ആന്റണി ടിജിൻ | Screengrab: Mathrubhumi News
കൊച്ചി: മൂന്നുവയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ആന്റണി ടിജിന്റെ പ്രതികരണം പുറത്ത്. കുഞ്ഞിനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും പോലീസിനെ ഭയന്നാണ് കീഴടങ്ങാത്തതെന്നും സത്യം പുറത്തുവന്നശേഷം പോലീസിന് മുന്നില്‍ ഹാജരാകുമെന്നും ഇയാള്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കുന്തിരിക്കം വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. കളിക്കുന്നതിനിടെയാണ് മറ്റു മുറിവുകളുണ്ടായത്. കുഞ്ഞിനെ മുമ്പും ആശുപത്രിയില്‍ കൊണ്ടുപോയത് താനാണ്. അമ്മയും മുത്തശ്ശിയും കുഞ്ഞിനെ മര്‍ദിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
ആന്റണി ടിജിന് വീഡിയോയില്‍ പറയുന്ന മറ്റുകാര്യങ്ങള്‍ ഇങ്ങനെ:-
'ഞാനൊരു കുറ്റവാളിയല്ല, ഞാന്‍ ഒളിവിലും അല്ല. എന്നെ ദയവ് ചെയ്ത് കുറ്റക്കാരനായി കാണതരുത്. ഞാന്‍ ഒരു കുട്ടിയെയും മര്‍ദിക്കുകയില്ല. കുട്ടികളെ ഭയങ്കര ഇഷ്ടമുള്ളയാളാണ്. ഈ കുട്ടിയുടെ അച്ഛന് വെറുതെ ഓരോ കാര്യങ്ങള്‍ പറഞ്ഞ് എന്നെ ക്രൂശിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങളിലാണ് എന്നെ ക്രൂശിക്കുന്നത്. അത് വിശ്വസിക്കാനായിട്ട് പാവം ജനങ്ങളും പോലീസുകാരും മീഡിയകളും.
ഞാന്‍ ദുര്‍മന്ത്രവാദം ചെയ്ത് ഇവരെയെല്ലാവരെയും വശത്താക്കിയെന്നാണ് പറയുന്നത്. പക്ഷേ, ഞാന്‍ എന്ത് മന്ത്രവാദം ചെയ്തെന്നാണ്. ഞാന്‍ ദിവസവും പള്ളിയില്‍ പോയി കുര്‍ബാന കൂടുന്ന വ്യക്തിയാണ്. ഇടപ്പള്ളി പള്ളിയിലും കലൂര്‍ പള്ളിയിലും ഞാന്‍ പോകാറുണ്ട്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ മന്ത്രവാദം ചെയ്യും. ഞാന്‍ ഒരു മന്ത്രവാദിയും അല്ല. ഞാന്‍ സത്യക്രിസ്ത്യാനിയാണ്.
ഈ കുട്ടിയുടെ അച്ഛന് ഇപ്പോള്‍ ആശുപത്രിയില്‍ വന്ന് കരച്ചിലും നാടകവുമൊക്കെ നടത്തുന്നുണ്ട്. പക്ഷേ, എന്തുകൊണ്ട് ഈ അച്ഛന് ആ കുട്ടിയുടെ ബില്ലുകളൊന്നും അടയ്ക്കുന്നില്ല. എന്നെ പരമാവധി ദ്രോഹിക്കുക, നുണ പറഞ്ഞ്, കള്ളക്കഥ പറഞ്ഞ് എന്നെ കുടുക്കുക എന്നതാണ് ഇയാളുടെ ലക്ഷ്യം. കുട്ടിയെ രക്ഷിക്കണമെന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ആശുപത്രിയിലെ ബില്ല് അടയ്ക്കുന്നില്ല. ആ കുട്ടിയുടെ അമ്മയും അമ്മൂമ്മയും എല്ലാ സ്വര്‍ണവും പണയംവെച്ചാണ് ആശുപത്രിയിലെ ബില്ല് അടച്ചിരിക്കുന്നത്. ഇനി അവര്‍ക്ക് പണമില്ല. ഇനി ആകെയുള്ളത് കുമ്പളത്തെ വീടാണ്. അതും വിറ്റുതരണമെന്നാണ് എന്നെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നത്. ഞാന്‍ കുട്ടിയെ മര്‍ദിച്ചിട്ടില്ല. അത് ഉള്ള കാര്യമാണ്. ഞാനിപ്പോള്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ ഉടമ, കുട്ടിയെ ഞാന്‍ മര്‍ദിച്ചിരുന്നതായി മൊഴി കൊടുത്തെന്നാണ് പറയുന്നത്. എന്നാല്‍ അവരൊന്നും അങ്ങനെ മൊഴി കൊടുത്തിട്ടില്ല. അവരുടെ സംസാരമൊക്കെ എന്റെ കൈയിലുണ്ട്.
ഞാന്‍ ഒരാളെയും മര്‍ദിച്ചിട്ടില്ല, കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്നെ കാണുമ്പോള്‍ തന്നെ കുട്ടി ഓടിവന്ന് ഉമ്മയൊക്കെ തരും. അങ്ങനെയുള്ള കുട്ടിയെ ഞാന്‍ എങ്ങനെ മര്‍ദിക്കുമെന്നാണ് പറയുന്നത്. ഞാന്‍ പിച്ചിയിട്ടും മാന്തിയിട്ടുമില്ല. ഈ കുട്ടിയുടെ അച്ഛന്റെ നുണകള്‍ കാരണമാണ് ജനങ്ങളും മാധ്യമങ്ങളും അതെല്ലാം വിശ്വസിച്ച് എന്നെ കരിവാരിത്തേക്കുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. നൂറുശതമാനം സത്യമാണ്. ഇതാണ് സത്യം. ദൈവത്തിനും എനിക്കും മാത്രമേ അറിയൂ ഞാന്‍ തെറ്റുകാരനല്ലെന്ന്...'
Also Read
അതേസമയം, ഒളിവില്‍ കഴിയുന്ന ആന്റണി ടിജിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിക്ക് മര്‍ദനമേറ്റതാണോ, എങ്ങനെയാണ് പരിക്ക് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത കിട്ടണമെങ്കില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ്. ഇയാള്‍ കൊച്ചി വിട്ട് പോയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.
കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുവയസ്സുകാരിയെ ബുധനാഴ്ച വെന്റിലേറ്ററില്‍നിന്ന് മാറ്റി. കുട്ടിയുടെ ഹൃദയമിടിപ്പും ഓക്സിജന്‍ ലെവലുമെല്ലാം സാധാരണനിലയിലായതിന് പിന്നാലെയാണ് വെന്റിലേറ്ററില്‍നിന്ന് മാറ്റിയത്. വൈകിട്ടോടെ ദ്രാവക രൂപത്തിലുള്ള ഭക്ഷണം നല്കി തുടങ്ങാമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Content Highlights: kochi child torture case absconding antony tigin video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..