സുബൈദ വധക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒന്നാം പ്രതി കെ.എം. അബ്ദുൾ ഖാദറിനെജയിലിലേക്ക് കൊണ്ടുപോകുന്നു(ഇടത്ത്) കൊല്ലപ്പെട്ട സുബൈദ(വലത്ത്) | ഫോട്ടോ: മാതൃഭൂമി
കാസര്‍കോട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസില്‍ ഒന്നാംപ്രതി കുഞ്ചാര്‍ കൊട്ടക്കണ്ണി സ്വദേശി കെ.എം. അബ്ദുള്‍ഖാദറി(30)ന് ജീവപര്യന്തം തടവ് ശിക്ഷ. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
കൊലപാതകം, ഭവനഭേദനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. കേസില്‍ മൂന്നാംപ്രതിയായിരുന്ന കാസര്‍കോട് മാന്യ സ്വദേശി ഹര്‍ഷാദി(34)നെ കോടതി വെറുതെവിട്ടിരുന്നു. അതേസമയം, പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട രണ്ടാംപ്രതി കര്‍ണാടക അസീസിനെ പിടികൂടാന്‍ കഴിയാത്തതിനാല്‍ വിചാരണയ്ക്ക് ഹാജരാക്കാനായിരുന്നില്ല. നാലാംപ്രതി കുതിരപ്പാടി സ്വദേശി പി.അബ്ദുള്‍അസീസിനെ കേസില്‍ മാപ്പുസാക്ഷിയാക്കി.
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുബൈദയെ 2018 ജനുവരി 19-നാണ് റോഡരികിലെ വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുബൈദയുടെ 27 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്യപ്പെട്ടിരുന്നു. ചുമരിനോടും വാതിലിനോടും ചേര്‍ന്ന് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയും മുഖവും തുണിയുപയോഗിച്ച് വരിഞ്ഞുകെട്ടിയിരുന്നു. വീട് പുറത്ത് നിന്ന് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.
സര്‍ക്കാര്‍ പതിച്ചു നല്‍കിയ 15 സെന്റില്‍ വീടുണ്ടാക്കി താമസിക്കുന്നതിനിടെയായിരുന്നു കൊലപാതകം. അന്ന് ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി.സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യായിരുന്ന കെ.ദാമോദരന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന വി.കെ.വിശ്വംഭരന്‍, സി.കെ.സുനില്‍കുമാര്‍, സി.എ.അബ്ദുള്‍റഹീം എന്നിവരാണ് അന്വേഷണം നടത്തിയത്. ബേക്കല്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന വിശ്വംഭരനായിരുന്നു അന്വേഷണച്ചുമതല. 45 സാക്ഷികളെ വിസ്തരിച്ചു. 120 രേഖയും 52 തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ദിനേശ്കുമാര്‍ ഹാജരായി.
രണ്ട് ഗ്ലാസ് നാരങ്ങാവെള്ളം; ഒന്ന് പാതി കുടിച്ചത്
കൊല്ലപ്പെട്ട സുബൈദയുടെ വീട്ടിലെ മേശപ്പുറത്ത് രണ്ട് ഗ്ലാസ് നാരങ്ങാവെള്ളം ഉണ്ടായിരുന്നു. അതിലൊന്ന് പാതി കുടിച്ച നിലയിലായിരുന്നു. അക്രമികള്‍ സുബൈദക്ക് മുന്‍പരിചയം ഉള്ളവരായിരുന്നിരിക്കാമെന്ന നിലയില്‍ അന്വേഷണത്തിന് അതൊരു കച്ചിത്തുരുമ്പായി.
വെള്ളക്കാറിലാണ് സംഘം എത്തിയത്. കൊല നടത്തിയതിനുശേഷം ബെംഗളൂരുവിലേക്ക് കടന്നു. വീടിന് വിളിപ്പാടകലെ ഒഴിഞ്ഞ പറമ്പില്‍നിന്ന് ആസിഡ് കുപ്പിയും കൈകാലുകള്‍ കെട്ടിയിട്ട തുണിയുടെ ബാക്കിയും പോലീസ് കണ്ടെത്തിയിരുന്നു. രണ്ടു വള, ഒരു മാല, കമ്മലുകള്‍ എന്നിവയാണ് കവര്‍ന്നത്. കാസര്‍കോട്ടെ ജൂവലറിയിലാണ് പ്രതികള്‍ ആഭരണം വിറ്റത്. കൈയില്‍ കിട്ടിയ 1.18 ലക്ഷം രൂപ വീതംവെച്ച് ബെംഗളൂരുവിലേക്ക് കടന്നു. പ്രതികള്‍ വാടകയ്ക്ക് എടുത്ത കാറും കൊല നടത്തിയ ദിവസം അസീസിന്റെ ഫോണില്‍ വന്ന മൊബൈല്‍ സേവനദാതാവിന്റെ സന്ദേശവുമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.
കര്‍ണാടക അസീസിന്റെ രക്ഷപ്പെടല്‍...
മറ്റൊരു കേസില്‍ കര്‍ണാടകയിലെ കോടതിയില്‍ ഹാജരാക്കി തിരികെകൊണ്ടുവരുന്നതിനിടെയാണ് രണ്ടാംപ്രതി കര്‍ണാടക അസീസ് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. 2018 സെപ്റ്റംബര്‍ 14-ന് സുള്ള്യയില്‍വെച്ചാണ് ഇയാള്‍ പോലീസിനെ കബളിപ്പിച്ച് മുങ്ങിയത്.
ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം കാസര്‍കോട്ടേക്കുള്ള ബസ്സില്‍ ഇരിക്കുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞാണ് അസീസ് പുറത്തിറങ്ങിയത്. തുടര്‍ന്ന് സമീപത്തെ മതിലിനടുത്തേക്ക് മൂത്രമൊഴിക്കാനായി പോയ ഇയാള്‍ പെട്ടെന്ന് പോലീസിനെ കബളിപ്പിച്ച് മതില്‍ചാടി ഓടിമറയുകയായിരുന്നു. ഇയാളെ പിടികൂടാനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയും വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് അസീസ്.
Content Highlights: kasargod subaida murder case first accused gets life imprisonment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..