കമന്റിട്ടത് പ്രകോപനം, അഴിച്ചുവിട്ട നായ്ക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് ഓടിച്ചു; കത്തിക്കുത്തും കൊലയും


കലൂരിൽ കൊലപാതകം നടന്ന സ്ഥലത്ത് വിരലടയാള വിദഗ്ധ പരിശോധന നടത്തുന്നു(ഇടത്ത്) അറസ്റ്റിലായ കിരൺ ആന്റണി(വലത്ത്)

കൊച്ചി: പണമിടപാടുമായി ബന്ധപ്പെട്ട് കലൂരിലുണ്ടായ സംഘട്ടനത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. വെണ്ണല ശാന്തിനഗര്‍ റോഡ് കരിപ്പാലവേലില്‍ ഹൗസില്‍ സജിന്‍ സഹീറാണ് (28) മരിച്ചത്. സംഭവത്തില്‍ കലൂര്‍ ചമ്മണിറോഡ് പുളിക്കല്‍ ഹൗസില്‍ കിരണ്‍ ആന്റണിയെ (24) പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.കലൂര്‍ ലിസി ആശുപത്രിക്കു സമീപം ചമ്മണി റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

കൊല്ലപ്പെട്ട സജിനും സംഘവും വെളുപ്പിന് ഒരു മണിയോടെ കിരണിന്റെ കലൂര്‍ ചമ്മണി റോഡിലെ വീട്ടിലെത്തി. കിരണിന്റെ സഹോദരന്‍ കെവിനെ ആക്രമിക്കാനാണ് സംഘം എത്തിയത്. കെവിന്‍ വീട്ടിലുണ്ടായിരുന്നില്ല. കിരണും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായത്. തുടര്‍ന്നിവര്‍ കിരണുമായി വാക്കുതര്‍ക്കത്തിലായി. ഈ സമയം സമീപത്തുണ്ടായിരുന്ന കിരണിന്റെ സുഹൃത്തുക്കളും സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുസംഘങ്ങളും തമ്മിലുണ്ടായ വാക്കേറ്റം ഏറ്റുമുട്ടലിലെത്തുകയായിരുന്നു. അതിനിടെയാണ് സഹീറിന്റെ വയറ്റില്‍ കുത്തേറ്റത്. കിരണിന്റെ മുഖത്തും തലയ്ക്കും പരിക്കുണ്ട്.

സംഘങ്ങള്‍ തമ്മില്‍ രണ്ടുവര്‍ഷമായി പണമിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്. ഇതിനിടെ കിരണിന്റെ സഹോദരന്‍ കെവിന്‍ ആന്റണി സമൂഹമാധ്യമത്തിലിട്ട പോസ്റ്റാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. സംഘട്ടനത്തില്‍ പരിക്കേറ്റ കിരണിനെയും ചക്കരപ്പറമ്പ് സ്വദേശി അശ്വിന്‍ അയൂബി (25) നെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തി ഇരുവരെയും നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകവുമായി ബന്ധമില്ലെന്നും തര്‍ക്കത്തിനിടെ പെട്ടുപോയതാണെന്നുമാണ് അശ്വിന്റെ മൊഴി.

പിന്നില്‍ മുന്‍ വൈരാഗ്യം - കമ്മിഷണര്‍

കൊച്ചി നഗരത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഏറ്റുമുട്ടിയ സംഘങ്ങള്‍ തമ്മില്‍ രണ്ടുവര്‍ഷമായി തര്‍ക്കമുണ്ട്. സംഘങ്ങള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കിരണിന്റെ സഹോദരന്‍ കെവിന്‍, സുഹൃത്ത് ആദിത്യ സോണി, ജനീഷ്, ജോബി എന്നിവരെ ചോദ്യം ചെയ്തിട്ടുണ്ട്. പന്ത്രണ്ടോളം സുഹൃത്തുക്കളുമായാണ് സജിന്‍ ആക്രമണത്തിനെത്തിയതെന്നും കമ്മിഷണര്‍ പറഞ്ഞു.

നാളുകളായുള്ള തര്‍ക്കം, ഒടുവില്‍ കൊലപാതകം

കൊച്ചി:മുന്‍ വൈരാഗ്യവും ഒപ്പം സമൂഹ മാധ്യമത്തില്‍ ഇട്ട പോസ്റ്റുമാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരു യുവാവിന്റെ ജീവനെടുത്തത്. കേസില്‍ പ്രതിയായ കിരണിന്റെ സഹോദരന്‍ കെവിന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സാമ്പത്തിക ഇടപാടിന്റെ പേരിലും വ്യക്തിപരമായും ഇരുകൂട്ടരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവരെല്ലാവരും മുമ്പ് സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുസംഘങ്ങളും തെറ്റിപ്പിരിഞ്ഞു. കിരണിന്റെ നേതൃത്വത്തില്‍ ഒരു സംഘവും സെബിന്‍ എന്നയാളുടെ കീഴില്‍ മറ്റൊരു സംഘവും രൂപവത്കരിച്ചു. മരിച്ച സജിന്‍ സെബിന്റെ സംഘത്തിലായിരുന്നു.

സാമൂഹികമാധ്യമത്തിലിട്ട കമന്റിനെ ചൊല്ലിയാണ് സെബിനും സംഘവും കെവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ട് കാറിലും ബൈക്കിലുമായി കെവിന്റെ വീട്ടിലെത്തിയത്. സുഹൃത്തിന്റെ ഫ്‌ളാറ്റിലായിരുന്ന കെവിന്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ നായ്ക്കളെ അഴിച്ചുവിട്ട് അകത്തിരിക്കുകയായിരുന്നു കിരണ്‍. നായ്ക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് ഓടിച്ച് സജിനും സംഘവും കിരണിനെ വീട്ടില്‍ നിന്ന് റോഡിലേക്ക് വലിച്ചിഴച്ച് മര്‍ദിച്ചു. ഇതിനിടെ കിരണ്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു.സംഭവം എന്താണെന്നറിയാന്‍ എത്തിയപ്പോഴാണ് ബൈക്ക് യാത്രക്കാരനായ അശ്വിന് വയറിന് കുത്തേറ്റത്. കിരണിനെ രക്ഷിക്കാന്‍ ശ്രമിച്ച അയല്‍ക്കാരന്‍ ജിനീഷിനും മര്‍ദനമേറ്റിട്ടുണ്ട്.

ഒരു മാസത്തിനിടെ അഞ്ചാമത്തെ കൊലപാതകം

കൊച്ചി: നഗരത്തെ നടുക്കി വീണ്ടും കൊലപാതകം. ഒരു മാസത്തിനിടെ അഞ്ചാമത്തെ കൊലപാതകത്തിനാണ് കൊച്ചി സാക്ഷ്യം വഹിച്ചത്. ടൗണ്‍ ഹാളിനു സമീപം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കൊല്ലം സ്വദേശി എഡിസണ്‍ കുത്തേറ്റ് മരിച്ചത് ഓഗസ്റ്റ് 9-ന് രാത്രി ആയിരുന്നു. മുളവുകാട് സ്വദേശി സുരേഷാണ് കേസിലെ പ്രതി. സംഭവ ശേഷം നാടുവിട്ട ഇയാളെ പിടികൂടിയിട്ടില്ല.

രണ്ടുദിവസം കഴിഞ്ഞ് സൗത്ത് റെയില്‍വേ സ്റ്റേഷനുസമീപം കളത്തിപ്പറമ്പ് റോഡിലുണ്ടായ വാക്കുതര്‍ക്കത്തിലാണ് വരാപ്പുഴ മുട്ടിനകം കളത്തിപ്പറമ്പില്‍ ശ്യാം ശിവാനന്ദനെ (33) ഒരു സംഘം കുത്തിക്കൊന്നത്. ശ്യാമും സുഹൃത്തുക്കളും പ്രതികളെ പരിഹസിച്ച് പാട്ടുപാടിയതാണ് പ്രകോപനമായത്. മൂന്നംഗസംഘത്തിലെ ഹര്‍ഷാദ് കാറില്‍നിന്ന് കത്തിയെടുത്ത് ശ്യാമിനെ ആക്രമിക്കുകയായിരുന്നു. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു. മൂന്നു പ്രതികളെയും പിടികൂടി.

ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലില്‍ ജീവനക്കാരനായ മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുരയില്‍ സജീവ് കൃഷ്ണനെ (22) ഇടച്ചിറ വല്യാത്ത് അമ്പലത്തിനുസമീപം ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് മൂന്നാഴ്ച മുമ്പാണ്. ബാല്‍ക്കണിയിലെ പൈപ്പ് ഡക്ടിനുപിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കേസില്‍ കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കൊളാരിക്കണ്ടിയില്‍ കെ.കെ. അര്‍ഷാദിനെ (27) അറസ്റ്റ് ചെയ്തിരുന്നു.

മരട് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുടെ സുഹൃത്തിനെ നെട്ടൂരിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തി ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്ന സംഭവം ഇതിനു ശേഷമാണ് അരങ്ങേറിയത്. പാലക്കാട് പിരാമല്‍ ഫിനാന്‍സില്‍ എക്‌സിക്യുട്ടീവായ വടശേരിത്തൊടിയില്‍ അജയ്കുമാറിനെയാണ് (25) പാലക്കാട് പുതുശേരി കളത്തില്‍ സുരേഷ് (32) വീല്‍ സ്പാനര്‍കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. നെട്ടൂര്‍ സ്വകാര്യ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ജോലിചെയ്തിരുന്ന, സുരേഷിന്റെ ഭാര്യയോട് അജയ്ക്കുണ്ടായിരുന്ന അടുപ്പമാണ് കൊലപാതക കാരണമെന്ന് പോലീസ് പറയുന്നു.

Content Highlights: kochi kaloor murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented