Screengrab: Mathrubhumi News
കാസര്‍കോട്: കോളേജ് വിദ്യാര്‍ഥിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സൂചന. വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയാണെന്ന് സൂചനനല്‍കുന്ന വിവരങ്ങള്‍ ലഭിച്ചത്. അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മാനസികസമ്മര്‍ദം കാരണം ജീവനൊടുക്കുന്നുവെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുള്ളതെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതിനിടെ, അഞ്ജുശ്രീയുടെ മൊബൈല്‍ഫോണില്‍ വിഷത്തിന്റെ ഉപയോഗം സംബന്ധിച്ച് തിരഞ്ഞതിന്റെ വിവരങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ജനുവരി ഏഴാം തീയതി രാവിലെയാണ് കോളേജ് വിദ്യാര്‍ഥിനിയായ അഞ്ജുശ്രീ മരിച്ചത്. ഡിസംബര്‍ 31-ന് കുഴിമന്തി കഴിച്ചശേഷം പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതോടെ അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു.
സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണം ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം ആത്മഹത്യയാണെന്നും വിഷം ഉള്ളില്‍ച്ചെന്ന് മരണം സംഭവിച്ചതാണെന്നുമുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്. സംഭവത്തില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം കൂടി ലഭിക്കാനുള്ളതിനാല്‍ ഇതിനുശേഷമാകും പോലീസ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവിടുക.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: kasargod anjusree death more details
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..