Praveen Nettaru | Photo: ANI
മംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി. യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരുവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാത അക്രമിസംഘം പ്രവീണിനെ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം.
ബെല്ലാരിക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമികള്‍ വടിവാള്‍ ഉപയോഗിച്ചാണ് പ്രവീണിനെ അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ ബെല്ലാരി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ 'വീ വാണ്ട് ജസ്റ്റിസ്' മുദ്രാവാക്യങ്ങള്‍ വിളിച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പൊലീസ് കാവല്‍ തുടരുകയാണ്.
സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രവീണിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പ്രവീണിന്റെ കുടുംബത്തിന് ഉടന്‍ നീതി ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..