കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖ്(ഇടത്ത്) ക്വട്ടേഷൻസംഘം യുവാക്കളെ തടവിൽ പാർപ്പിച്ച പൈവളിഗയിലെ വീട്(വലത്ത്) | Screengrab: Mathrubhumi News
കാസര്‍കോട്: കുമ്പളയില്‍ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഉപ്പള സ്വദേശികളായ അസീസ്, റഹീം എന്നിവരെയാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി 13 പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി വിവിധയിടങ്ങളില്‍ റെയ്ഡുകള്‍ തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ വീട്ടില്‍നിന്ന് 4.5 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൃത്യവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ചയാണ് കുമ്പള സീതാംഗോളി മുഗുറോഡിലെ അബൂബക്കര്‍ സിദ്ദീഖ്(32) ക്രൂരമായ മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. മര്‍ദനമേറ്റ് മരിച്ചുവീണ സിദ്ദീഖിനെ മൂന്നംഗസംഘം ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ച് മുങ്ങുകയായിരുന്നു.
ഗള്‍ഫിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കാരണം. സിദ്ദീഖിനെ ഗള്‍ഫില്‍നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് ഇയാളുടെ സഹോദരന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചിരുന്നു. സിദ്ദീഖ് കൊല്ലപ്പെട്ടതോടെ ഇവരെ പിന്നീട് വാഹനത്തില്‍ കൊണ്ടുപോയി വഴിയരികില്‍ ഇറക്കിവിടുകയായിരുന്നു.
ഉപ്പള സ്വദേശിയായ റിയാസ് എന്നയാളാണ് നാട്ടില്‍നിന്ന് പണമടങ്ങിയ ബാഗ് നല്‍കിയതെന്ന് മര്‍ദനമേറ്റ അന്‍സാരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സിദ്ദീഖിന്റെ സഹോദരന്‍ അന്‍വര്‍ വഴിയാണ് ഈ ബാഗ് തനിക്ക് ലഭിച്ചത്. ബാഗില്‍ പണമാണെന്ന് പറഞ്ഞിരുന്നില്ല. ഗള്‍ഫില്‍വെച്ച് മംഗളൂരു സ്വദേശിയായ റസീന്‍ എന്നയാള്‍ക്കാണ് ബാഗ് കൈമാറിയതെന്നും തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവരുടെ കൂട്ടത്തില്‍ ഇയാളുണ്ടായിരുന്നതായും അന്‍സാരി വെളിപ്പെടുത്തി.
അന്‍സാരിയും അന്‍വറും ഗള്‍ഫിലേക്ക് എത്തിച്ച ബാഗില്‍നിന്ന് പണം നഷ്ടമായെന്ന ആരോപണമാണ് തട്ടിക്കൊണ്ടുപോകലിലും മര്‍ദനത്തിലും കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. ബാഗ് കൈമാറി ഒരുമണിക്കൂറിന് ശേഷം ബാഗില്‍ പണമില്ലെന്ന് പറഞ്ഞ് റിയാസ് ഇവരെ വിളിച്ചിരുന്നു. തുടര്‍ന്ന് അന്‍സാരിയും അന്‍വറും നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച വിഷയത്തില്‍ സംസാരിക്കാമെന്ന് പറഞ്ഞ് അന്‍സാരിയെയും അന്‍വറിനെയും പ്രതികള്‍ വിളിച്ചുവരുത്തി. തുടര്‍ന്നാണ് വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്.
പൈവളിഗയിലെ വീട്ടിലെത്തിച്ചും ബോളംകളയിലെ കാട്ടില്‍വെച്ചും ക്രൂരമായി മര്‍ദിച്ചെന്നാണ് അന്‍സാരിയുടെയും അന്‍വറിന്റെയും മൊഴി. ഇതിനിടെയാണ് കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദീഖിനെ പ്രതികള്‍ ഗള്‍ഫില്‍നിന്ന് വിളിച്ചുവരുത്തിയത്. ഞായറാഴ്ച നാട്ടിലെത്തിയ സിദ്ദീഖിനെയും പ്രതികള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. തലകീഴായി മരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം. മണിക്കൂറുകള്‍ നീണ്ട മര്‍ദനത്തിനിടെ സിദ്ദീഖ് മരിച്ചതോടെ ഇയാളെ ആശുപത്രിയില്‍ എത്തിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ക്വട്ടേഷന്‍ സംഘമാണ് മൂവരെയും തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദീഖിന്റെ ശരീരത്തിലെ പേശികള്‍ അടിയേറ്റ് ചതഞ്ഞ് വെള്ളംപോലെയായിരുന്നു. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാല്‍ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നാണ് മൃതദേഹ പരിശോധന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. കാല്‍വെള്ളയിലും പിന്‍ഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയില്‍ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
Content Highlights: kasargod kumbala aboobacker siddhique murder case two accused arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..