ആന്റണി ടിജിൻ ഫ്ളാറ്റിൽനിന്ന് പോകുന്ന സിസിടിവി ദൃശ്യം | Screengrab: Mathrubhumi News
കൊച്ചി: തൃക്കാക്കരയില്‍ മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അമ്മയും മുത്തശ്ശിയും നല്കുന്ന മൊഴികള്‍ വിശ്വസനീയമല്ലെന്ന് ശിശുക്ഷേമ സമിതി. അമ്മയും മുത്തശ്ശിയും പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. മാനസികവിഭ്രാന്തിയുള്ളവരെ പോലെയാണ് ഇരുവരുടെയും പെരുമാറ്റം. കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് അച്ഛന് സമീപിച്ചിട്ടുണ്ടെന്നും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍ കെ.എസ്. അരുണ്‍കുമാര്‍ പറഞ്ഞു.
കുട്ടിയുടെ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും ഇതുവഴി വിവരം ചോര്‍ത്തുകയാണെന്നും കുട്ടിക്ക് അമാനുഷിക ശക്തിയുണ്ടെന്നുമാണ് അമ്മയും മുത്തശ്ശിയും നല്കിയ മൊഴി. ജീവിതം അവസാനിപ്പിക്കണമെന്നും ഇവര്‍ പറയുന്നുണ്ട്. മാനസികവിഭ്രാന്തിയുള്ളവരെ പോലെയാണ് ഇവരുടെ പെരുമാറ്റമെന്നും ശിശുക്ഷേമ സമിതി ഉപാധ്യക്ഷന്‍ വിശദീകരിച്ചു.
അതിനിടെ, കുട്ടിയുടെ സംരക്ഷണം തനിക്ക് നല്‍കണമെന്നാണ് അച്ഛന്റെ ആവശ്യം. കുട്ടിയെ ആന്റണി മര്ദിച്ചിട്ടുണ്ടാകുമെന്നും ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും അച്ഛന് മൊഴി നല്‍കിയിട്ടുണ്ട്. ഏഴുമാസം മുമ്പ് വരെ കുടുംബത്തില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കുട്ടിയുമായി അമ്മ കൊച്ചിയിലേക്ക് വന്നശേഷമാണ് പ്രശ്നങ്ങളുണ്ടായത്. കുട്ടി ഹൈപ്പര്‍ ആക്ടീവ് അല്ലെന്നും അച്ഛന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇദ്ദേഹം ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടു. അന്വേഷണം നടത്തുന്ന തൃക്കാക്കര പോലീസും അച്ഛന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് മൂന്നുവയസ്സുകാരിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ അമ്മയും മുത്തശ്ശിയും ആശുപത്രിയില്‍ എത്തിക്കുന്നത്. അപസ്മാരത്തെ തുടര്‍ന്ന് വീണ് പരിക്കേറ്റെന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. പിന്നീട് ഹൈപ്പര്‍ ആക്ടീവായ കുട്ടി സ്വയം പരിക്കേല്‍പ്പിച്ചെന്നും മൊഴി നല്കി. സംഭവത്തില്‍ സംശയം തോന്നിയതോടെ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു.
അമ്മയുടെയും മുത്തശ്ശിയുടെയും മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും അടിമുടി ദുരൂഹതയുണ്ടെന്നുമാണ് പോലീസും പറയുന്നത്. കുട്ടിയുടെ തല മുതല്‍ കാല് വരെ ഒട്ടേറെ മുറിവുകളുണ്ട്. തലയ്ക്കകത്തും പരിക്കേറ്റിട്ടുണ്ട്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുമുണ്ട്. പല മുറിവുകള്‍ക്കും പഴക്കവും ഉണ്ട്. അതിനാല്‍തന്നെ കുട്ടിയ്ക്ക് ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടുമില്ല. ഇതിനിടെയാണ് കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന് എന്നയാള്‍ ഇവരുടെ ഫ്ളാറ്റില്‍നിന്ന് മുങ്ങിയതായി വിവരം ലഭിച്ചത്.
ആന്റണി ടിജിന് പരിക്കേറ്റ കുട്ടിയുടെ മാതൃസഹോദരിയുടെ പങ്കാളിയാണെന്നാണ് അമ്മയും മുത്തശ്ശിയും പറയുന്നത്. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് ഇയാള്‍ ഒരുമാസം മുമ്പ് ഫ്ളാറ്റ് വാടകയ്ക്കെടുത്തത്. വീട്ടിലുള്ളത് ഭാര്യയും അവരുടെ സഹോദരിയും അമ്മയുമാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. സൈബര്‍ സെല്ലിലെ ജോലി രാജിവെച്ച് വിദേശത്തേക്ക് പോകാനിരിക്കുകയാണെന്നും ഇയാള്‍ ഫ്ളാറ്റുടമയോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മൂന്നുവയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ടിജിന് ഫ്ളാറ്റില്‍നിന്ന് സാധനങ്ങളും എടുത്ത് ഫ്ളാറ്റ് പൂട്ടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും ആന്റണി ടിജിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നുമാണ് പോലീസിന്റെ പ്രതികരണം.
Content Highlights: Kochi Thrikkakara child torture; Mother and grand mother given unbelievable statements
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..