അറസ്റ്റിലായ സുബീഷ്, ലിജോ, പ്രതീഷ്, വിഷ്ണു, അക്ബർ ഷാ
കാക്കനാട്: ദമ്പതിമാരുടെ കാർ തടഞ്ഞ് ഭർത്താവിനെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ ഗുണ്ടാസംഘം അറസ്റ്റിൽ. ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടത്.
പത്തനംതിട്ട മണക്കാല ചെരുവിള പുത്തൻവീട്ടിൽ വിഷ്ണു ജയൻ (27), കൊല്ലം എഴിപ്രം ആസിഫ് മൻസിലിൽ അക്ബർ ഷാ (26), കൊല്ലം മുളവന ലോപ്പേറഡെയിൽ വീട്ടിൽ പ്രതീഷ് (37), പനമ്പിള്ളി നഗർ പെരുമ്പിള്ളിത്തറ വീട്ടിൽ സുബീഷ് (39), തേവര പെരുമാനൂർ കുരിശുപറമ്പിൽ വീട്ടിൽ ലിജോ (35) എന്നിവരെയാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്. ലിബിനും പ്രതികളും തമ്മിലുള്ള വാഹന, പണ ഇടപാടുകളാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഏഴോടെ നടന്ന സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ - ലിബിനും ഭാര്യയും കാറിൽ വരുമ്പോൾ ഇൻഫോപാർക്കിനു സമീപം കിൻഫ്ര കവാടത്തിനടുത്ത് എത്തിയപ്പോൾ പിന്നാലെ കാറിലെത്തിയ സംഘം ലിബിന്റെ വാഹനത്തിന് വട്ടംെവച്ചു. ഭാര്യയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട ശേഷം യുവാവിനെ തട്ടിക്കൊണ്ടുപോയി.
പത്തനംതിട്ടയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽവെച്ച് ലിബിനെ ക്രൂരമായി മർദിച്ചു. അടൂരിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ രണ്ടാം നമ്പർ മുറിയിൽ അബോധാവസ്ഥയിലാണ് പോലീസ് ലിബിനെ കണ്ടെത്തിയത്. അവശനായ ലിബിന്റെ സഹോദരനെയും പിതാവിനെയും വാട്‌സാപ്പിൽ വിളിച്ച് മോചനദ്രവ്യമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു.
ലിബിന്റെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത ഇൻഫോപാർക്ക് പോലീസ് അടൂർ പോലീസിന്റെ സഹായത്തോടെയാണ് മൂന്നു പ്രതികളെ പിടികൂടിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ മറ്റ് രണ്ട് പ്രതികളെ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ലിബിൻ മെഡിക്കൽ കോളേജിൽ
മർദനത്തിൽ ഗുരുതര പരിക്കുപറ്റിയ ലിബിൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
തൃക്കാക്കര അസിസ്റ്റൻറ് കമ്മിഷണർ പി.വി. ബേബിയുടെ നിർദേശപ്രകാരം ഇൻഫോപാർക്ക് സി.ഐ. വിപിൻദാസ്, എസ്.ഐ. ഇന്ദുചൂഡൻ, പോലീസുകാരായ മുരളീധരൻ, സജിത്ത് പോൾ, ജയകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ജീവനക്കാരന് വീഴ്ച വന്നതായി പൊതുമരാമത്ത് വകുപ്പ്
അടൂർ/കൊച്ചി: എറണാകുളത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ഗുണ്ടകൾ താവളമാക്കിയത് അടൂരിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസ്. എറണാകുളം ഇൻഫോപാർക്ക് പോലീസ് ഈ റസ്റ്റ് ഹൗസിലെ രണ്ടാം നമ്പർ മുറിയിൽനിന്നാണ് യുവാവിനെ കണ്ടെത്തിയത്.മുറിക്കുള്ളിൽ മദ്യവും ഒഴിഞ്ഞ മദ്യക്കുപ്പികളും സിഗരറ്റുകളും കണ്ടെത്തി. ലിബിന്റെ ദേഹത്ത് സിഗരറ്റുകൊണ്ട് കുത്തിയ പാടുകളും മുഖം മുഴുവൻ അടിയും ചവിട്ടുമേറ്റ് ചതവുമുണ്ട്. അബോധാവസ്ഥയിൽ കട്ടിലിൽ കിടക്കുകയായിരുന്നു യുവാവ്. തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരിക്കുള്ളതിനാൽ അടൂർ ജനറൽ ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ലിബിനെ കാക്കനാട്ടുനിന്നു കടത്തിയ സംഘം നേരേ പോയത് പൊതുമരാമത്തിന്റെ അടൂർ റസ്റ്റ് ഹൗസിലേക്കായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ റസ്റ്റ് ഹൗസിലെ മുറി നൽകിയ സംഭവത്തിൽ, ജീവനക്കാരന് വീഴ്ച വന്നതായി കാണിച്ച് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകി. താത്‌കാലിക ജീവനക്കാരനായ രാജീവ് ഖാനെതിരേയാണ് റിപ്പോർട്ട് നൽകിയത്. പ്രതികളിലൊരാളുമായിട്ടുള്ള പരിചയം വെച്ചാണ് മുറി നൽകിയതെന്നാണ് ജീവനക്കാരൻ പറഞ്ഞതെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നു.
Content Highlights: kidnap case gangsters arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..