പോലീസ് കസ്റ്റഡിയിലെടുത്ത ജി.ബി.ജി. നിധി ലിമിറ്റഡ് ചെയർമാൻ വിനോദ്കുമാർ(ഇടത്ത്, വൃത്തത്തിനുള്ളിൽ) ഡയറക്ടർ ഗംഗാധരൻ(വലത്ത്, വൃത്തത്തിനുള്ളിൽ)
കാസര്‍കോട്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ കുണ്ടംകുഴി ജി.ബി.ജി നിധി ലിമിറ്റഡ് ചെയര്മാന് വിനോദ്കുമാറിനെ ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിനോദ്കുമാറും ഡയറക്ടര്‍മാരും ജി.ബി.ജിക്കെതിരെയുള്ള കേസ് സംബന്ധിച്ച് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ കാസര്‍കോട് പ്രസ്ക്ലബ്ബില്‍ പത്രസമ്മേളനം നടത്താനിരിക്കെയാണ് വിനോദ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
വിനോദ് കുമാര്‍ പത്രസമ്മേളനം നടത്താന്‍ എത്തുമെന്ന് കരുതി കാസര്‍കോട്ടേക്ക് വന്ന ഡയറക്ടര്‍മാരിലൊരാളായ പെരിയ സ്വദേശി ഗംഗാധരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്രസമ്മേളനത്തിന് വിനോദ് കുമാറും മറ്റ് പ്രതികളും വരുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് പോലീസും സ്പെഷ്യല്‍ ബ്രാഞ്ചും കാസര്‍കോട് പ്രസ്ക്ലബ്ബ് പരിസരത്തെത്തിയിരുന്നു. നിക്ഷേപത്തട്ടിപ്പിന് ഇരകളായ നിരവധി പേരും പ്രസ്ക്ലബ്ബിലെത്തി. ചെയര്‍മാനും ഒരു ഡയറക്ടറും കസ്റ്റഡിയിലായതോടെ പത്രസമ്മേളനം മുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിലായി ഇരുപതോളം പേരാണ് ജി.ബി.ജി ധനകാര്യസ്ഥാപനത്തിനെതിരെ ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിനോദ്കുമാറിനും ആറ് ഡയറക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തിരുന്നത്.
ഒളിവില്‍ പോയിരുന്ന വിനോദ്കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഈ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കസ്റ്റഡിയിലായത്.
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിട്ട് കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച പണവും പലിശയും തിരികെ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പലരും പരാതി നല്‍കിയത്. വരുംദിവസങ്ങളിലും നിരവധി പേര് പരാതികളുമായി പോലീസിനെ സമീപിക്കുമെന്നാണ് വിവരം.
Content Highlights: kasargod gbg nidhi limited company money fraud case company chairman in custody
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..