ദിലീപും ശരത്തും | Photo: Screengrab
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട തുടരാന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ശരത്തിന്റെ അറസ്റ്റ്. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശരത്തിനെ ചോദ്യം ചെയ്ത ശേഷം ക്രൈംബ്രാഞ്ച് ജാമ്യത്തിൽ വിടുകയായിരുന്നു.
ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ശരത്. ദിലീപ് കേസിൽ അറസ്റ്റിലാകുമ്പോൾ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന വ്യക്തിയാണ്. കേസുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിച്ചതിനാണ് ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ശരത് ദിലീപിന്റെ വീട്ടിൽ എത്തിച്ചുവെന്നും ദിലീപിന്റെ വീട്ടിൽ വെച്ച് ദിലീപും സുഹൃത്തുക്കളും ചേർന്ന് ഇത് പരിശോധിച്ചു എന്നും സംവിധായകൻ ബാലചന്ദ്രകുമാർ നേരത്തെ മൊഴി നൽകിയിരുന്നു. അതോടൊപ്പം തന്നെ അഭിഭാഷകർ ദൃശ്യങ്ങൾ പലതവണ കണ്ടിട്ടുള്ളതായുള്ള ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശരത് ദൃശ്യങ്ങൾ ദിലീപിന് കൈമാറി എന്നും പിന്നീട് ദൃശ്യങ്ങൾ നശിപ്പിച്ചു എന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തെളിവ് നശിപ്പിച്ച കുറ്റം ചുമത്തിയാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപിന്റെ വീട്ടിൽ എത്തിയ 'വിഐപി' എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ശരത്. വധഗൂഢാലോചന കേസിലും ശരത് ദിലീപിനൊപ്പം കൂട്ടുപ്രതിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..