കർണാടക ഹെെക്കോടതി | ഫോട്ടോ: PTI
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പ്രതിയായ പോക്സോകേസില്‍ അന്വേഷണം കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണമാണ് താത്കാലികമായി തടഞ്ഞത്.
കോളേജില്‍ പോയ പെണ്‍കുട്ടി മടങ്ങിവരാതിരുന്നതിനെത്തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ്‍കുട്ടിയോടൊപ്പം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് ബെംഗളൂരു സിറ്റി പോലീസില്‍ നല്കിയ പരാതിയിലായിരുന്നു ഇത്.
പിന്നീട് കുട്ടികളുടെ ഭാവിയെക്കരുതി രണ്ടു പേരുടെയും രക്ഷിതാക്കള്‍ ചേര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ ധാരണയിലെത്തി. ഇക്കാര്യം ആണ്കുട്ടിയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു. കുട്ടികള്‍ പ്രണയത്തിലായിരുന്നെന്നും അറിയിച്ചു.
അതേസമയം, പോക്സോവകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തകേസ് ഒത്തു തീര്‍പ്പാക്കാനാവില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. ഇതിനെതിരെ, സമാനമായ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ഒത്തു തീര്‍പ്പിലെത്തി കേസ് തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അഭിഭാഷകന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് ആണ്‍കുട്ടിയുടെ പേരിലുള്ള കേസ് ഒഴിവാക്കാനാകുമോയെന്ന കാര്യത്തില്‍ തീര്‍പ്പാക്കും വരെ അന്വേഷണ നടപടികള്‍ തടഞ്ഞ് ജസ്റ്റിസ് എം.നാഗപ്രസന്ന ഉത്തരവിടുകയായിരുന്നു. മേയ് 24-ന് കേസ് വീണ്ടും പരിഗണിക്കും.
Content Highlights: karnataka highcourt order in pocso case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..