പ്രതീകാത്മക ചിത്രം(ഇടത്ത്) എഫ്.ഐ.ആറിന്റെ പകർപ്പ്(വലത്ത്) | Screengrab: Mathrubhumi News
കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ സി.ഐ.യെ രക്ഷിക്കാന്‍ വീണ്ടും പോലീസിന്റെ ശ്രമം. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തപ്പോള്‍ സി.ഐ.യുടെ പേര് ഒഴിവാക്കിയാണ് പോലീസ് ഒളിച്ചുകളി തുടരുന്നത്.
കടവന്ത്ര സി.ഐ. മനുരാജാണ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം വാഹനം നിര്‍ത്താതെ പോയത്. പരിക്കേറ്റ യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായിരുന്നില്ല. ഒടുവില്‍ ഞായറാഴ്ച രാത്രി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതില്‍ സി.ഐ.യുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. പ്രതി 'കാറിന്റെ ഡ്രൈവര്‍' എന്നുമാത്രമാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഷനില്‍ വിവരം ലഭിച്ചത് ഞായറാഴ്ച വൈകിട്ടാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് സി.ഐ.യും സുഹൃത്തായ വനിതാ ഡോക്ടറും സഞ്ചരിച്ച കാര്‍ ഹാര്‍ബര്‍ പാലത്തില്‍വെച്ച് ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയായ വിമല്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്. അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ കാര്‍ രണ്ട് കിലോമീറ്റര്‍ അപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് നിര്‍ത്തിയത്. തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയവര്‍ അപകടവിവരം ഇവരെ ധരിപ്പിച്ചെങ്കിലും കാറിലുണ്ടായിരുന്ന സി.ഐ. തട്ടിക്കയറിയെന്നാണ് ആരോപണം. അപകടത്തില്‍പ്പെട്ട യുവാവിനെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കാനാണ് പോലീസ് തുടക്കംമുതല്‍ ശ്രമിച്ചതെന്നാണ് ആരോപണം. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും സി.ഐ.യാണ് കാറോടിച്ചതെന്ന് കണ്ടതോടെ നടപടിയെടുക്കാതെ പോലീസ് ഇവരെ രക്ഷിക്കാന്‍ കൂട്ടുനിന്നതായും ആരോപണമുണ്ട്. സംഭവം വിവാദമായതോടെ അപകടത്തില്‍പ്പെട്ട യുവാവിന്റെ വീട്ടിലെത്തി പോലീസ് നേരിട്ട് മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, സംഭവസമയത്ത് സി.ഐ. മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സി.ഐ.ക്കെതിരേ കേസെടുക്കാനോ വൈദ്യപരിശോധന നടത്താനോ പോലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
Content Highlights: kochi accident case police registered fir but not mentioned ci and her lady doctor friend in fir


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..