പോലീസ് കസ്റ്റഡിയിലെടുത്ത ജി.ബി.ജി. നിധി ലിമിറ്റഡ് ചെയർമാൻ വിനോദ്കുമാർ(ഇടത്ത്, വൃത്തത്തിനുള്ളിൽ) ഡയറക്ടർ ഗംഗാധരൻ(വലത്ത്, വൃത്തത്തിനുള്ളിൽ)
കാസർകോട്: നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജി.ബി.ജി.) നിധി ലിമിറ്റഡ് ചെയർമാൻ ഡി. വിനോദ് കുമാർ പണം ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചെന്നാണ് ഇരകൾക്ക് മുന്നിൽ അവകാശപ്പെട്ടത്. അതിനായി സ്വന്തമായി ക്രിപ്റ്റോ കറൻസി നിർമിച്ചെന്നും അദ്ദേഹം പല നിക്ഷേപകരെയും വിശ്വസിപ്പിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന സംഘത്തിന് ഇദ്ദേഹം ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയതിനുള്ള തെളിവ് ലഭിച്ചിട്ടുമുണ്ട്. അതുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്.
സ്വന്തമായി ക്രിപ്റ്റോ കറൻസി നിർമിച്ചതെങ്ങനെ. ഇതിന് സാധിക്കുമോ. എങ്കിൽ ഇതിനു വേണ്ടത് എന്തൊക്കെ. തുടങ്ങിയ കാര്യങ്ങളിൽ സംശയം നിലനിൽക്കുകയാണ്.
വിദഗ്ധർ പറയുന്നത്
കാണാനോ തൊടാനോ പറ്റാത്ത മായികമായൊരു നിക്ഷേപമാണ് ക്രിപ്റ്റോ കറൻസി. ലാഭ-നഷ്ടസാധ്യതകൾ മറ്റേതൊരു നിക്ഷേപത്തെക്കാളും കൂടുതലാണതിന്. ഇന്ത്യയിൽ നിയമസാധുതയില്ലെങ്കിലും അന്താരാഷ്ട്രതലത്തിൽ ഏറെ സാധ്യതയും ഭാവിയുടെ വ്യാപാരം എന്നുമാണ് ഇതിനെ വിപണിയിലെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
ക്രിപ്റ്റോ കറൻസികൾ 'ആക്സസ്' ചെയ്യാവുന്ന വിലാസത്തിലൂടെ ക്രിപ്റ്റോഗ്രാഫിക് വാലറ്റുകളിലാണ് സൂക്ഷിക്കുന്നത് ഇത് സ്വകാര്യ കീ എന്നുവിളിക്കുന്ന പാസ് വേർഡ് വഴി സുരക്ഷിതമായി വെക്കാം. മറ്റാർക്കും അതിൽ കയറാനാകില്ല. വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ക്രിപ്റ്റോ കറൻസി വാങ്ങുകയും വിൽക്കുകയും ചെയ്യാം.
ഡിജിറ്റൽ മൊബൈൽ ആപ്പ് വഴി, ആധാർ കാർഡ്, പാൻകാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകിയാൽ ആർക്ക് വേണമെങ്കിലും ക്രിപ്റ്റോ കറൻസി അക്കൗണ്ട് തുറക്കാം. ആ പ്ലാറ്റ്ഫോമിലൂടെ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്താം.
2017-ൽ റിസർവ് ബാങ്ക് ക്രിപ്റ്റോ കറൻസിക് നിരോധനം കൊണ്ടുവന്നെങ്കിലും 2018-ൽ ആ നിരോധനം സുപ്രീംകോടതി നീക്കി. ഇതനുസരിച്ച് വിവിധ ക്രിപ്റ്റോ കറൻസികൾ വാങ്ങാനും വിൽക്കാനും നിക്ഷേപിക്കാനും അനുമതി ലഭിച്ചു.
ജി.ബി.ജി. നിക്ഷേപത്തട്ടിപ്പ് സമാന തട്ടിപ്പ് 10 വർഷം മുൻപും
കാസർകോട്: കുണ്ടംകുഴിയിൽ ഗ്ലോബൽ ബിസിനിസ് ഗ്രൂപ്പ് നിധി ലിമിറ്റഡ് (ജി.ബി.ജി.) കോടികൾ തട്ടിയതിന്റെ കഥകൾ പുറത്തുവരുമ്പോഴാണ് 10 വർഷം മുൻപത്തെ സാമ്പത്തികത്തട്ടിപ്പും ചർച്ചയാകുന്നത്. അതും മറ്റൊരു ഗ്ലോബലാണ്. കാസർകോട് പ്രസ് ക്ലബ് ജങ്ഷനിൽ ഓഫീസ് തുറന്നായിരുന്നു ഗ്ലോബൽ ട്രേഡ് സൊലൂഷന്റെ (ജി.ടി.എസ്.) പ്രവർത്തനം. കോടികൾ വെട്ടിപ്പ് നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേകസംഘം അന്വേഷിക്കുമ്പോൾ പ്രതികൾ വിദേശത്ത് സുഖവാസത്തിലായിരുന്നു.
ഗ്ലോബൽ ട്രേഡ് സൊലൂഷൻസിന്റെ ഡയറക്ടറും നായന്മാർമൂല സ്വദേശികളുമായ സി.വി. സാദിഖ്, ഭാര്യ ഖദീജത്ത് നൗഷ, ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി അബ്ദുൽ നാസർ (നൗഷാദ്), ചന്തേര മാണിയാട്ട് ഉഷ സന്തോഷ്, സുധീർ എന്നിവരാണ് ജി.ടി.എസ്. കേസിലെ പ്രതികൾ. ഇവർക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും കാണാമറയത്ത് തന്നെയാണ് ഇവർ.
കുണ്ടംകുഴിയിലെ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിനെ പോലെ തന്നെ വൻ ലാഭവിഹിതമാണ് 2010-ൽ തുടങ്ങിയ ഗ്ലോബൽ ട്രേഡ് സൊലൂഷനും വാഗ്ദാനം ചെയ്തത്. അയ്യായിരത്തോളം പേരിൽനിന്നാണ് ജി.ടി.എസ്. സംഘം പണം തട്ടിയത്. ജില്ലയ്ക്ക് പുറത്തുനിന്നും വൻതുകയാണ് ഇവർ നിക്ഷേപമായി സ്വീകരിച്ചിരുന്നത്. തട്ടിപ്പിനിരയായവർ പ്രതികളുടെ വീട് വളയുന്നതിലേക്കുവരെ 10 വർഷം മുൻപ് കാര്യങ്ങളെത്തിയെങ്കിലും ഇപ്പോൾ കേസിന്റെ ചൂടാറിയ മട്ടാണ്.
സമാനമാണ് ഗ്രാമീണ സൂപ്പർമാർക്കറ്റ് എന്ന ബിസിനസ് ശൃംഖലയുമായി ബന്ധപ്പെട്ട തട്ടിപ്പും അരങ്ങേറിയത്. ഇപ്പോൾ പിടിയിലായ ജി.ബി.ജി.യുടെ മാനേജിങ് ഡയറക്ടർ വിനോദ്കുമാറും ഗ്രാമീണ സൂപ്പർമാർക്കറ്റ് കേസിൽ പ്രതിയാണ്.
വിനോദ്കുമാറിന് പാർട്ടിയുമായി ബന്ധമില്ല-സി.പി.ഐ.
കാസർകോട്: ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജി.ബി.ജി.) നിധി ലിമിറ്റഡ് ചെയർമാൻ ഡി. വിനോദ് കുമാർ സി.പി.ഐ. പ്രവർത്തകനല്ലെന്ന് കാസർകോട് മണ്ഡലം സെക്രട്ടറി കെ. കുഞ്ഞിരാമൻ അറിയിച്ചു. പാർട്ടിയിലോ വർഗബഹുജന സംഘടനകളിലോ അംഗത്വമില്ല. അനുഭാവിയുമല്ല. പാർട്ടി പരിപാടികളുമായി സഹകരിച്ചിട്ടുമില്ല. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.
Content Highlights: kasaragod global business group gbg nidhi financial fraud d vinod kumar crypto currency
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..