കൊച്ചി പുറംകടലിൽനിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് തുറമുഖത്ത് എത്തിച്ചപ്പോൾ | ഫോട്ടോ: ടി.കെ.പ്രദീപ്കുമാർ/ മാതൃഭൂമി
കൊച്ചി: പുറംകടലിലെ കപ്പലില്‍നിന്ന് പിടികൂടിയ ലഹരിമരുന്ന് സൂക്ഷിച്ച ചാക്കുകളില്‍ നിറയെ പാകിസ്താന്‍ മുദ്രകള്‍. 'മെയ്ഡ് ഇന്‍ പാകിസ്താന്‍' എന്നെഴുതിയിട്ടുള്ള ബസ്മതി അരിച്ചാക്കുകളിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.
'ഖുശ്ബു ബസ്മതി റൈസ്' എന്ന് ഇംഗ്ലീഷിലെഴുതിയ ഒരു ചാക്കില്‍ 'ഹാജി ദാവൂദ് ആന്‍ഡ് സണ്‍സ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലെ ക്യു.ആര്‍.കോഡ് സ്‌കാന്‍ ചെയ്താല്‍ കിട്ടുന്നത് 'അല്‍ ഹുസൈന്‍ ട്രേഡിങ് ഖുശ്ബു ബസ്മതി റൈസ് 25 കി.ഗ്രാം' എന്ന ഉറുദുവാചകമാണ്.
555 സ്പെഷ്യല്‍ ക്വാളിറ്റി എന്നെഴുതിയ മറ്റൊരു ചാക്കില്‍ ഉണ്ടാക്കിയ വര്‍ഷവും കാലാവധി കഴിയുന്നതായി 03/2019 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ചിലതില്‍ ബിറ്റ്കോയിന്റെയും തേളിന്റെയും അടയാളങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ് വാചകങ്ങളെഴുതിയ സീലുമുണ്ടായിരുന്നു. 'വിജയിക്കുന്ന മനുഷ്യര്‍ രണ്ട് കാര്യങ്ങള്‍ ചെയ്യുന്നു. ഒന്ന് നിശബ്ദരായിരിക്കുക, അല്ലെങ്കില്‍ ചിരിക്കുക' എന്നായിരുന്നു ഒരു വാചകം. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയുള്ളവ രേഖപ്പെടുത്തിയിരുന്നതെന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാകിസ്താനില്‍ നിന്നുള്ള കപ്പലില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് വലിയ വാഹനത്തിലാണ് കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ആസ്ഥാനത്ത് കൊണ്ടുവന്നത്. സാമുദ്രിക ഹാളില്‍ ഇത് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 134 ചാക്കുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. തൊഴിലാളികള്‍ ഇവ വാഹനത്തില്‍നിന്ന് തലച്ചുമടായി ഹാളിലേക്ക് മാറ്റുകയായിരുന്നു.
ഓപ്പറേഷന്‍ സമുദ്രഗുപ്തിന്റെ അഞ്ചാംദൗത്യം...
കൊച്ചി: നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ സമുദ്രഗുപ്തി'ന്റെ ഭാഗമായുള്ള അഞ്ചാമത്തെ ദൗത്യമാണ് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായി മാറിയത്.
2022 ജനുവരിയില്‍ എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍സ്) സഞ്ജയ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് 'ഓപ്പറേഷന്‍ സമുദ്രഗുപ്തി'ന് തുടക്കമായത്. എന്‍.സി.ബി. ആസ്ഥാനത്തെ ഓഫീസര്‍മാരാണ് സംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്ന് കടത്തുന്ന കപ്പലുകള്‍ പിടിച്ചെടുക്കുകയായിരുന്നു പ്രാഥമികദൗത്യം. ഇതിനുവേണ്ടിയുള്ള വിവരശേഖരണത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ഗുജറാത്ത് ആന്റി ടെറിറിസ്റ്റ് സ്‌ക്വാഡ് തുടങ്ങിയവ എന്‍.സി.ബി സംഘത്തെ സഹായിച്ചു. നാവികസേനാ ഇന്റലിജന്‍സ് വിഭാഗം, നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ പിന്തുണയുമുണ്ടായിരുന്നു.
തുടങ്ങിയ മാസം തന്നെ സമുദ്രഗുപ്തിന്റെ ഓപ്പറേഷന്‍ വിജയം കണ്ടു. എന്‍.സി.ബി.യുടെയും നാവികസേനയുടെയും സംയുക്തസംഘം 529 കിലോഗ്രാം ഹാഷിഷ്, 221 കിലോ മെത്താംഫെറ്റമൈന്‍, 13 കിലോ ഹെറോയിന്‍ എന്നിവ ഗുജറാത്ത് തീരത്തെ ഉള്‍ക്കടലില്‍ നിന്ന് പിടിച്ചെടുത്തു. ബലൂചിസ്താനില്‍നിന്നും അഫ്ഗാനിസ്താനില്‍ നിന്നുമുള്ളതായിരുന്നു ഇത്.
കടലില്‍ മുഴുവന്‍സമയ നിരീക്ഷണം ഏര്‍പ്പെടുത്തി എന്‍.സി.ബി. ജാഗരൂകരായപ്പോള്‍ 'സമുദ്രഗുപ്ത്' കേരളത്തിന്റെ തീരദേശത്ത് വിജയം കണ്ടു. 2022 ഒക്ടോബറില്‍ എന്‍.സി.ബി.-നാവികസേനാസഖ്യം അഫ്ഗാനിസ്താനില്‍നിന്നുള്ള 200 കിലോ ഹൈഗ്രേഡ് ഹെറോയിനാണ് പിടിച്ചെടുത്തത്. ഇറാന്‍കാരായ ആറ്് മയക്കുമരുന്ന് കച്ചവടക്കാര്‍ പിടിയിലാകുകയും ചെയ്തു.
ശ്രീലങ്കയും മാലദ്വീപുമായി സഹകരിച്ചുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു മൂന്നാമത്തെയും നാലാമത്തെയും വേട്ട. 286 കിലോ ഹെറോയിന്‍, 128 കിലോ മെത്താംഫെറ്റമൈന്‍ എന്നിവയുമായി 19 പേരാണ് പിടിയിലായത്. ശ്രീലങ്കന്‍ നാവികസേനയുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ 2022 ഡിസംബര്‍, 2023 ഏപ്രില്‍ മാസങ്ങളിലായിരുന്നു. 2023 മാര്‍ച്ചില്‍ നാല് കിലോ ഹെറോയിനുമായി മാലദ്വീപ് പോലീസ് നാലുപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
Content Highlights: kochi drugs haul more details
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..