‍ വിവരങ്ങളും വീണ്ടെടുത്തു. പ്രതി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ചാറ്റുകള്‍ പോലീസ് കണ്ടെത്തി. കറുത്തവസ്ത്രം ധരിച്ചുവരണമെന്നും ആരും കാണാതെ വാടകവീട്ടിനുള്ളില്‍ കയറുന്നതിന് അതാണ് നല്ലതെന്നും സുചിത്രയോട് പ്രശാന്ത് ചാറ്റില്‍ പറഞ്ഞിരുന്നു. യുവതി കറുത്തവസ്ത്രങ്ങള്‍ അണിഞ്ഞാണ് അവസാനമായി വീട്ടില്‍നിന്നു പോയത്. ഇതും തെളിവായി. ഈ വിവരങ്ങള്‍ നിരത്തി ചോദ്യംചെയ്തപ്പോള്‍ പ്രതി പൂര്‍ണമായ കുറ്റസമ്മതത്തിലേക്ക് എത്തുകയായിരുന്നു. കോവിഡ് കാലമായതിനാല്‍ 40 ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. എസ്.ഐ. വി.അനില്‍കുമാര്‍
നന്ദിപറയാന്‍ എസ്.ഐ.യുടെ വീട്ടിലേക്ക്
ബ്യൂട്ടീഷ്യന്‍ സുചിത്ര പിള്ള കൊലക്കേസില്‍ പ്രതി പ്രശാന്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചതിനു പിന്നാലെ സുചിത്രയുടെ പിതാവ് ശിവദാസന്‍ പിള്ളയും പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജും പോയത് എസ്.ഐ. വി.അനില്‍കുമാറിന്റെ വീട്ടിലേക്ക്. ബൈക്കപകടത്തില്‍ പരിക്കേറ്റ് വെങ്കേക്കരയിലെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന അനില്‍കുമാറിനെ ഇരുവരും നന്ദിയറിയിച്ചു. എ.സി.പി. ഗോപകുമാര്‍ തലവനായ അന്വേഷണസംഘത്തിന്റെ ഭാഗമായ, അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സൈബര്‍ വിദഗ്ധസംഘമാണ് നിര്‍ണായകമായ തെളിവുകള്‍ ശേഖരിച്ചത്. ഏപ്രില്‍ 30-ന് കൊല്ലം ബൈപ്പാസിലുണ്ടായ ബൈക്കപകടത്തില്‍ അനിലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Content Highlights: kollam kottiyam-beautician murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..