കാർ കത്തുന്ന ദൃശ്യം, മരിച്ച മാത്യു
മാനന്തവാടി: നിര്‍ത്തിയിട്ട കാര്‍ കത്തി കണ്ണൂര്‍ സ്വദേശിയായ ടെക്സ്റ്റൈല്‍സ് ഉടമ മരിച്ചു.കേളകം മഹാറാണി ടെക്സ്റ്റൈല്‍സ് ഉടമ കേളകം നാനാനിപ്പൊയില്‍ കോണ്‍വെന്റിനു സമീപത്തെ നാട്ടുനിലത്ത് എം.കെ. മാത്യു (മത്തച്ചന്-58)വാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ചൊവ്വാഴ്ച ജില്ലാ സ്കൂള്‍ കലോത്സവം തുടങ്ങാനിരുന്ന കണിയാരം ഫാ. ജി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിനു മുന്‍വശത്തെ റബ്ബര്‍തോട്ടത്തില്‍ നിര്‍ത്തിയിട്ട കാറാണ് കത്തിയത്.
മാനന്തവാടി സെയ്ന്റ് ജോസഫസ് കത്തീഡ്രലിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍തോട്ടത്തിലാണ് കാറുണ്ടായിരുന്നത്. സ്കൂളില്‍ കലോത്സവവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന തൊഴിലാളികളാണ് കാര്‍ കത്തുന്നത് കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാനന്തവാടി പോലീസും അഗ്നിരക്ഷാസേനയും എത്തി തീയണച്ച ശേഷമാണ് ഡ്രൈവിങ് സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കളും നാട്ടുകാരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി. നാനാനിപ്പൊയിലില്‍ മഹാറാണി ബ്രൈഡല്‍സ് ലേഡീസ് ആന്‍ഡ് കിഡ്സ് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ഷൈബിയാണ് മാത്യുവിന്റെ ഭാര്യ. മക്കള്‍: സാന്ദ്ര (ഇംഗ്ലണ്ട്), മാനസ.
സഹോദരങ്ങള്‍: തെയ്യാമ്മ, സിസ്റ്റര്‍ വിനീത, ഫാ. ഡൊമിനിക് (സി.എം.ഐ.), ഔസേപ്പച്ചന്, ജിമ്മി, സാബു, പരേതനായ ജോയി(മഹാറാണി ടെക്സ്റ്റൈല്‍സ്, തൊട്ടില്‍പ്പാലം).
ദുരൂഹത ബാക്കിയാക്കി മാത്യുവിന്റെ വേര്‍പാട്...
മാനന്തവാടി: കാണുന്നവരോടൊക്കെ സൗമ്യമായി പെരുമാറിയിരുന്ന പ്രിയപ്പെട്ട മാത്യുവിന് എന്തുസംഭവിച്ചെന്ന ദുഃഖമാണ് കേളകം സ്വദേശികള്‍ പരസ്പരം പങ്കുവെക്കുന്നത്. അഞ്ചുപതിറ്റാണ്ടായി കേളകത്ത് തലയുയര്ത്തിനില്ക്കുന്ന മഹാറാണി ടെക്സ്റ്റയില്‍ എന്ന സ്ഥാപനത്തെപ്പറ്റി അവിടെയെത്തുന്ന എല്ലാവര്‍ക്കുമറിയാം.
ഏറെക്കാലമായി വസ്ത്രവ്യാപാരശാലയുടെ അമരത്തിരിക്കുന്ന എം.കെ. മാത്യു എന്ന മാത്തച്ചനും സുപരിചിതന്‍. മകളുടെ കല്യാണം നടക്കാനിരിക്കേ കുടുംബത്തിലുണ്ടായ ദുഃഖം ഉള്‍ക്കൊള്ളാനാവാത്ത പ്രയാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കണിയാരത്തെ റബ്ബര്‍ത്തോട്ടത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തുന്നത് സമീപത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. വയനാട് ജില്ലാ സ്കൂള്‍ കലോത്സവം ചൊവ്വാഴ്ച തുടങ്ങാനിരിക്കേ അതിനുള്ള ഉത്സാഹത്തിലായിരുന്നു നാടൊന്നാകെ. സ്കൂള്‍ കലോത്സവം നടക്കുന്ന ഫാ. ജി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിനു തൊട്ടുമുന്നിലുള്ള മാനന്തവാടി സെയ്ന്റ് ജോസഫ്സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്.
റബ്ബറിനുപുറമേ കാപ്പിയും ഈ തോട്ടത്തിലുണ്ട്. കാപ്പിത്തോട്ടനരികിലായാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കത്തീഡ്രലില്‍നിന്ന് മഠത്തിലേക്ക് പോകാനായി മുമ്പ് ഇതുവഴി റോഡ് ഉണ്ടായിരുന്നെങ്കിലും മഠത്തിലേക്ക് മറ്റുവഴിയുള്ളതിനാല്‍ ഇപ്പോള്‍ ഇതുവഴി വാഹനങ്ങള്‍ കൊണ്ടുപോകാറില്ല. എങ്കിലും നടവഴിയായി റോഡ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. കേളകത്തുനിന്ന് ആളൊഴിഞ്ഞ ഈ സ്ഥലത്ത് മാത്യു എങ്ങനെ എത്തിയെന്ന സംശയമാണ് എല്ലാവരിലുമുള്ളത്.
സഹോദരന് കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ളതാണ് മാത്യു ഉപയോഗിച്ച കാര്‍. വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ആളെപ്പറ്റിയുള്ള സൂചന പോലീസിന് ലഭിച്ചത്.
വൈകീട്ടോടെ ബന്ധുക്കളും നാട്ടുകാരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മാത്യു കാറോടിച്ചുപോകുന്ന ദൃശ്യം സെയ്ന്റ് ജോസഫ്സ് കത്തീഡ്രലില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മാനന്തവാടി ഭാഗത്തുനിന്നാണ് കാര്‍ വന്നതെന്ന് വീഡിയോയിലൂടെ വ്യക്തമാണ്.
ഒരുനിമിഷം കത്തീഡ്രലിനുമുന്നില്‍ നിര്‍ത്തിയ ശേഷമാണ് ദേവാലയത്തിന്റെ അരികുവഴി കടന്നുപോകുന്ന റോഡിലൂടെ മാത്യു കാര്‍ ഓടിച്ചുപോയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകൂ.
മകളുടെ കല്യാണം നടക്കാനിരിക്കേ എത്തിയ ദുരന്തം
26-ന് നടക്കാനിരുന്ന മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു മാത്യുവും കുടുംബവും. ഇതിനായി കാറ്ററിങ് സര്‍വീസും പേരാവൂര്‍ തൊണ്ടിയില്‍ എത്തി ഓഡിറ്റോറിയവും ബുക്ക് ചെയ്തിരുന്നു. തിങ്കളാഴ്ച കെ.എസ്.എഫ്.ഇ.യിലേക്ക് എന്നുപറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയതെന്ന് കേളകത്തുനിന്നെത്തിയവര് പറഞ്ഞു.
വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനും നാട്ടുകാരും ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മാനന്തവാടി അഗ്നിരക്ഷായൂണിറ്റിലെ അസി. സ്റ്റേഷന് ഓഫീസര്‍ പി.സി. ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
മാനന്തവാടി സ്റ്റേഷനിലെ എ.എസ്.ഐ. കെ. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. തുടര്‍ന്ന് മാനന്തവാടി എസ്.ഐ. കെ.കെ. സോബിന്‍, ജൂനിയര്‍ എസ്.ഐ. സാബു ചന്ദ്രന്, ഇന്‍സ്പെക്ടര്‍ എം.എം. അബ്ദുള്‍ കരീം, ഡിവൈ.എസ്.പി. എ.പി. ചന്ദ്രന് എന്നിവരും സ്ഥലത്തെത്തി. മാനന്തവാടി ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlights: kelakom textiles shop owner charred body found in car
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..