ബോംബ് ഭീഷണിയും അശ്ലീലക്കത്തും അമ്മയുടെയും മകന്റെയും ആനന്ദം; അയല്‍വീട്ടുകാര്‍ വെന്റിലേഷന്‍ വരെ അടച്ചു


പലര്‍ക്കായി അയയ്ക്കാന്‍ വെച്ചിരുന്ന അന്‍പതോളം ഭീഷണിക്കത്തുകളും അശ്ലീല കത്തുകളും ഏഴ് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും പോലീസ് കണ്ടെത്തി.

സാജൻ ക്രിസ്റ്റഫർ, കൊച്ചുത്രേസ്യ

കൊല്ലം: കളക്ടറേറ്റില്‍ ബോംബ് വെച്ചതായി ഭീഷണിക്കത്തെഴുതിയ കേസില്‍ പിടിയിലായ യുവാവിന്റെ അമ്മയും അറസ്റ്റില്‍. കൊല്ലം മതിലില്‍ പുത്തന്‍പുര സാജന്‍ വില്ലയില്‍ കൊച്ചുത്രേസ്യ (62) ആണ് അറസ്റ്റിലായത്. ഇവരുടെ മകന്‍ സാജന്‍ ക്രിസ്റ്റഫറി(34)നെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.

വര്‍ഷങ്ങളായി കൊല്ലം കോടതിയിലും കളക്ടറേറ്റിലുമായി വരുന്ന വ്യാജ ബോംബ് ഭീഷണിക്കത്തുകളുടെ സൂത്രധാരന്‍ സാജന്‍ ക്രിസ്റ്റഫറാണെന്ന് പോലീസ് പറഞ്ഞു. പലര്‍ക്കായി അയയ്ക്കാന്‍ വെച്ചിരുന്ന അന്‍പതോളം ഭീഷണിക്കത്തുകളും അശ്ലീല കത്തുകളും ഏഴ് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും പോലീസ് കണ്ടെത്തി. മറ്റുള്ളവരെ കബളിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്തുകയായിരുന്നു അമ്മയുടെയും മകന്റെയും രീതിയെന്നും അതിനായാണ് ഭീഷണിക്കത്തുകള്‍ അയച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

കളക്ടറേറ്റിലേക്ക് ഭീഷണിക്കത്തയച്ചത് കൊച്ചുത്രേസ്യയുടെ പേരിലാണ്. സംഭവത്തിനുശേഷം കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് അന്വേഷണം ആവഴിക്ക് തിരിച്ചുവിടുകയായിരുന്നു. കൊച്ചുത്രേസ്യയുടെ ഫോണില്‍നിന്ന് കളക്ടര്‍ക്കും ജഡ്ജിക്കും അയച്ചിരുന്ന കത്തുകളുടെ ഫോട്ടോകളും കണ്ടെടുത്തു.

2014-ല്‍ സാജനും സുഹൃത്തും ചേര്‍ന്ന് സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി അശ്ലീലചിത്രങ്ങളും മെസേജുകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിചാരണ നടന്നുവരികയാണ്. ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വരാറുള്ള സാജന്‍ ക്രിസ്റ്റഫര്‍ കോടതിക്കും ജില്ലാ ജഡ്ജിക്കും കളക്ടര്‍ക്കും അശ്ലീല കത്തുകളും വ്യാജ ഭീഷണിക്കത്തുകളും അയച്ചുകൊണ്ടിരുന്നു. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാകാനിരിക്കെയാണ് തുടര്‍ന്നും ഇത്തരത്തിലുള്ള വ്യാജ കത്തുകളും ഭീഷണിക്കത്തുകളും ജെ.പി.എന്ന ചുരുക്കപ്പേരില്‍ അയച്ചുകൊണ്ടിരുന്നത്. കളക്ടറേറ്റ് ബോംബ് ഭീഷണിക്കേസില്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു സാജന്‍ ക്രിസ്റ്റഫര്‍. കോടതിയുടെ അനുമതിയോടെയാണ് പോലീസ് കഴിഞ്ഞദിവസം ഇയാളുടെ വീട് പരിശോധിച്ചത്.

എ.സി.പി. അഭിലാഷിന്റെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സി.ഐ. ഷെഫീഖ്, കണ്‍ട്രോള്‍ റൂം സി.ഐ. ജോസ്, എസ്.ഐ. അനീഷ്, ദീപു, ജ്യോതിഷ്‌കുമാര്‍, ഷെമീര്‍, ബിനു, ജലജ, രമ, ബിന്ദു, സുമ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏതു കൈയക്ഷരവും പഠിച്ചെടുക്കും

കൊല്ലം: കളക്ടറേറ്റില്‍ ബോംബ് വെച്ചതായി ഭീഷണിക്കത്തെഴുതിയ കേസില്‍ പിടിയിലായ സാജന്‍ 2016-ല്‍ കളക്ടറേറ്റില്‍വെച്ചു കണ്ട ജിന്‍സന്റെ വിലാസവും കൈയക്ഷരവും ഉപയോഗിച്ചാണ് എഴുതിയത്. സാജനും കൊച്ചുത്രേസ്യയും കളക്ടറേറ്റില്‍ എത്തിയപ്പോഴാണ് ജിന്‍സനെ കാണുന്നത്. കളക്ടര്‍ക്ക് പരാതി നല്‍കാന്‍ വന്നതാണെന്നും എഴുതാനറിയില്ലെന്നും ജിന്‍സനോട് പറഞ്ഞു. കളക്ടര്‍ക്ക് നല്‍കാനുള്ള പരാതി ജിന്‍സനെക്കൊണ്ട് എഴുതിവാങ്ങി. ജിന്‍സന്റെ വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് ആര്‍.ടി.ഒ. സൈറ്റില്‍നിന്ന് ജിന്‍സന്റെ വിവരങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് ജിന്‍സന്‍ എഴുതിനല്‍കിയ പരാതി പകര്‍ത്തിയെഴുതി പഠിക്കുകയായിരുന്നു.

ഈ കൈയക്ഷരത്തില്‍ കോടതിക്കും കളക്ടര്‍ക്കും സ്വന്തം വിലാസത്തിലും ഭീഷണിക്കത്തുകള്‍ അയച്ചുകൊണ്ടിരുന്നു. സാജന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനുള്ള കത്തില്‍ ജിന്‍സന്റെ വാഹന നമ്പറാണുള്ളത്. ഇതു കണ്ടെത്തിയ പോലീസ് ജിന്‍സനെ ചോദ്യംചെയ്തതില്‍നിന്നാണ് 2016-ല്‍ പ്രതികളെ കണ്ടിരുന്നെന്ന കാര്യം പറഞ്ഞത്.

ഓണ്‍ലൈന്‍ ഫോണ്ടുകള്‍വരെ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പകര്‍ത്തിയെഴുതി കൈയക്ഷരം പഠിച്ചെടുക്കും. കൈവശമുള്ള ടാബില്‍ മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്തുവെച്ചിട്ടുണ്ട്. കൈയക്ഷരം തിരിച്ചറിയാതിരിക്കാന്‍വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. 2014-ല്‍ നടന്ന കേസിന്റെ വിചാരണയില്‍ താനല്ല ആ കുറ്റം ചെയ്തതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

കളക്ടറേറ്റിലെ പരിഭ്രാന്തി ആസ്വദിക്കാനും എത്തി

കളക്ടറേറ്റില്‍ വ്യാജ ബോംബ് ഭീഷണിക്കത്ത് അയച്ചശേഷം പോലീസും ബോംബ് സ്‌ക്വാഡും മറ്റും പരിശോധന നടത്തുമ്പോള്‍ അത് കാണാനായി സാജന്‍ എത്തിയിരുന്നു. കളക്ടറേറ്റില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതും പോലീസ് വിവിധ സ്ഥലങ്ങളില്‍ പരിശോധിക്കുന്നതും കണ്ട് ആസ്വദിച്ചു.

ഭീഷണിക്കത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ പോലീസ് വിളിച്ചപ്പോള്‍ 'എന്നെ എന്തിനാ എപ്പോഴും ഇങ്ങനെ വിളിച്ചു ശല്യപ്പെടുത്തുന്നതെന്ന്' കൊച്ചുത്രേസ്യ മറുപടി പറഞ്ഞു. ഇതിനുശേഷം അന്ന് വൈകീട്ടുതന്നെ അമ്മയും മകനും വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി, തങ്ങള്‍ നേരത്തേ നല്‍കിയിട്ടുള്ള കേസിന്റെ കാര്യം എന്തായെന്നു തിരക്കി.

2018-ലാണ് ഈ കേസ് കൊടുത്തത്. കൊല്ലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് ഒരു കേസില്‍ ഹാജരാകണമെന്ന് കൊച്ചുത്രേസ്യക്ക് കിട്ടിയ നോട്ടീസുമായി ഇവര്‍ കോടതിയിലെത്തി. കുറേനേരം കാത്തുനിന്നശേഷം വിളിക്കുന്നില്ലെന്ന് കോടതി ജീവനക്കാരോട് പരാതിപ്പെട്ടു. അവര്‍ പരിശോധിച്ചശേഷം ഇങ്ങനെയൊരു നോട്ടീസ് അയച്ചിട്ടില്ലെന്ന് പറഞ്ഞു.

തുടര്‍ന്ന് അമ്മയും മകനും കൂടി വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി ആരോ വ്യാജ നോട്ടീസ് നല്‍കി കബളിപ്പിച്ചെന്ന് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യംചെയ്തപ്പോള്‍ അമ്മയുടെ അറിവോടെ താനാണ് ഈ നോട്ടീസ് തയ്യാറാക്കിയതെന്ന് സാജന്‍ പോലീസിനോട് സമ്മതിച്ചു.

നാട്ടിലും ശല്യക്കാരന്‍

സാജന്‍ പത്താംക്ലാസ്വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ജോലിയൊന്നും ചെയ്യുന്നില്ല. കൊച്ചുത്രേസ്യ സ്‌കൂളില്‍നിന്നു വിരമിച്ച ജീവനക്കാരിയാണ്. ഇവരുടെ പെന്‍ഷനാണ് വരുമാനം. കൊച്ചുത്രേസ്യയാണ് കത്തുകള്‍ അയയ്ക്കുന്നതിനുള്ള കവറും സ്റ്റാമ്പും വാങ്ങിക്കൊണ്ടുവരുന്നത്.

സാജന്റെ സഹോദരന്‍ ജോലിക്ക് പോകുന്നുണ്ട്. അയാള്‍ക്ക് ഈ കാര്യങ്ങളില്‍ പങ്കില്ലെന്നാണ് പോലീസ് പറഞ്ഞത്. അയല്‍വീടുകളില്‍ ശല്യമുണ്ടാക്കുന്നത് സാജന്റെ പതിവാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

മൊബൈല്‍ ക്യാമറ ഉപയോഗിച്ച് അയല്‍വീടുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാണ്. ഇതുമൂലം പലവീടുകളിലും വെന്റിലേഷനുകള്‍ അടച്ചുവെച്ചിരിക്കുകയാണ്. 2016-ല്‍ തുയ്യം വേളാങ്കണ്ണി പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബോംബ് വെച്ചിരിക്കുന്നു എന്ന വ്യാജ സന്ദേശം അയച്ചതും താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

അന്ന് വികാരിയായിരുന്നയാളോടുള്ള വിരോധമാണ് ഇപ്രകാരം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രതി പറയുന്നു. ഈ കേസ് നിലവില്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ അന്വേഷണത്തിലാണ്.

Content Highlights: kollam collectorate bomb threat case mother and son arrested

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented