അത്താണി ഷാപ്പുംപടിയിൽ സ്വകാര്യ ബസ് ജീവനക്കാർക്കു നേരേ അക്രമം കാണിച്ച യുവാക്കളെ പോലീസ് കൊണ്ടുപോകുന്നു
കാക്കനാട്(കൊച്ചി): കാറില്‍ ഉരസിയെന്നാരോപിച്ച് ബസ് തടഞ്ഞിട്ട് കൊലവിളി. പിന്നാലെ ബസ് ഡ്രൈവറെ വലിച്ച് താഴെയിട്ട് അടിയും അസഭ്യ വര്‍ഷവും. ഒടുവില്‍ പിങ്ക് പോലീസ് തടഞ്ഞുനിര്‍ത്തിയ അക്രമികളെ പോലീസ് തൂക്കിയെടുത്ത് കൊണ്ടുപോയി.
ചൊവ്വാഴ്ച വൈകിട്ട് കാക്കനാട്-പള്ളിക്കര റോഡില്‍ അത്താണി ഷാപ്പുംപടി ബസ് സ്റ്റോപ്പിലാണ് കാറിലെത്തിയ രണ്ട് യുവാക്കള്‍ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാക്കനാട്-പള്ളിക്കര റൂട്ടിലോടുന്ന 'ജെന്ന' ബസ് കാറില്‍ മുട്ടിയെന്നാരോപിച്ചായിരുന്നു യുവാക്കളുടെ അഴിഞ്ഞാട്ടം. ഷാപ്പുംപടി സ്റ്റോപ്പില്‍ ആളെ ഇറക്കുമ്പോള്‍ ബസിനു വട്ടംെവച്ചായിരുന്നു ആക്രമണം.
യുവാക്കള്‍ തങ്ങളുടെ ഡ്രൈവര്‍ അരുണിനെ വണ്ടിയില്‍നിന്ന് ഇറക്കി മര്‍ദിച്ചെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. ആക്രമണം മൂലം കാക്കനാട്-പള്ളിക്കര റോഡ് ഗതാഗതക്കുരുക്കിലായി. ഇതിനിടെ എത്തിയ പിങ്ക് പോലീസിനു നേരേയും ഇവര്‍ കയര്‍ത്തു. ''ഞങ്ങളെ കൊല്ലാന്‍ നോക്കി, അവരെ പിടിച്ചുകെട്ട്' എന്ന് അലറിക്കൊണ്ടാണ് വനിതാ പോലീസുകാര്‍ക്കു നേരേ അക്രമികള്‍ തിരിഞ്ഞത്.
യുവാക്കളെ അനുനയിപ്പിച്ച് തടഞ്ഞുനിര്‍ത്തിയ പിങ്ക് പോലീസ് ഉടന്‍ തൃക്കാക്കര പോലീസില്‍ അറിയിച്ചു. യുവാക്കളെ തൃക്കാക്കര സി.ഐ. ആര്. ഷാബു ജീപ്പിലെടുത്തിട്ട് കൊണ്ടുപോയി. ബസ് ജീവനക്കാര്‍ പരാതി നല്‍കിയിട്ടില്ല. മദ്യപിച്ച് റോഡില്‍ ബഹളമുണ്ടാക്കിയതിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Content Highlights: kochi kakkanad car passengers clash with bus employees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..