പ്രതീകാത്മക ചിത്രം | Mathrubhumi archives
കൊച്ചി: പോലീസ് ചമഞ്ഞ് കവർച്ച നടത്തുന്ന കർണാടക സ്വദേശികളെ സാഹസികമായി പിടികൂടി. നാലുപേരെയാണ് കണ്ടെയ്‌നർ റോഡിൽ ടോൾ പ്ലാസയ്ക്ക് സമീപം കാർ തടഞ്ഞ് നാടകീയമായി പിടികൂടിയത്.
കർണാടക ബിഡാർ സ്വദേശികളായ അബ്ബുള്ള ഖാൻ, ടക്കിഅലി, അസ്‌കർ ഹുസൈൻ, മുഹമ്മദ് അലി എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് എളമക്കര, ചേരാനെല്ലൂർ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കസ്റ്റഡിയിലെടുത്തത്. കണ്ടെയ്നർ ലോറി കുറുകെയിട്ട് പ്രതികൾ സഞ്ചരിച്ച കാർ തടയുകയായിരുന്നു. വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ ബൈക്കിലിടിച്ചു. തുടർന്ന് പ്രതികൾ വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് നാലുപേരെ പിടികൂടി. ഒരാൾ രക്ഷപെട്ടു. പോലീസെന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നിരുന്നത്. സ്‌ത്രീകളായിരുന്നു തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും. കവർച്ച നടത്താൻ അനുയോജ്യമായ സ്ഥലം ആദ്യം കണ്ടെത്തും. രണ്ടുപേർ കാറുമായി ഇവിടെ കാത്ത് നിൽക്കും. രണ്ടുപേർ ബൈക്കിൽ സഞ്ചരിക്കും. ബൈക്കിൽ സഞ്ചരിക്കുന്നവർ നിശ്ചയിച്ച സ്ഥലത്തെത്തി അതുവഴി വരുന്ന സ്‌ത്രീയെ തടയുകയും പോലീസെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയും ചെയ്യും. ഇത് കാറിലുള്ളവർക്ക് കൈമാറും.
പ്രതികളെ സൗത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് പോലീസ് യൂണിഫോം, തൊപ്പി എന്നിവ കണ്ടെത്തി. കേരളത്തിനു പുറത്തും നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.
തൃശ്ശൂരിൽനിന്ന് മാലയും വളയും കവർന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നാലുപേരും പിടിയിലായത്. കൊച്ചി നഗരത്തിൽ സമാനമായ കവർച്ച ഇവർ ജനുവരി 16-ന് നടത്തിയിരുന്നു. അറുപത്തിയഞ്ചുകാരിയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്. സൗത്ത് പോലീസ് അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ ലഭിച്ചു. കന്നഡ സംസാരിക്കുന്നവരാണ് പ്രതികളെന്നും മനസ്സിലായി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയായിരുന്നു. കാർ നമ്പർ മറ്റു സ്റ്റേഷനുകളുമായും പങ്കുെവച്ചിരുന്നു. പാലിയേക്കര ടോൾപ്ലാസ വഴി ഈ നമ്പറിലുള്ള കാർ വന്നതായി വിവരം ലഭിച്ചു. തുടർന്ന് ഇവർ സഞ്ചരിക്കുന്ന മാർഗം കണ്ടെത്തുകയും കണ്ടെയ്നർ റോഡിൽ വാഹനങ്ങൾ കുറുകെയിട്ട് തടയുകയുമായിരുന്നു.
Content Highlights: karnataka robbers disguised in police uniforms arrested adventurously
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..