file photo. Mathrubhumi News
കൊച്ചി: കുവൈത്ത് മനുഷ്യക്കടത്തിനിരയായി നാട്ടില്‍ മടങ്ങിയെത്തിയ സ്ത്രീകളെ സ്വാധീനിക്കാന്‍ മുഖ്യ പ്രതി തളിപ്പറമ്പ് സ്വദേശി മജീദ് ശ്രമിക്കുന്നതായി വിവരം. കൂടുതല്‍ പരാതി വരാതിരിക്കാന്‍ ദൂതരെ ഉപയോഗിച്ചാണ് സ്ത്രീകളെ വിളിക്കുന്നത്. നാട്ടില്‍ മടങ്ങിയെത്തിയ രണ്ടു സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ ഫോണ്‍ സന്ദേശം ലഭിച്ചിട്ടുണ്ട്. കുവൈത്തില്‍ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയാണ് വിളിച്ചത്. കുവൈത്തില്‍നിന്ന് മടങ്ങിയെത്തിയവര്‍ ഇതെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
കുവൈത്തില്‍ മജീദിന്റെ അതിക്രമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയവരാണ് രണ്ടുപേരും. ബുധനാഴ്ചയാണ് ഒരു വീട്ടമ്മയെ വിളിച്ചത്. ഇക്ക പാവമാണെന്നും പരാതി നല്‍കരുതെന്നുമാണ് വിളിച്ച സ്ത്രീ ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച അടുത്ത വീട്ടമ്മയ്ക്കും ഇതേ സ്ത്രീയുടെ വിളി വന്നു. നല്‍കാനുള്ള രണ്ട് മാസത്തെ ശമ്പളം കൊടുത്താല്‍ കേസില്‍നിന്ന് പിന്മാറാമോ എന്നും ഇവര്‍ ചോദിച്ചു. രണ്ടാമത്തെ കോള്‍ ലഭിച്ച വീട്ടമ്മയെ മജീദ് മുമ്പ് നേരിട്ടു വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മജീദിനെ നാട്ടിലെത്തിക്കുന്നതോടെ കൂടുതല്‍ പേര് പരാതിയുമായി വരുമെന്നാണ് പോലീസ് കരുതുന്നത്. ചിലരെ ഇപ്പോഴും മജീദിന്റെ സംഘങ്ങള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇയാള്‍ അറസ്റ്റിലാകുന്നതോടെ സംഘത്തിലെ മറ്റുള്ളവരെയും പിടികൂടാനാകും. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മജീദിന്റെ ഏജന്റായി വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം.
അതേസമയം, മജീദിന്റെ ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷക സംഘത്തിന് വിവരം ലഭിച്ചു. ഒന്നാം പ്രതി അജുമോനും കുവൈത്തില്‍ ഗാസിലി എന്ന പേരില്‍ അറിയപ്പെടുന്ന മജീദിനും കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ അടുത്ത പരിചയക്കാരുണ്ടെന്നും വിവരമുണ്ട്. കേസിന്റെ എഫ്.ഐ.ആര്. അടക്കമുള്ള വിവരങ്ങള്‍ കേരള പോലീസ് കുവൈത്തിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചതോടെ, മജീദിനെ ഉപേക്ഷിച്ച് ഇവരുടെ ഏജന്‍സിയിലെ പ്രധാനിയായിരുന്ന കുവൈത്തുകാരന്‍ തടിയൂരി. മജീദിന്റെ സ്പോണ്‍സറും പിന്മാറിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..