കൊല്ലപ്പെട്ട റിൻസി, റിയാസ്
കൊടുങ്ങല്ലൂര്‍: മക്കളോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്കുഭാഗത്ത് ചെമ്പറമ്പ് പള്ളി കുറിഞ്ഞിപ്പുറം പാലത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന പുതിയവീട്ടില്‍ റിയാസി(30)നെയാണ് ശനിയാഴ്ച രാവിലെ ആള്‍ത്താമസമില്ലാത്ത വീടിനു സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ എറിയാട് കേരളവര്‍മ സ്കൂളിന് സമീപത്തെ സ്വന്തം വസ്ത്രവ്യാപാരസ്ഥാപനം പൂട്ടി മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മാങ്ങാരപറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സി(30)യെ റിയാസ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ റിന്‍സി വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ചു. അയല്‍വാസിയായ റിയാസ് ഇവരുടെ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ മുമ്പ് ജോലിക്കാരനായിരുന്നു.
സംഭവത്തിനുശേഷം റിയാസ് വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറി ബൈക്കും മൊബൈല്‍ ഫോണും വീട്ടില്ത്തന്നെവെച്ച് മറ്റൊരു വഴിയിലൂടെ സ്ഥലംവിടുകയായിരുന്നു. രാത്രി പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് പ്രദേശം മുഴുവന്‍ തിരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
റിയാസ് പ്രദേശം വിട്ടുപോകാനിടയില്ലെന്ന് മനസ്സിലാക്കിയ പോലീസ് റിന്‍സി മരിച്ചതോടെ ആള്‍ത്താമസമില്ലാത്ത വീടുകളിലേക്കും പറമ്പുകളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ്നായ റിയാസ് തൂങ്ങിമരിക്കാന്‍ ഉപയോഗിച്ച ഹോസ് എടുത്ത വീടിന്റെ സമീപംവരെയെത്തി തിരിച്ചുപോന്നിരുന്നു.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ചൈതന്യ നഗറിനോട് ചേര്‍ന്ന് ആള്‍ത്താമസമില്ലാത്ത ജീര്‍ണാവസ്ഥയിലുള്ള വീട് പരിശോധിക്കാനെത്തിയപ്പോഴാണ് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ റിയാസിനെ പോലീസ് കണ്ടെത്തിയത്.
കുറച്ചുകാലമായി റിന്‍സിയുടെ കുടുംബവുമായി അകല്‍ച്ചയിലായിരുന്നു റിയാസ്. ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് റിന്‍സി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
റിയാസ് ഒളിവില്‍ കഴിഞ്ഞത് വീടിനടുത്ത്
കൊടുങ്ങല്ലൂര്‍: ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്കി നടത്തിയ കൊലപാതകത്തിനുശേഷം ഒരു പകലും രണ്ട് രാത്രിയും റിയാസ് ഒളിവില്‍ കഴിഞ്ഞത് വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ മാത്രം അകലെ.
കൃത്യത്തിനുശേഷം വീട്ടിലെത്തി കുളിച്ച് ടീഷര്‍ട്ടും ബര്‍മൂഡയും ധരിച്ച് ഒന്നും സംഭവിക്കാത്തപോലെ ഇടവഴികളിലൂടെ ചൈതന്യനഗറിലെത്തി. ഇവിടെനിന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ കാടുപിടിച്ച പറമ്പില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് തങ്ങിയത്. അതേസമയം റിന്‍സിയുടെ മരണവുമായി ബന്ധപ്പെട്ട് റിയാസിനെ തേടി പോലീസും നാട്ടുകാരും ഈ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.
പോലീസ് നായയും ഇയാള്‍ ഒളിച്ചിരുന്നതായി പറയുന്ന വീടിന്റെ സമീപത്തുള്ള വീടുവരെയെത്തി തിരിച്ചുപോയി. ഈ വീട്ടില്‍നിന്ന് എടുത്ത ഹോസാണ് റിയാസ് തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചത്.
പോലീസ് പലസംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാത്രിമുതല്‍ റിയാസിനുവേണ്ടി അന്വേഷണം നടത്തിയിരുന്നു. പ്രദേശത്തെ ഒഴിഞ്ഞുകിടക്കുന്ന വീടുകളും നിര്‍മാണം നടക്കുന്ന വീടുകളും പരിശോധിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പോലീസ്സംഘമാണ് രാവിലെ എട്ടോടെ ഈ വീട്ടില്‍ എത്തിയത്. റിയാസിന്റെ മൃതദേഹം കണ്ടതിനെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്, എസ്.ഐ. കെ.എസ്. സൂരജ് എന്നിവരെത്തി മേല്‍നടപടി സ്വീകരിച്ചു.
റിന്‍സിയുടെ ശരീരത്തില്‍ 53 മുറിവുകള്‍
കൊടുങ്ങല്ലൂര്‍: വെട്ടേറ്റ് മരിച്ച റിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത് 53 മുറിവുകള്‍. ഇതില്‍ 32 മുറിവുകള്‍ ആഴമുള്ളവയായിരുന്നു.
കഴുത്തിലും തലയിലും കൈകളിലുമാണ് മുറിവുകളേറെയും. നാല് കൈവിരലുകള്‍ അറ്റുപോയി.
അയല്‍വാസിയും റിന്‍സിയുടെ വസ്ത്രവ്യാപാരസ്ഥാപനത്തിലെ മുന്‍ ജീവനക്കാരനുമായ റിയാസ് നേരത്തെ തീരുമാനിച്ചുറപ്പിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
Content Highlights: kodungallur woman murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..