പ്രവീൺ റാണ | Photo: https://www.instagram.com/dr.praveenrana/
തൃശ്ശൂർ: നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത് അറസ്റ്റിലായ പ്രവീൺ റാണയുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ മേഖലകളിലേക്ക്. കൊച്ചിയിലെ വിവാദ ഡാൻസ് ബാറുമായി പ്രവീൺ റാണയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായാണ് വിവരം.
തേവരയിലെ ബാറുമായുള്ള റാണയുടെ ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. റാണയുടെ സുഹൃത്ത് ഷൗക്കത്തിന് ഡാൻസ് ബാറുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ വിദേശ വനിതകളെ അടക്കം മദ്യം വിളമ്പാൻ ഏർപ്പാടാക്കിയതിന് എക്സൈസ് ഈ ബാറിനെതിരെ കേസെടുത്തിരുന്നു. സ്ത്രീകൾ മദ്യം വിളമ്പിയതിനും ബാറിലെ സ്റ്റോക്ക് രജിസ്റ്ററിൽ അപാകതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. ഈ ബാറുമായി റാണയ്ക്ക് ബന്ധമുണ്ടോ എന്നാണ് ഇപ്പോൾ പോലീസ് അന്വേഷണം നടത്തുന്നത്.
പ്രവീണ്‍ 'സേഫ് ആന്‍ഡ് സ്ട്രോങ് നിധി' എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് നിലവിലുള്ള കേസ്. 18 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍.
ആരേയും വലയിലാക്കുന്ന പ്രൊഫഷണലിസം
കൃത്യമായ ആസൂത്രണത്തിലൂടെയും കറകളഞ്ഞ പ്രൊഫഷണലിസത്തോടു കൂടിയുള്ള റാണയുടെ പെരുമാറ്റം ആദ്യമൊന്നും ആർക്കും സംശയം തോന്നിക്കുന്നതായിരുന്നില്ല. കണ്ണടച്ച വിശ്വസിച്ച് ലക്ഷങ്ങൾ നൽകി ഒടുവിൽ വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ പരാതി നൽകുകയായിരുന്നു. സമൂഹത്തിലെ ഉന്നതരും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർന്ന നിലയിലുള്ളവരേയായിരുന്നു റാണ പ്രധാനമായും വലയിലാക്കിയിരുന്നത്. മാർക്കറ്റിങ്ങിലൂടെ നിർമ്മിച്ചെടുത്ത വ്യാജപ്രതിച്ഛായ ജനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്തു. ഇതുമുതലെടുത്ത് കൊണ്ടായിരുന്നു അദ്ദേഹം കൂടുതൽ പേരെ ഇരയാക്കിയത്.
വിനയായത് നിക്ഷേപകരുടെ യോഗം
നിക്ഷേപത്തിൽ നിന്ന് റിട്ടേണോ മറ്റോ കിട്ടാതായതോടെ നിക്ഷേപകർ തന്നെ രംഗത്തെത്തുകയായിരുന്നു. നിരന്തരമുള്ള ആക്ഷേപം ശമിപ്പിക്കാൻ വേണ്ടിയും കമ്പനിയിൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കാനും വേണ്ടിയായിരുന്നു റാണ നിക്ഷേപകരെയൊക്കെ തൃശ്ശൂരിലെ റാണാസ് റിസോർട്ടിൽ വിളിച്ചു ചേർത്തത്. എന്നാൽ ഇത് അയാൾക്ക് തന്നെ വിനയായി മാറുകയായിരുന്നു. ഇതുവരെ പരസ്പരം കണ്ടുമുട്ടാത്ത നിക്ഷേപകർ പരസ്പരം കാണാനും അതുവഴി അവർക്ക് തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി അടുത്ത നീക്കങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനും സാധിച്ചു. "എന്നാൽ താനും കമ്പനിയിൽ ഒരു നിക്ഷേപകൻ മാത്രമാണെന്നും മറ്റുള്ളവർ രാജിവെച്ചപോലെ താനും രാജിവെക്കുന്നു" എന്ന് ചൂണ്ടിക്കാട്ടിയുള്ള റാണയുടെ ശബ്ദ സന്ദേശം പുറത്തു വന്നതോടെ എല്ലാവർക്കും കാര്യം ബോധ്യപ്പെട്ടു. ഇനി ഒരിക്കലും തങ്ങൾക്ക് പണം തിരികെ ലഭിക്കാന പോകുന്നില്ല എന്ന്. അതോടെ നിയമപരമായി നീങ്ങുകയായിരുന്നു.
പോലീസ് എത്തുംമുമ്പേ കറുപ്പുടുത്ത് നാടുവിട്ടു
അറസ്റ്റ് ഉറപ്പായതോടെ റാണ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് തമിഴ്നാട്ടിലേക്കായിരുന്നു കടന്നത്. കറുത്ത വസ്ത്രം ധരിച്ച് പോലീസ് എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു റാണ കൊച്ചിയിലെ ചെലവന്നൂരിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടത്. ആദ്യം തന്റെ ബെൻസിൽ കയറി സുഹൃത്തുക്കൾക്കൊപ്പം പോവുകയും അങ്കമാലിയിൽ നിന്ന് വാഹനം മാറിക്കേറി ബൊലേറോയിലേക്ക് യാത്ര മാറ്റുകയുമായിരുന്നു.
ദാരിദ്ര്യക്കണക്കു മാത്രം മൊഴി
അറസ്റ്റിലായ റാണയ്ക്ക് പോലീസിനോട് പറയാനുണ്ടായിരുന്നത് പണമില്ലാക്കഥകളായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് പണത്തിനായി പല ശ്രമങ്ങളും നടത്തിയിരുന്നെന്നും മോതിരം വിറ്റ് 25,000 രൂപ സ്വരൂപിച്ചെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അതേസമയം തന്റെ അക്കൗണ്ടിലെ 16 കോടി രൂപ റാണ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ധൂര്‍ത്ത് അതിദരിദ്രനാക്കി മാറ്റിയെന്നും പ്രവീണ്‍ മൊഴി നല്കി.
പൊള്ളാച്ചിയിലെ അഞ്ചു ദിവസത്തെ ഒളിവു ജീവിതത്തിന് മാത്രം വേണ്ടിവന്നത് 75,000 രൂപയായിരുന്നുവെന്നാണ് വിവരം. എറണാകുളത്തുനിന്ന് അങ്കമാലിയിലെത്തിയ ശേഷം പല സുഹൃത്തുക്കളോടും റാണ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരെല്ലാവരും കൈമലര്‍ത്തി.
Content Highlights: Kerala fraudster Praveen Rana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..