Photo: AFP
ന്യൂയോര്‍ക്ക്: കൂട്ടുകാരും അധ്യാപകരും കണ്മുന്നില്‍ വെടിയേറ്റ് വീണതിന്റെ നടുക്കമാണ് ആ കുഞ്ഞുമനസ്സുകളില്‍. മേയ് 24-ന് രാവിലെ നടന്ന വെടിവെയ്പ്പും കൂട്ടക്കൊലയും അത്രയേറെ ഭീകരത നിറഞ്ഞ ഓര്‍മകളാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. കടുത്ത മാനസികസംഘര്‍ഷം കാരണം പല കുട്ടികള്‍ക്കും നിരന്തരമായ പാനിക്ക് അറ്റാക്കുകള്‍ വരെ സംഭവിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 11.30-ഓടെയാണ് ടെക്‌സാസിലെ യുവാള്‍ഡയിലെ റോബ്ബ് എലമെന്ററി സ്‌കൂളില്‍ വെടിവെയ്പ്പുണ്ടായത്. 19 കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമാണ് സാല്‍വദോര്‍ റാമോസ് എന്ന 18-കാരന്റെ ക്രൂരതയില്‍ ജീവന്‍ പൊലിഞ്ഞത്. അക്രമിയെ പിന്നീട് പോലീസ് സംഘം വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദൃക്‌സാക്ഷികളായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആ നടുക്കം വിട്ടുമാറിയിട്ടില്ല. ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 35 മിനിറ്റുകളിലൂടെയാണ് മെയ് 24-ന് താന്‍ കടന്നുപോയതെന്നായിരുന്നു ആ ദിവസത്തെക്കുറിച്ച് ഒരു അധ്യാപിക പ്രതികരിച്ചത്. തൊട്ടടുത്ത ക്ലാസ് മുറിയില്‍നിന്ന് വെടിയൊച്ചകളും നിലവിളികളും കേള്‍ക്കുമ്പോള്‍ തന്റെ ക്ലാസിലെ കുട്ടികളെ രക്ഷിക്കാനായിരുന്നു അവരുടെ ശ്രമം. വെടിയൊച്ചകള്‍ കേട്ടതോടെ എല്ലാ കുട്ടികളോടും ഡെസ്‌കിനടിയില്‍ ഒളിച്ചിരിക്കാനാണ് അധ്യാപിക ആവശ്യപ്പെട്ടത്. പിന്നാലെ ക്ലാസ്മുറിയുടെ വാതില്‍ പൂട്ടി. സമാനസാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന പരിശീലനമെല്ലാം നേരത്തെ ലഭിച്ചിട്ടുണ്ടായിരുന്നെങ്കിലും മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നിമിഷങ്ങളായിരുന്നു അത്. ഞങ്ങള്‍ സുരക്ഷിതമായിടത്ത് നിശബ്ദരായി ഇരുന്നു. ഇതിനിടെ, സമീപത്തെ ക്ലാസ്മുറിയില്‍നിന്ന് കുട്ടികളുടെ നിലവിളി കേട്ടിരുന്നു. ഇതോടെ എന്റെ ക്ലാസിലെ കുട്ടികള്‍ കരയാന്‍ തുടങ്ങി. ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലും അവരെ ആശ്വസിപ്പിക്കാനായിരുന്നു ശ്രമിച്ചത്. ഒടുവില്‍ പോലീസെത്തിയാണ് എല്ലാവരെയും രക്ഷപ്പെടുത്തിയതെന്നും അധ്യാപിക പറഞ്ഞു.

തോക്കുമായി വന്ന അക്രമിയെ കണ്മുന്നില്‍ കണ്ടതിന്റെ ഭീകരതയും നടുക്കവുമാണ് വെടിവെപ്പില്‍ പരിക്കേറ്റ സാമുവല്‍ സാലിനാസ് എന്ന പത്തുവയസ്സുകാരന്‍ പങ്കുവെച്ചത്. 'വെടിവെയ്ക്കുന്നതിന് മുമ്പ് നിങ്ങളെല്ലാവരും മരിക്കാന്‍ പോവുകയാണെന്ന് അയാള്‍ വിളിച്ചുപറഞ്ഞിരുന്നു. അയാള്‍ എന്റെ അധ്യാപികയെ വെടിവെച്ചു. പിന്നീട് കുട്ടികളെയും. ഇതോടെ എന്നെയാണ് പിന്നീട് ലക്ഷ്യമിടുന്നതെന്ന് തോന്നി'- സാമുവല്‍ പറഞ്ഞു. വെടിവെപ്പില്‍ സാമുവലിന്റെ കാലിലാണ് പരിക്കേറ്റത്.
കരിമരുന്ന് പ്രയോഗത്തിന് സമാനമായ ശബ്ദമാണ് കേട്ടതെന്ന് വെടിവെപ്പില്‍നിന്ന് രക്ഷപ്പെട്ട എഡ്വേര്‍ഡ് തിമൂത്തി എന്ന വിദ്യാര്‍ഥിയും പ്രതികരിച്ചു. നേരത്തെ പരിശീലനം നേടിയതിനാല്‍ താനും തന്റെ കൂട്ടുകാരും സുരക്ഷിതരായിരുന്നു. അതേസമയം, ഇപ്പോഴും തോക്കുകളോടുള്ള ഭയം ഈ എട്ടുവയസ്സുകാരനിലുണ്ട്. ആരെങ്കിലും വെടിയുതിര്‍ക്കുമോയെന്നും അവന്‍ ഭയക്കുന്നു.

കണ്മുന്നില്‍ സഹപാഠികള്‍ വെടിയേറ്റ് വീണപ്പോള്‍ മരിച്ചതുപോലെ കിടന്നാണ് മിയാഹ് സെറില്ലോ എന്ന 11-കാരി ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. തൊട്ടടുത്തുണ്ടായിരുന്ന കൂട്ടുകാരിയെ ചോരയില്‍ കുളിച്ചനിലയില്‍ കണ്ടതിന്റെ നടുക്കുന്ന കാഴ്ചയാണ് മിയാഹ് കണ്ടത്. ഇതോടെ തളംകെട്ടിനിന്നിരുന്ന രക്തം സ്വന്തം ശരീരത്തില്‍ തേച്ച് മരിച്ചതുപോലെ കിടക്കുകയായിരുന്നു. താനും വെടിയേറ്റ് മരിച്ചെന്ന് അക്രമി കരുതാന്‍ വേണ്ടിയാണ് 11-കാരി ഈ തന്ത്രംപയറ്റിയത്. പിന്നീട് വെടിയേറ്റ് കൊല്ലപ്പെട്ട അധ്യാപികയുടെ ഫോണില്‍നിന്ന് 911-ല്‍ വിളിച്ച് അടിയന്തര സഹായം തേടുകയും ചെയ്തു. ആക്രമണത്തില്‍ മിയാഹ് സെറില്ലോയുടെ പുറത്താണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
Content Highlights: kids and teachers shares texas school shooting incident


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..