കൊച്ചിയിലെ കൊലപാതകങ്ങളെല്ലാം യാദൃശ്ചികം, അനാസ്ഥയില്ലെന്ന് പോലീസ്


പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: കൊച്ചിയിലെ കൊലപാതക പരമ്പരകളില്‍ ന്യായീകരണവുമായി കൊച്ചി സിറ്റി പോലീസ്. പോലീസിന്റെ അനാസ്ഥകൊണ്ടുണ്ടായതല്ല ഒന്നും എന്ന ന്യായീകരണമാണ് സിറ്റി പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍. കൊച്ചി നഗരത്തിലെ കൊലപാതക പരമ്പരകളെ തുടര്‍ന്ന് രണ്ടു ദിവസമായി മാതൃഭൂമി നല്‍കിയ വാര്‍ത്തയെ തുടര്‍ന്നായിരുന്നു പോലീസിന്റെ പത്രക്കുറിപ്പ്.

പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ:''കൊച്ചി സിറ്റി പോലീസ് പരിധിയില്‍ ഒന്നര മാസത്തിനിടെ ഉണ്ടായ ഏഴു കൊലപാതകങ്ങളില്‍ ഒന്നും ഗുണ്ടകള്‍ ചെയ്തിട്ടുള്ളതോ സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി ഉണ്ടായിട്ടുള്ളതോ അല്ല. ഈ കൊലപാതകങ്ങളെല്ലാം പെട്ടെന്നുണ്ടായ ക്ഷോഭം നിമിത്തം യാദൃച്ഛികമായി സംഭവിച്ചവയാണ്. നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ പലതും വ്യക്തിപരമായ കാരണങ്ങളാലോ കുടുംബപരമായ കാരണങ്ങളാലോ ഉണ്ടായ കേസുകളാണ്. ഒരു കേസില്‍ മാത്രമാണ് മുമ്പ് കുറ്റ കൃത്യത്തില്‍ പെട്ടയാള്‍ പ്രതിയായുള്ളത്. കൊലപാതകങ്ങളില്‍ ഒന്നിലൊഴിച്ച് ബാക്കി എല്ലാ കേസുകളിലും പ്രതികളെ പിടികൂടിയിട്ടുള്ളതാണ്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി രാത്രികാലങ്ങളില്‍ വിവിധ തരത്തിലുള്ള പട്രോളിങ് ഊര്‍ജിതപ്പെടുത്തിയിട്ടുള്ളതും റെയ്ഡുകളും കോമ്പിങ് ഓപ്പറേഷനുകളും തുടര്‍ന്നു വരുന്നതുമാണ്''.

അക്രമങ്ങള്‍ക്കു പിന്നില്‍ ലഹരിയെന്ന് പോലീസും

സമീപകാലത്തുണ്ടായ ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ലഹരിയുടെ സ്വാധീനമുണ്ടെന്ന് സിറ്റി പോലീസ്. നഗരത്തില്‍ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഇതുവരെ 1,724 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 461 കേസുകളും ഓഗസ്റ്റില്‍ മാത്രം രജിസ്റ്റര്‍ ചെയ്തതാണ്. പാലാരിവട്ടം പോലീസ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നൈജീരിയക്കാരനെയും ഘാനക്കാരിയെയും ബെംഗളൂരുവില്‍നിന്നു പിടികൂടിയിരുന്നു. ഈ കാലയളവില്‍ തൃപ്പൂണിത്തുറ പോലീസ് ഒരു കേസില്‍ 2.49 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിലും പ്രതികളെ അറസ്റ്റ് ചെയ്തു.

മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളില്‍ കൊച്ചി സിറ്റിയില്‍ പോലീസ് മുന്‍കൈയെടുത്ത് 98 ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. 176 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 'യോദ്ധാവ്' പദ്ധതി നടപ്പാക്കുകയും ചെയ്തു. കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി രണ്ടുമാസത്തിനിടെ 101 പേരെ കരുതല്‍ തടങ്കലില്‍ വെച്ചു. പോലീസ് സ്വമേധയാ 3,314 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പോലീസ് വ്യക്തമാക്കുന്നു.

സംഗീതനിശയ്ക്കിടെ കൊലപാതകം; മുഖ്യ പ്രതി മൈസൂരുവിലേക്ക് കടന്നു

കൊച്ചി: കലൂരില്‍ സംഗീതനിശയ്ക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യ പ്രതി കാസര്‍കോട് സ്വദേശി മുഹമ്മദ് ഹുസൈനു പിന്നാലെ പോലീസ്. ഇയാള്‍ മൈസൂരുവിലേക്ക് കടന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് കൊച്ചി സിറ്റി പോലീസിന്റെ രണ്ടുസംഘങ്ങള്‍ തിങ്കളാഴ്ച തന്നെ അവിടെ എത്തി. പാലാരിവട്ടം എസ്.എച്ച്.ഒ. ജോസഫ് സാജന്റെ നേതൃത്വത്തില്‍ 20 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.

സിറ്റി പോലീസിന്റെ രണ്ടുസംഘത്തിനൊപ്പം കര്‍ണാടക പോലീസും സഹായത്തിനുണ്ട്. പ്രതി മുഹമ്മദ് ഒളിവിലുള്ള സ്ഥലം സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്.

കേസില്‍ രണ്ടാം പ്രതി തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണിനെയും മുഖ്യ പ്രതിയുടെ ഇരട്ട സഹോദരനായ മുഹമ്മദ് ഹസനെയും നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. അതില്‍ അഭിഷേക് റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ്. എന്നാല്‍ മുഖ്യ പ്രതിയുടെ ഇരട്ട സഹോദരനെ പോലീസ് ചോദ്യംചെയ്തു വരികയാണ്. കേസില്‍ ഇയാളുടെ പങ്ക് വ്യക്തമായ ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകൂ.

കൊച്ചി നഗരത്തില്‍ ഭക്ഷണവിതരണ ശൃംഖലയിലെ ജോലിക്കാരാണ് ഒന്നും രണ്ടും പ്രതികളായ മുഹമ്മദും അഭിഷേകും. ആലുവയില്‍ ഒരേ കെട്ടിടത്തിലാണിവര്‍ താമസിച്ചിരുന്നത്. കൊലപാതക ശേഷം ആലുവയിലെ താമസസ്ഥലത്ത് എത്തിയ ഇരുവരും വഴിപിരിഞ്ഞു. തിരുവനന്തപുരം വഴി നാടുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അഭിഷേക് പോലീസ് പിടിയിലായത്. ഒളിവിലുള്ള മുഹമ്മദ് ഹുസൈന്‍ സംഭവശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. പിടിയിലായ അഭിഷേകിനെതിരേ മോഷണത്തിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

കലൂരില്‍ പനയപ്പിള്ളി അമ്മന്‍കോവില്‍പറമ്പില്‍ ചെല്ലമ്മവീട്ടില്‍ എം.ആര്‍. രാജേഷിനെ ശനിയാഴ്ച രാത്രിയാണ് കുത്തിക്കൊലപ്പെടുത്തിയത്. ഗാനമേളയ്ക്കിടെ പ്രതി മുഹമ്മദും സുഹൃത്തായ അഭിഷേകും പെണ്‍കുട്ടിയെ ശല്യം ചെയ്തു. ഇത് രാജേഷ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Content Highlights: kochi police response about murder series in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented