വിഷ്ണുവും അഭിലാഷും
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാർ അടക്കം മൂന്നുപേർ പിടിയിൽ. എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡിലെ ജീവനക്കാരായ വിഷ്ണു, അഭിലാഷ് എന്നിവരും സ്വർണം കടത്തിക്കൊണ്ടുവന്ന മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിലുമാണ് പിടിയിലായത്.
ബുധനാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയതാണ് മൂവാറ്റുപുഴ സ്വദേശി. ഇയാളുടെ പക്കൽനിന്ന് 1.375 കിലോ സ്വർണമാണ് പിടിച്ചത്. ഇയാളിൽനിന്ന് സ്വർണം ഏറ്റുവാങ്ങുന്നതിനിടെയാണ് ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാരനായ അഭിലാഷ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ സ്വർണക്കടത്തിൽ സഹപ്രവർത്തകനായ വിഷ്ണുവിനും പങ്കുണ്ടെന്നു കണ്ടെത്തി. തുടർന്ന് മൂന്നു പേരെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) അറസ്റ്റു ചെയ്തു.
മുഹമ്മദ് സ്വർണം കടത്തിക്കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയത്. സ്വർണ മിശ്രിതമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. അറൈവൽ ഹാളിനു സമീപത്തുള്ള ശൗചാലയത്തിൽ മുഹമ്മദ് അഭിലാഷിന് സ്വർണം കൈമാറുന്നതിനിടെ ഡി.ആർ.ഐ. ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു. അഭിലാഷും വിഷ്ണുവും പലവട്ടം സ്വർണം കടത്തിയിട്ടുണ്ടെന്ന് ഡി.ആർ.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
മൂവാറ്റുപുഴ സംഘം വീണ്ടും സജീവം; ജീവനക്കാരുടെ സഹായത്തോടെ വൻതോതിൽ സ്വർണം കടത്തുന്നു
നെടുമ്പാശ്ശേരി: ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാരെ ഉപയോഗപ്പെടുത്തി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വൻതോതിൽ സ്വർണം കടത്തുന്നു. വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ കോടികളുടെ സ്വർണം കടത്തി പിടിയിലായ മൂവാറ്റുപുഴ സംഘമാണ് വീണ്ടും സ്വർണക്കടത്തുമായി വന്നിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
ബുധനാഴ്ച 1.375 കിലോ സ്വർണവുമായി മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിൽ പിടിയിലായതോടെയാണ് വീണ്ടും വൻതോതിൽ സ്വർണം കടത്തുന്ന വിവരം ലഭിക്കുന്നത്. ശൗചാലയത്തിൽ വെച്ച് ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാർക്ക് കൈമാറുന്ന സ്വർണം വിമാനത്താവളത്തിൽനിന്ന് പുറത്തെത്തിച്ചു കൊടുക്കുന്ന ചുമതലയാണ് ജീവനക്കാർക്കുള്ളത്.
2015-2016 കാലയളവിൽ മൂവാറ്റുപുഴ സംഘം കൊച്ചി വിമാനത്താവളം വഴി 2000 കിലോ സ്വർണം കടത്തിയിരുന്നു. ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാരെയും എമിഗ്രേഷൻ ഉദ്യോഗസ്ഥനെയുമെല്ലാം ഉപയോഗപ്പെടുത്തിയാണ് അന്ന് സ്വർണം കടത്തിയത്. ഈ കേസിൽ കസ്റ്റംസിന്റെ പ്രത്യേക അന്വേഷണ സംഘം 63 പേർക്ക് നോട്ടീസ് നൽകുകയും 36 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എമിഗ്രേഷൻ ഉദ്യോഗസ്ഥനെ ഉൾപ്പെടെ ഒമ്പതുപേരെ കോഫെപോസ ചുമത്തി ജയിലിലടച്ചു. സംഘ തലവന്റേതുൾപ്പെടെയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു.
ജയിലിലായിരുന്നവരെല്ലാം പിന്നീട് പുറത്തിറങ്ങി. ഈ സംഘം വീണ്ടും സ്വർണക്കടത്തിൽ സജീവമായിട്ടുണ്ട്. ഓഗസ്റ്റ് 25-ന് 2.26 കോടി രൂപ മൂല്യം വരുന്ന സൗദി റിയാലുമായി കൊച്ചി വിമാനത്താവളത്തിൽ മൂവാറ്റുപുഴ സ്വദേശി പിടിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴും മൂവാറ്റുപുഴ സംഘമാണ് കറൻസി കടത്തിനു പിന്നിലെന്ന് വെളിപ്പെട്ടിരുന്നു. ഗൾഫിലേക്ക് ഇവിടെ നിന്ന് വിദേശ കറൻസി കടത്തിക്കൊണ്ടുപോകുന്നത് അവിടെ നിന്ന് സ്വർണം ഇങ്ങോട്ട് കടത്തിക്കൊണ്ടുവരുന്നതിനു വേണ്ടിയാണ്.
Content Highlights: kochi nedumbasssry airport gold smuggling ground handling employees under arrest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..