അറസ്റ്റിലായ സജീവൻ, കൊല ചെയ്യപ്പെട്ട രമ്യ
കൊച്ചി: കൊച്ചി എടവനക്കാട് യുവതിയെ ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തുണി വിരിക്കുന്ന കയര്‍ കഴുത്തില്‍ ചുറ്റിയാണ് രമ്യയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് സജീവന് പോലീസിന് മൊഴി നല്കി. കൊലപാതകത്തിന് ഉപയോഗിച്ച കയറും രമ്യയുടെ ഫോണും കൃത്യത്തിന് പിന്നാലെ കത്തിച്ചുകളഞ്ഞതായും പ്രതി പോലീസിനോട് പറഞ്ഞു.
ഭാര്യയിലുണ്ടായ സംശയമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. 2021 ഒക്ടോബര്‍ 16-ന് പട്ടാപ്പകല്‍ വളരെ ആസൂത്രിതമായാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ഈ സമയം രണ്ടു മക്കളും വീട്ടിലില്ലായിരുന്നു. രമ്യയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം മുറിയില്‍ സൂക്ഷിച്ച മൃതദേഹം രാത്രി വീടിന്റെ മുറ്റത്ത് കിഴക്കുഭാഗത്ത് കുഴിച്ചുമൂടി. പെയിന്റിങ് തൊഴിലാളിയായ പ്രതി ഇതിനുശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ പതിവുപോലെ പണിക്കും മറ്റും പോയി. കഴിഞ്ഞ ഒന്നര വര്‍ഷവും ഇത്തരത്തില്‍ ഒരു കൂസലുമില്ലാതെയാണ് പ്രതി ജീവിച്ചത്.
പൊതുസമൂഹത്തില്‍ സമ്മതനായതുകൊണ്ട് രമ്യയുടെ തിരോധാനത്തില്‍ സജീവനെ നാട്ടുകാര്‍ സംശയിച്ചിരുന്നില്ല. അമ്മ ബെംഗളൂരുവില്‍ ബ്യൂട്ടീഷ്യന് കോഴ്സ് പഠിക്കാന്‍ പോയിരിക്കുകയാണെന്നാണ് ഇയാള്‍ മക്കളെ പോലും പറഞ്ഞ് വിശ്വസിപ്പിച്ചത്. കോഴ്സിനു പോയ ഭാര്യ അതുവഴി ഗള്‍ഫില്‍ പോയെന്നും പിന്നീട് കാമുകനൊപ്പം ഒളിച്ചോടി പോയെന്നുമാണ് ഇയാള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും ധരിപ്പിച്ചിരുന്നത്. അറുമാസത്തിന് ശേഷമാണ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത പോലീസ് അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ടോടെ ഫൊറന്‍സിക് സംഘം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വാച്ചാക്കല്‍ പടിഞ്ഞാറുള്ള വീട്ടില്‍ എത്തി മുറ്റം കുഴിച്ച് മൃതാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു.
രമ്യയും ഭര്‍ത്താവ് സജീവനും എടവനക്കാട് രണ്ട് വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. കലൂരിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് രമ്യ ജോലി ചെയ്തിരുന്നത്. രണ്ട് സമുദായത്തില്‍ പെട്ട ഇരുവരും 17 വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതാണ്.
Content Highlights: kochi remya murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..