കൊച്ചി മറൈൻ ഡ്രൈവിലെയും ഫോർട്ട്കൊച്ചി വെളി മൈതാനത്തെയും കഴിഞ്ഞദിവസത്തെ തിരക്ക്.
കൊച്ചി: പുതുവത്സരാഘോഷങ്ങളുടെയും കാര്ണിവലിന്റെയും ഭാഗമായി ശനിയാഴ്ച ഫോര്‍ട്ട്കൊച്ചിയില്‍ പോലീസ് നിയന്ത്രണം ശക്തമാക്കി. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നിയന്ത്രണങ്ങളുണ്ടാകും. സുരക്ഷയുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചിയില്‍ പ്രത്യേക കണ്ട്രോള് റൂം തുറക്കും. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നാല് എ.സി.പി.മാരെയും 10 ഇന്‍സ്പെക്ടര്‍മാരെയും പശ്ചിമകൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിക്കും. വനിതാ പോലീസിന്റെയും സേവനമുണ്ടാകും.
ആഘോഷത്തിന് എത്തുന്നവരെ നിരീക്ഷിക്കാന്‍ രണ്ടായിരത്തില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചു. ഡ്രോണ്‍ നിരീക്ഷണവും ഉണ്ടാകും. വിദേശികള്‍ക്കായി പരേഡ് ഗ്രൗണ്ടില്‍ പ്രത്യേക സ്ഥലം സജ്ജമാക്കി.
ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് ബീച്ചില്‍നിന്ന് മടങ്ങാന്‍ രാത്രി 12-നുശേഷം ബസ് സര്‍വീസുണ്ടാകും. റോ-റോ പുലര്‍ച്ചെ മൂന്നുവരെ സര്‍വീസ് നടത്തും.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷം വാഹന നിയന്ത്രണവും പരിശോധനയും ഉണ്ടാകും. കണ്ണങ്ങാട്ട് പാലം, സ്വിഫ്റ്റ് ജങ്ഷന്, ഇടക്കൊച്ചി പാലം, പഷ്ണിത്തോട് പാലം, എഴുപുന്ന പാലം, ഗുണ്ടപ്പറമ്പ്, ബി.ഒ.ടി. പാലം, തോപ്പുംപടി പഴയപാലം, പപ്പങ്ങാമുക്ക്, മാന്ദ്ര ജങ്ഷന്, പോസ്റ്റോഫീസ് ജങ്ഷന്, പരിപ്പ് ജങ്ഷന്, സൗത്ത് മൂലംകുഴി, ജൂബിലി ജങ്ഷന്, ഫോര്‍ട്ട്കൊച്ചി വെളി, വെസ്റ്റ് ജങ്ഷന് എന്നിവിടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. പശ്ചിമകൊച്ചിയിലെ താമസക്കാരെയും ഇരുചക്രവാഹനങ്ങളും സര്‍വീസ് ബസുകളും അടിയന്തര വാഹനങ്ങളും മാത്രമാണ് കടത്തിവിടുക.
ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് ദ്രോണാചാര്യ വഴി വെളി ഈസ്റ്റ് ജൂബിലി റോഡിന് കിഴക്കോട്ട് മട്ടാഞ്ചേരി ഗൗതം ആശുപത്രിവരെയുള്ള റോഡില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷം കാല്‍നടയാത്രക്കാരെ മാത്രമേ അനുവദിക്കൂ. അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ നേവിയുടെയും കോസ്റ്റല്‍ പോലീസിന്റെയും സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
പാര്‍ക്കിങ് നിരോധനം
ഫോര്‍ട്ട്കൊച്ചി ഭാഗത്തെ എല്ലാ റോഡരികിലും പാര്‍ക്കിങ് നിരോധിക്കും. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ ബിഷപ്പ് ഹൗസ് പാര്‍ക്കിങ് ഏരിയ, സാന്റാക്രൂസ് സ്കൂള്‍ ഗ്രൗണ്ട്, സെയ്ന്റ് പോള്‍സ് സ്കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റാ സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സൗകര്യമുണ്ട്.
ഫോര്‍ട്ടുകൊച്ചിയിലേക്ക് വന്‍ ജനപ്രവാഹം...
ഫോര്‍ട്ടുകൊച്ചി: പുതുവര്‍ഷാഘോഷത്തിന് ഫോര്‍ട്ട്കൊച്ചിയിലേക്ക് വന്‍ ജനപ്രവാഹം. വെള്ളിയാഴ്ച രാത്രി എല്ലാ വഴികളും ഫോര്‍ട്ട്കൊച്ചിയിലേക്ക് ഒഴുകുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവ ഉള്‍പ്പെടെ വാഹനങ്ങളും ഒഴുകിയെത്തി. ജില്ലയ്ക്ക് പുറത്തുള്ളവരാണ് വെള്ളിയാഴ്ച കൂടുതലായെത്തിയത്.
ഇതര ജില്ലകളിലെ രജിസ്ട്രേഷനുള്ള കാറുകളായിരുന്നു കൂടുതല്‍. സന്ധ്യയോടെ റോഡുകളിലൊക്കെ തിരക്കായി. ശനിയാഴ്ച നിയന്ത്രണങ്ങളുണ്ടാകുമെന്നതിനാല് ഇതര ജില്ലക്കാര്‍ നേരത്തേ എത്തുകയായിരുന്നു. ഫോര്‍ട്ട്കൊച്ചി വെളി മൈതാനത്തെ കൂറ്റന്‍ ക്രിസ്മസ് ട്രീ തന്നെയാണ് ഏറ്റവുമേറെ ആളുകളെ ആകര്‍ഷിക്കുന്നത്. കടപ്പുറത്തേക്കും ധാരാളം ആളുകളെത്തുന്നു.
ഫോര്‍ട്ട്കൊച്ചിയിലെ പപ്പാഞ്ഞിയെ കാണാനും ധാരാളം പേരെത്തുന്നുണ്ട്. രാത്രി ഏറെ വൈകിയും ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള വാഹന ഒഴുക്ക് തുടരുകയാണ്. ഫോര്‍ട്ട്കൊച്ചിയില്‍ താമസ സൗകര്യമുള്ള ഹോം സ്റ്റേകളും, ഹോട്ടലുകളുമൊക്കെ നേരത്തേതന്നെ ബുക്ക് ചെയ്തിരിക്കുകയാണ്. വിദേശ സഞ്ചാരികള്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള സഞ്ചാരികളും ഫോര്‍ട്ട്കൊച്ചിയില്‍ മുന്‍കൂട്ടി മുറികള്‍ ബുക്ക് ചെയ്തിരിക്കുകയാണ്.
രണ്ടുവര്‍ഷത്തിന് ശേഷമെത്തുന്ന പുതുവര്‍ഷാഘോഷം വലിയരീതിയില്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങളാണെവിടെയും. ശനിയാഴ്ച വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വഴികളിലെല്ലാം പരിശോധന കര്‍ശനമാക്കും.
കൂടുതല്‍ പോലീസിനെയും കൊച്ചിയില്‍ നിയോഗിച്ചിട്ടുണ്ട്. കൊച്ചിയിലെ പുതുവര്‍ഷാഘോഷം അന്താരാഷ്ട്രതലത്തില്‍തന്നെ ശ്രദ്ധ നേടിയിട്ടുളളതിനാല് വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ചെറുപ്പക്കാര്‍ എല്ലാ ദിക്കില്‍നിന്നും ഫോര്‍ട്ട്കൊച്ചിയിലേക്ക് എത്തും. ഇരുചക്രവാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കും.
ഫോര്‍ട്ട്കൊച്ചിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര ജനം എത്തുമെന്നാണ് കാര്‍ണിവല്‍ കമ്മിറ്റി പ്രതീക്ഷിക്കുന്നത്. ജനത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യാഴാഴ്ച ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചര്‍ച്ചചെയ്തിരുന്നു. അതനുസരിച്ചുള്ള ക്രമീകരണം മേഖലയില്‍ ഏര്‍പ്പെടുത്തും.
ആലുവയിലും പരിശോധന, ഗതാഗത നിയന്ത്രണം...
ആലുവ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി റൂറല്‍ ജില്ലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നീ വിഭാഗങ്ങള്‍ റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, എയര്‍പോര്‍ട്ട്, ബീച്ചുകള്‍, മറ്റു തിരക്കുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.
പ്രത്യേക സംഘമായി തിരിഞ്ഞാണ് പരിശോധന. സംശയമുള്ളവരെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. ഈ ദിവസങ്ങളില്‍ 1500 ഓളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.
ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി
ആലുവ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആലുവ, നെടുമ്പാശ്ശേരി, അങ്കമാലി ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം. ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ വരെ ദേശീയപാതയിലും എം.സി. റോഡിലും വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. പാതയോരത്ത് പാര്‍ക്കിങ് അനുവദിക്കില്ല.
എറണാകുളം ഭാഗത്തുനിന്ന് എയര്‍പോര്‍ട്ടിലേക്ക് വരുന്നവര്‍ പുളിഞ്ചുവട് ബൈപ്പാസ് വഴി കെ.എസ്.ആര്.ടി.സി. റോഡിലൂടെ മഹിളാലയം തുരുത്ത് പാലത്തിലൂടെ പോകേണ്ടതാണ്. പെരുമ്പാവൂരിലൂടെ വരുന്നവര്‍ ആലുവ കെ.എസ്.ആര്.ടി.സി. റോഡിലൂടെ തുരുത്ത് പാലം വഴി പോകണം. തൃശ്ശൂരില്‍നിന്ന് വരുന്നവര്‍ നായത്തോട് വഴി പോകണം.
തിരിച്ചുപോകുന്നവരും ഈ മാര്‍ഗത്തിലൂടെ സഞ്ചരിക്കേണ്ടതാണ്. ശനിയാഴ്ച രാത്രി, ഞായറാഴ്ച പുലര്‍ച്ചെ എന്നീ ദിവസങ്ങളില്‍ എയര്‍പോര്‍ട്ടിലൂടെ യാത്രചെയ്യുന്നവര്‍ ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുന്‍പായി എത്തിച്ചേരണം. തൃശ്ശൂര്‍ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുന്നവര്‍ പറവൂര്‍ കവല തിരിഞ്ഞ് യു.സി. കോളേജ്, പാതാളം കളമശ്ശേരി വഴി പോവുക. എറണാകുളത്തുനിന്ന് വരുന്നവരും ഈ മാര്‍ഗത്തിലൂടെ സഞ്ചരിക്കുക. ട്രാഫിക് പോലീസിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുക.
Content Highlights: kochi new year party police beefed up security in kochi city and fort kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..