മൃതദേഹങ്ങൾ ഉഴുവത്തുകടവിലെ വീട്ടിൽ എത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാനെത്തിയവർ
കൊടുങ്ങല്ലൂര്‍: ലോകമലേശ്വരം ഉഴുവത്തുകടവില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതിമാരുടെയും രണ്ടു മക്കളുടെയും മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചത് മൂലമാണെന്ന് സ്ഥിരീകരിച്ച് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഉഴുവത്തുകടവില്‍ കാടാംപറമ്പത്ത് ഉബൈദിന്റെ മകന് ആഷിഫ് (41), ഭാര്യ അബീറ (37), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (ഏഴ്) എന്നിവരാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. രാസവസ്തുക്കള്‍ ഒരു പാത്രത്തില്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ആത്മഹത്യക്കുറിപ്പും മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ആത്മഹത്യക്കുറിപ്പില്‍ വിഷവാതകത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. വാതകം പുറത്തേക്ക് പോകാതിരിക്കാന്‍ ജനലുകളും വാതിലുകളും മറ്റും കടലാസ് വെച്ച് അടയ്ക്കുകയും ചെയ്തിരുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പരിശോധന കഴിഞ്ഞ മൃതദേഹങ്ങള്‍ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ഉഴുവത്തുകടവിലുള്ള വീട്ടില്‍ എത്തിച്ചു.തുടര്‍ന്ന് ചേരമാന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ബെന്നി ബഹനാന് എം.പി., വി.ആര്. സുനില്‍കുമാര്‍ എം.എല്‍.എ., നഗരസഭ ചെയര്‍പേഴ്സണ്‍ എം.യു. ഷിനിജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, നഗരസഭ വൈസ് ചെയര്മാന് കെ.ആര്. ജൈത്രന്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരന്, ഡി.സി.സി. സെക്രട്ടറി ടി.എം. നാസര്‍, സി.പി.എം. ഏരിയ സെക്രട്ടറി കെ.കെ. അബീദലി, ലോക്കല്‍ സെക്രട്ടറി ടി.പി. പ്രബേഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എസ്. സാബു തുടങ്ങി നിരവധിപ്പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ആരോപണവുമായി അബീറയുടെ കുടുംബം
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ നാലംഗകുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൃഹനാഥന്റെ സഹോദരങ്ങള്‍ക്കെതിരേ ആരോപണം. മരിച്ച ആഷിഫിന്റെ സഹോദരങ്ങളുടെ സമ്മര്‍ദ്ദമാണ് കുടുംബത്തെ ആത്മഹത്യയില്‍ എത്തിച്ചതെന്ന് ആഷിഫിന്റെ ഭാര്യാസഹോദരന്‍ ആദില്‍ 'മാതൃഭൂമി ന്യൂസി'നോട് പറഞ്ഞു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആഷിഫ് ആത്മഹത്യ ചെയ്തതാകുമെന്നും ആഷിഫിന്റെ സഹോദരങ്ങള്‍ക്കെതിരേ പരാതി നല്‍കുമെന്നും ഭാര്യാസഹോദരന്‍ പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവിലെ കാടാംപറമ്പത്ത് ഉബൈദിന്റെ മകന് ആഷിഫ് (41), ഭാര്യ അബീറ (37), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (7) എന്നിവരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ വാതകം ശ്വസിച്ച് നാലുപേരും ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. ഓണ്‍ലൈനില്‍ വാങ്ങിയ രാസവസ്തുക്കള്‍ ചേര്‍ത്താണ് വിഷവാതകം ഉണ്ടാക്കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. മുറിയില്‍നിന്ന് ആഷിഫിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. വലിയ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞിരുന്നു.
അതേസമയം, ഈ സാമ്പത്തിക ബാധ്യതകളൊന്നും ആഷിഫ് ഉണ്ടാക്കിവെച്ചതല്ലെന്നാണ് ഭാര്യാസഹോദരനായ ആദിലിന്റെ പ്രതികരണം.'ഇതൊന്നും അളിയന് ഉണ്ടാക്കിവെച്ച ബാധ്യതകളല്ല. അളിയന്റെ ഉപ്പയും ഇളയ സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്ന് സ്ഥലക്കച്ചവടം ചെയ്തുണ്ടായ ബാധ്യതയാണ്. ഉപ്പ മരിച്ചതിന് ശേഷമാണ് അളിയന് ഈ ബാധ്യതകളെല്ലാം അറിയുന്നത്. മാസം ഒന്നരലക്ഷം രൂപയോളം ആഷിഫിന് ശമ്പളമുണ്ടായിരുന്നു. ആ പണമെല്ലാം ഈ ബാധ്യതകള്‍ തീര്‍ക്കാനായി അതിലേക്ക് അടച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാ ബാധ്യതകളും ആഷിഫിന്റെ തലയിലായിരുന്നു. സഹോദരങ്ങളോ മറ്റോ ഏറ്റെടുക്കാനുണ്ടായില്ല. എല്ലാ ഭാരവും അളിയന് തലയില്‍ ചുമന്നു. അബീറയ്ക്ക് ഇതെല്ലാം അറിയാമായിരുന്നെങ്കില്‍ ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങള്‍ സ്ഥലം വിറ്റിട്ടാണെങ്കിലും പിള്ളേരെയും അവരെയും തിരിച്ചെടുത്തേനേ'- ആദില്‍ പറഞ്ഞു.
സഹോദരി ആത്മഹത്യ ചെയ്യുമെന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഒരു മുള്ള് കൊണ്ടാല്‍ പോലും വിളിച്ചുപറയുന്ന പ്രകൃതമാണ്. അങ്ങനെയൊരാള്‍ കുട്ടികളെയും കൂട്ടി ജീവനൊടുക്കില്ല. കുട്ടികളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം ആഷിഫ് ജീവനൊടുക്കിയതാകാമെന്നും ആദില്‍ പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും ആബിറയുടെ കുടുംബം അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..