'കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍വെച്ച് കയറിപിടിച്ചു'; കോച്ചിനെതിരേ ഹാന്‍ഡ്‌ബോള്‍ താരത്തിന്റെ പരാതി


പ്രതീകാത്മക ചിത്രം | Getty Images

തിരുവനന്തപുരം: ഹാന്‍ഡ്‌ബോള്‍ പരിശീലകനില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി വനിതാ താരത്തിന്റെ പരാതി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍നിന്ന് അടുത്തിടെ വിരമിച്ച ഹാന്‍ഡ് ബോള്‍ പരിശീലകനെതിരെയാണ് വനിതാ ഹാന്‍ഡ് ബോള്‍ താരം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മത്സരത്തിനായി കൊച്ചിയില്‍ പോയ സമയത്ത് ഹോട്ടലില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നും ഇത് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലും വനിതാ കമ്മിഷനിലും പോലീസിന്റെ വുമണ്‍സെല്ലിലും പരാതി നല്‍കിയതായി വനിതാ താരം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഏപ്രിലിലായിരുന്നു സംഭവം. കൊച്ചിയില്‍ ഒരു മത്സരത്തിനായി എത്തിയ വേളയില്‍ ഹോട്ടല്‍മുറിയില്‍വെച്ച് പരിശീലകന്‍ ഉപദ്രവിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. അന്നുനടന്ന സംഭവത്തെക്കുറിച്ച് പരാതിക്കാരി വിശദീകരിക്കുന്നത് ഇങ്ങനെ:-

' കൊച്ചിയിലെ ഒരു ഹോട്ടലിലായിരുന്നു ടീമിന്റെ താമസം. അന്നത്തെ ദിവസം രാത്രിയിലെ ഭക്ഷണം എടുക്കാന്‍ മുറിയിലേക്ക് വരാന്‍ പരിശീലകന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് ഭക്ഷണം എടുക്കാനായി ഞാനും മറ്റൊരു പെണ്‍കുട്ടിയും പരിശീലകന്റെ മുറിയിലെത്തി. മുറിയില്‍ എത്തിയപ്പോള്‍ മഴയായതിനാല്‍ ഭക്ഷണം കൊണ്ടുവരാന്‍ വൈകുമെന്ന് പറഞ്ഞു. തുടര്‍ന്ന് തിരിച്ചുപോകാന്‍ ഒരുങ്ങിയെങ്കിലും എന്നോട് മുറിയില്‍ നില്‍ക്കാനാണ് അദ്ദേഹം പറഞ്ഞത്. പിറ്റേദിവസത്തെ മത്സരത്തെക്കുറിച്ച്‌ ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പം വന്ന പെണ്‍കുട്ടിയെ മുറിയില്‍നിന്ന് പറഞ്ഞയച്ചു.

ആ പെണ്‍കുട്ടി തിരിച്ചുപോയതോടെ ഞാന്‍ മുറിയില്‍ തന്നെ ഇരുന്നു. തുടര്‍ന്ന് അദ്ദേഹം പിറ്റേദിവസത്തെ മത്സരത്തെക്കുറിച്ചെല്ലാം സംസാരിച്ചു. അത് കഴിഞ്ഞതോടെ ഞാന്‍ തിരികെ പോകട്ടെ എന്ന് ചോദിച്ചപ്പോള്‍, ഭക്ഷണം ഇപ്പോള്‍ വരുമെന്നും അതിനുശേഷം പോകാമെന്നും പറഞ്ഞു. അതിനിടെ കറന്റ് പോയി. ഇതോടെ കറന്റ് വന്നിട്ട് പോയാല്‍ മതിയെന്നും അതുവരെ മുറിയില്‍ തന്നെ ഇരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ അദ്ദേഹം എന്റെ ചുമലില്‍ കയറി പിടിച്ചു. കൈ തട്ടിമാറ്റിയപ്പോള്‍ വീണ്ടും രണ്ടുചുമലുകളിലും പിടിക്കാന്‍ ശ്രമിച്ചു. നേരത്തെ തനിക്ക് ചുമലില്‍ പരിക്കേറ്റതിനാല്‍ പിന്നീട് അതേക്കുറിച്ചായി ചോദ്യം. വേദനയുണ്ടോ എന്നെല്ലാം ചോദിച്ചു. ഇപ്പോള്‍ കുഴപ്പമില്ലെന്ന് മറുപടിയും നല്‍കി.

തുടര്‍ന്ന് ഒറ്റയ്ക്കിരിക്കാന്‍ പേടിയുണ്ടോ എന്ന് ചോദിച്ച് മറ്റൊരു കസേര എടുത്തിട്ട് അടുത്തിരുന്നു. ഞാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ കറന്റ് വന്നിട്ട് പോകാമെന്നും ഇരുട്ടത്ത് ഇറങ്ങി നടക്കേണ്ടെന്നും പറഞ്ഞ് അവിടെതന്നെ ഇരുത്തി. പിന്നീട് എന്റെ കൈയില്‍ പിടിച്ചു. അപ്പോള്‍ ഞാന്‍ തട്ടിമാറ്റുകയും എന്തിനാ കൈയില്‍ കയറിപിടിക്കുന്നതെന്നും ചോദിച്ചു. ഇതോടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കടന്നുപിടിച്ചു. ഇപ്പോള്‍ എന്തുനടന്നാലും പുറത്താരും അറിയില്ല. ആരോടും പറയാതിരുന്നാല്‍ മതി, എന്റെ ജീവിതം മാറ്റിമറിക്കാന്‍ തനിക്ക് കഴിയും. ഇന്ത്യന്‍ ടീമില്‍ വരെ കളിപ്പിക്കാന്‍ പറ്റും എന്നിങ്ങനെയെല്ലാം പറഞ്ഞു.

അതോടെ അങ്ങനെ എനിക്ക് കളിക്കേണ്ട എന്ന് പറഞ്ഞ് മുറിയില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു അപ്പോള്‍ പിന്നാലെ വന്ന് പിടിച്ചുനിര്‍ത്തി. ഇക്കാര്യം ആരോടും പറയരുതെന്നും പുറത്തറിഞ്ഞാല്‍ എന്താണെന്ന് അറിയാമല്ലോ എന്നുപറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു'- പെണ്‍കുട്ടി പറഞ്ഞു.

സംഭവദിവസം രാത്രി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല. ഭയം കാരണം അന്നേദിവസം ആരോടും സംഭവത്തെക്കുറിച്ച് പറഞ്ഞില്ല. തുടര്‍ന്ന് പിറ്റേദിവസം കായികതാരമായ ഒരു സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞു. ഹോട്ടലില്‍ നടന്ന സംഭവം താന്‍ ചിലരോട് വെളിപ്പെടുത്തിയെന്ന് മനസിലായതോടെ പരിശീലകന്‍ പിന്നീട് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.

ഗ്രൗണ്ടില്‍ പരിശീലനത്തിനിടെയായിരുന്നു മാനസികപീഡനം. മറ്റുള്ളവരോട് പലതും പറഞ്ഞ് തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ വീണ്ടും ദേശീയ ടീമില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പരിശീലകന്‍ സമീപിച്ചിരുന്നതായും പരാതിക്കാരി ആരോപിച്ചു. പിന്നീട് മറ്റുചില വനിതാ താരങ്ങളോട് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയതോടെ അവരില്‍ പലര്‍ക്കും സമാനരീതിയില്‍ ഉപദ്രവം നേരിട്ടുണ്ടെന്ന് മനസിലായി. ഇതോടെയാണ് പരിശീലകനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാത്തതിനാലാണ് വീണ്ടും തിരുവനന്തപുരത്ത് എത്തി താന്‍ ടീമിന്റെ ഭാഗമായതെന്നും പരാതിക്കാരി പറഞ്ഞു.

കഴിഞ്ഞമാസം സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് വനിതാ കമ്മിഷനിലും പോലീസിന്റെ വുമണ്‍സെല്ലിലും പരാതി നല്‍കി. കഴിഞ്ഞദിവസം വുമണ്‍സെല്ലില്‍ മൊഴി രേഖപ്പെടുത്തി. ആരോപണവിധേയനായ പരിശീലകനും സഹോദരനും സ്വാധീനമുള്ളതിനാലും ഗുണ്ടാസംഘങ്ങളുമായി അടക്കം ബന്ധമുള്ളതിനാലും തനിക്ക് ഭയമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

അതേസമയം, പെണ്‍കുട്ടിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നായിരുന്നു പരിശീലകന്റെ പ്രതികരണം. ഹാന്‍ഡ് ബോള്‍ അസോസിയേഷനിലെ ഭാരവാഹിത്വത്തില്‍നിന്ന് തന്നെ പുറത്താക്കാനായി ചിലര്‍ നടത്തുന്ന നീക്കങ്ങളാണ് പരാതിക്ക് പിന്നിലെന്നും സംഭവത്തില്‍ വുമണ്‍സെല്ലിന് മൊഴി നല്‍കിയിട്ടുണ്ടെന്നും പരിശീലകന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.


Content Highlights: kerala woman hand ball player sexual harassment complaint against coach


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented