അറസ്റ്റിലായ പ്രതികൾ
കാസര്‍കോട്: തൃക്കരിപ്പൂര്‍ വയലൊടിയില്‍ യുവാവിനെ തെങ്ങിന്തോപ്പില് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ രണ്ടുപ്രതികളെ പിടികൂടി. സൗത്ത് തൃക്കരിപ്പൂര്‍ സ്വദേശി ഒ.ടി. മുഹമ്മദ് ഷബാസ്(22) എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്നാസ്(25) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ വയലൊടി ഹരിജന്‍ കോളനിയിലെ പ്രിജേഷി(31)നെയാണ് വീടിന് സമീപത്തെ തെങ്ങിന്തോപ്പില് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മൊബൈലില്‍ ഒരു കോള്‍ വന്നതിന് പിന്നാലെയാണ് പ്രിജേഷ് വീട്ടില്‍നിന്ന് പോയത്. പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
തിങ്കളാഴ്ച രാവിലെയാണ് വയലൊടിയിലെ തെങ്ങിന്തോപ്പില് മരിച്ചനിലയില്‍ കണ്ടത്. പാന്റ്സ് മാത്രം ധരിച്ച് ശരീരം മുഴുവന്‍ ചെളിപുരണ്ട നിലയിലായിരുന്നു. പുറത്തും കൈത്തണ്ടയിലും ചോര കല്ലിച്ച പാടുകളും മുറിവുകളുമുണ്ടായിരുന്നു. മൃതദേഹത്തിന് സമീപം യുവാവിന്റെ ബൈക്കുമുണ്ടായിരുന്നു. വയലൊടി പാലം കഴിഞ്ഞുള്ള വളവിലെ മതിലിലാണ് ഹെല്‍മെറ്റ് കണ്ടെത്തിയത്. പാന്റ്സിന്റെ കീശയില്‍നിന്ന് പേഴ്സ് കിട്ടിയെങ്കിലും മൊബൈല്‍ ഫോണ്‍ കിട്ടിയിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
Also Read
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന് നായര്‍, ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണന്, എസ്ഐ ശ്രീദാസ്, എസ്ഐ സതീശന്, എ.എസ്.ഐ. സുരേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റിജേഷ്, രമേശന്, ദിലീഷ്, രതീഷ്, സുരേശന് കാനം, ഷാജു പോലീസുകാരായ സുധീഷ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് 24 മണിക്കൂറിനുള്ളില്‍ കേസിലെ മുഖ്യപ്രതികളെ പിടികൂടിയത്.
Content Highlights: kasargod trikarippur youth prijesh death is murder two in police custody
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..