പിടിയിലായ ഷാജൻ ക്രിസ്റ്റഫറുമായി പോലീസ്
കൊല്ലം: സിവില്‍ സ്റ്റേഷനില്‍ ബോംബ് വെച്ചതായി ഭീഷണിക്കത്തെഴുതിയ കേസിലെ പ്രതി പോലീസ് പിടിയില്‍. കൊല്ലം മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫറാ(37)ണ് പിടിയിലായത്. കത്തിലെ കൈയക്ഷരം പ്രതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ വീട്ടില്‍നിന്ന് നേരത്തേ എഴുതിയ ഭീഷണിക്കത്തുകളും ഇനി അയയ്ക്കാന്‍വെച്ചിരുന്ന ചില കത്തുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
2014-ല്‍ വേളാങ്കണ്ണി പള്ളിക്ക് ബോംബ് െവച്ചിട്ടുണ്ടെന്ന് സ്വന്തംപേരില്‍ ഇയാള്‍ ഭീഷണിക്കത്തെഴുതിയിരുന്നു. കത്തില്‍ സ്വന്തം പേരുതന്നെ വെച്ചതുകൊണ്ട് അന്ന് പോലീസ് സംശയിച്ചില്ല. കഴിഞ്ഞയാഴ്ച എഴുതിയ ഭീഷണിക്കത്ത് ഇയാളുടെ അമ്മയുടെ പേരിലായിരുന്നു. ഈ സംഭവത്തിനുശേഷം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ പോലീസ് അന്വേഷണം ആ വഴിക്ക് തിരിച്ചുവിടുകയായിരുന്നു.
വരാനിരിക്കുന്ന തീയതികള്‍വെച്ച് വേറെയും ഭീഷണിക്കത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. വിശദമായി ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും.
സിവില്‍ സ്റ്റേഷനിലെ ഏഴ് ഓഫീസുകളില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന ഭീഷണിക്കത്ത് ഫെബ്രുവരി മൂന്നിനാണ് കളക്ടറുടെ പേരില്‍ ലഭിച്ചത്. ഭീതിമൂലം കളക്ടറേറ്റിലെ ജീവനക്കാരടക്കം മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. 2016 ജൂണ്‍ 15-ന് ഇവിടെ സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ പോലീസ് ശക്തമായ പരിശോധനയാണ് നടത്തിയത്.
കത്ത് ലഭിക്കുന്നദിവസം ഉച്ചയ്ക്ക് 2.20-നും 2.28-നും ഇടയില്‍ കളക്ടറേറ്റിലെ ഏഴ് ഓഫീസുകളില്‍ സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എഴുതിയ ആളുടേതെന്നുപറഞ്ഞ് ഫോണ്‍ നമ്പരും സ്ത്രീയുടെ മേല്‍വിലാസവും ഉണ്ടായിരുന്നു. പരിശോധനയില്‍ 'നുണബോംബാ'ണെന്നു വ്യക്തമായതോടെ എ.സി.പി. എ.അഭിലാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. ഇതേ കൈയക്ഷരത്തില്‍ 2019 മുതല്‍ പലതവണ കത്തുകള്‍ വന്നിട്ടുണ്ട്.
Content Highlights: kollam collectorate bomb threat case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..