റോയി വയലാട്ട് | Screengrab: Mathrubhumi News
കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസില്‍ റോയി വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച വൈകിട്ടോടെയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് നമ്പര്‍ 18 ഹോട്ടലുടമയായ റോയി വയലാട്ട് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
അതേസമയം, പോക്സോ കേസിലെ മറ്റൊരു പ്രതിയായ സൈജു എം. തങ്കച്ചന് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍ റോയി വയലാട്ടിന്റെയും സൈജുവിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവരുമായി ബന്ധമുള്ളവരുടെ വീടുകളിലും തിരച്ചില്‍ നടത്തി. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചി നഗരവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസിന്റെ തിരച്ചില്‍ തുടരുന്നതിനിടെയാണ് റോയി വയലാട്ട് ഞായറാഴ്ച രാവിലെ കീഴടങ്ങിയത്.
പോക്സോ കേസില്‍ ഒരാഴ്ച മുമ്പാണ് റോയി വയലാട്ടിനും സൈജു തങ്കച്ചനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. പിന്നാലെ ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ സുപ്രീംകോടതിയും വിസമ്മതിച്ചു. തുടര്‍ന്ന് പ്രതികള്‍ ജാമ്യഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.
നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്സോ കേസിലെ പ്രതികള്‍. കേസില്‍ അഞ്ജലി റീമാദേവിന് മാത്രമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് പോലീസ് റോയി വയലാട്ട് അടക്കമുള്ളവര്‍ക്കെതിരേ പോക്സോ കേസ് എടുത്തത്. 2021 ഒക്ടോബര്‍ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി. രാത്രി 10-ന് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ റോയി വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതി സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്ത് അഞ്ജലി റിമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്.
Content Highlights: kochi hotel number 18 pocso case accused roy vayalattu arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..