അറസ്റ്റിലായ പ്രതികൾ
കാസര്‍കോട്: ക്വട്ടേഷന്‍ സംഘത്തിന്റെ തടങ്കലില്‍ സീതാംഗോളി മുഗുറോഡിലെ അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍. ഉദ്യാവര്‍ റസീന മന്‍സിലില്‍ റിയാസ് ഹസ്സന് (33), ഉപ്പള ബി.ടി. റോഡ് ന്യൂ റഹ്മത്ത് മന്‍സിലില്‍ അബ്ദുല്‍ റസാഖ് (46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലില്‍ അബൂബക്കര്‍ സിദ്ദിഖ് (33) എന്നിവരെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.
ഏജന്റുമാര്‍ വഴി ഗള്‍ഫിലേക്ക് കടത്തിയ 40 ലക്ഷം രൂപയുടെ ദിര്‍ഹം കാണാതായ സംഭവത്തില്‍ ക്വട്ടേഷന്‍ നല്കിയ സംഘത്തില്‍ പെട്ടവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം. റോഡില്‍ കണ്ണപ്പബാക്ക് ഹൗസില്‍ അബ്ദുള്‍ അസീസ് (36), ഉദ്യാവര്‍ ജെ.എം. റോഡില്‍ റൗഫ് റഹീം മന്‍സിലില്‍ അബ്ദുള്‍ റഹീം (41) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
റിയാസ് ഹസ്സന് പ്ലൈവുഡ് കമ്പനി നടത്തിപ്പുകാരനാണെന്നും അബ്ദുല്‍ റസാഖ് ട്രാവല്‍ ഏജന്സിയുടമയാണെന്നും ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന് നായര്‍ പറഞ്ഞു. ഇവരുടെ സഹായിയാണ് അബൂബക്കര്‍ സിദ്ദിഖ്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ നടപ്പാക്കിയ പൈവളിഗെ സംഘത്തില്‍ പെട്ടവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഡി.സി.ആര്.ബി. ഡിവൈ.എസ്.പി. യു. പ്രേമന്, കുമ്പള ഇന്‍സ്പെക്ടര്‍ പി. പ്രമോദ്, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സി.കെ. സന്തോഷ് കുമാര്‍, മഞ്ചേശ്വരം എസ്.ഐ. അന്‍സാര്‍, സുരേന്ദ്ര നായിക്, കുമ്പള എസ്.ഐ. അനീഷ്, രാമകൃഷ്ണന്, വനിതാ എസ്.ഐ. അജിത, എ.എസ്.ഐ. സഞ്ജീവന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രശേഖരന്, ശിവകുമാര്‍, ഗോകുല, സുഭാഷ്, രതീഷ്, രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്പി, ഷജീഷ് ശ്രീരാജ് എന്നിവരും പ്രത്യേക അന്വേഷണസംഘത്തിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..