കെ.ആർ.ശൈലജ
തിരുവനന്തപുരം: പ്രമാദമായ നിരവധി കേസുകളില്‍ പ്രതികളിലേക്കുള്ള സൂചനകള്‍ കണ്ടെത്തിയത് ശൈലജയുടെ കണ്ണുകളിലൂടെയാണ് . വിരലടയാളങ്ങളെ കണ്ടെത്തി, കൃത്യമായി വിശകലനം ചെയ്ത് അവ അന്വേഷണസംഘങ്ങളുടെ മുന്നിലെത്തിച്ചു. സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ധ കെ.ആര്‍.ശൈലജ ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന പദവിയില്‍ നിന്നും വിരമിക്കുകയാണ്, കേരളത്തിനും ഒപ്പം സ്ത്രീകള്‍ക്കും അഭിമാനമായി.
കോട്ടയത്തെ ദമ്പതിമാരുടെ കൊലപാതകമാണ് ജോലിയില്‍ മറക്കാനാവാത്ത സംഭവമെന്ന് ശൈലജ പറയുന്നു. നാഗമ്പടത്ത് കൈനറ്റിക് റബ്ബേഴ്സ് ഉടമ ഒഡീഷാ സ്വദേശി ശ്രീധറും ഭാര്യ സ്വരാജലക്ഷ്മിയുമാണ് കൊല്ലപ്പെട്ടത്. വിരലടയാളങ്ങളിലൂടെ സംശയിച്ചയാള്‍ തന്നെയാണ് പ്രതിയെന്ന് അന്വേഷണസംഘം കണ്ടെത്തി. അസം സ്വദേശി പ്രദീപ് ബോറയാണ് (ജോണ്ടി) പ്രതിയെന്ന് കോടതിയിലും പോലീസിന് തെളിയിക്കാനായി. പ്രതിക്ക് വധശിക്ഷ കോടതി വിധിച്ചു. പ്രദീപ് ബോറ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.
കട്ടപ്പനയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ബ്രിജിത് എന്ന സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും ശൈലജയുണ്ടായിരുന്നു. വീട്ടിലെ ജോലിക്കാരനും സുഹൃത്തുമായിരുന്നു പ്രതികള്‍. ഇവരെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു.
കോട്ടയം കങ്ങഴ സ്വദേശിയായ ശൈലജ 1997 ലാണ് ഫിംഗര്‍ പ്രിന്റ് സെര്‍ച്ചറായി ജോലിയില്‍ പ്രവേശിച്ചത്. കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലായിരുന്നു സേവനം. കഴിഞ്ഞ വര്‍ഷം ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചതോടെ തിരുവനന്തപുരം ഫിംഗര്‍പ്രിന്റ് ബ്യൂറോയിലെത്തി. 26-വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുമ്പോള്‍ ശൈലജയ്ക്ക് നിറഞ്ഞ സംതൃപ്തി മാത്രമാണുള്ളത്. തിരുവനന്തപുരത്ത് കവടിയാറില്‍ മകള്‍ക്കൊപ്പമാണ് താമസം.

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ സംഘടിപ്പിച്ച ഔദ്യോഗിക യാത്രയയപ്പ് ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പത്മകുമാര്‍ കെ.ആര്‍. ശൈലജയ്ക്ക് ഉപഹാരം സമ്മാനിച്ചു. പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണ്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോ ഡയറക്ടര്‍ വി.നിഗാര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
Content Highlights: kerala first woman finger print officer retires from service


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..