സിജോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ പ്രസിദ്ധീകരിച്ച വാർത്തയുടെ ചിത്രം
കൊല്ലം:കാറിനു കടന്നുപോകാന്‍ വഴികൊടുക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച കേസില്‍ ആറു പ്രതികളെ വെറുതെവിട്ടു. കൊല്ലം വടക്കുംഭാഗം ലേക്ക് ദര്‍ശന്‍ നഗര്‍ തുരുത്തില്‍ പുരയിടത്തില്‍ സെബാസ്റ്റ്യന്‍-ശാന്ത ദമ്പതിമാരുടെ മകന്‍ സിജോ സെബാസ്റ്റ്യ(23)നാണ് 2016 ഏപ്രില്‍ 15-ന് രാത്രി 10.30-ന് കുത്തേറ്റത്.
സിജോയുടെ സുഹൃത്തുക്കളായിരുന്ന ജോനകപ്പുറം കടപ്പുറം പുറമ്പോക്കില്‍ സനോഫര്‍, വടക്കുംഭാഗം പുതുവല്‍ പുരയിടത്തില്‍ ഡിറ്റു, മുണ്ടയ്ക്കല്‍ ലക്ഷ്മി നഗര്‍ ഷാന്‍ മന്‍സിലില്‍ ഷബിന്‍, ജോനകപ്പുറം വലിയപള്ളിക്കുസമീപം ജെ.ആര്‍.എ. പുത്തന്‍വീട്ടില്‍ ഇര്‍ഷാദ്, കച്ചേരി വാര്‍ഡില്‍ കോട്ടമുക്ക് കളരിപ്പുരയിടത്തില്‍ അജ്മല്‍, ജോനകപ്പുറം പള്ളിക്കുസമീപം ജെ.ആര്‍.എ. ലബ്ബയഴികം പുരയിടത്തില്‍ അലിമോന്‍ എന്നിവരെയാണ് കേസില്‍ വെറുതെവിട്ടത്.
പൂര്‍ണമായും സംശയാതീതമായും പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി പ്രസന്ന ഗോപന്‍ നിരീക്ഷിച്ചു.
ചാമക്കട സോഡിയാക്ക് ബിയര്‍ പാര്‍ലര്‍ വളപ്പിലായിരുന്നു കേസിനാസ്പദമായ സംഭവം. ബിയര്‍ പാര്‍ലര്‍ വളപ്പില്‍ സിജോയും സുഹൃത്ത് ജിജോയും സംസാരിച്ചുനില്‍ക്കുമ്പോള്‍ ഇവരുടെ നാല് സുഹൃത്തുക്കള്‍ കാറിലെത്തി.
കാര്‍ കടന്നുപോകുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കം വാക്കേറ്റത്തിലും കൈയേറ്റത്തിലുമെത്തിയപ്പോള്‍ സിജോ ഇടപെട്ടു. ഇതിനിടെ ഒന്നാംപ്രതി സനോഫര്‍ സിജോയെ കത്തികൊണ്ടു കുത്തിവീഴ്ത്തി.
തുടര്‍ന്ന് പ്രതികള്‍ വാഹനമുപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് കൊല്ലം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
ഗുരുതരമായി പരിക്കേറ്റ സിജോയെ ജിജോയും ബിയര്‍ പാര്‍ലറിലെ ജീവനക്കാരും ചേര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും അടുത്തദിവസം പുലര്‍ച്ചെയോടെ മരിച്ചു.
ഗള്‍ഫിലായിരുന്ന സിജോ സംഭവം നടക്കുന്നതിന് രണ്ടുമാസംമുമ്പാണ് ജോലി നഷ്ടമായി നാട്ടിലെത്തിയത്. പിന്നീട് അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുകയായിരുന്നു.
വിധികേട്ട് നിലവിളിച്ചുകൊണ്ട് കോടതിമുറിക്ക് പുറത്തേക്കു വന്ന സിജോയുടെ അമ്മ ശാന്ത കുഴഞ്ഞുവീണു. വനിതാ പോലീസ് എത്തി ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ മരുത്തടി എസ്.നവാസ്, ജി.വിമല്‍രാജ്, വിപിന്‍മോഹന്‍ ഉണ്ണിത്താന്‍, ഇ.ഷാനവാസ് ഖാന്‍, പാരിപ്പള്ളി ആര്‍.രവീന്ദ്രന്‍, ഓച്ചിറ എന്‍.അനില്‍കുമാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Content Highlights: kollam bar murder case verdict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..