അര്‍ബന്‍ നിധി; പുറത്തു വന്നത് 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ്, പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍


കണ്ണൂർ കോടതിയിൽ കീഴടങ്ങാനെത്തിയ അർബൻ നിധി കമ്പനി അസി. ജനറൽ മാനേജർ ജീന

കണ്ണൂര്‍: അര്‍ബന്‍ നിധി, എനി ടൈം മണി എന്നീ സ്ഥാപനങ്ങള്‍ നടത്തിയത് സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പുകളിലൊന്നെന്ന് അന്വേഷണസംഘം. ഇതുവരെ ലഭിച്ച പരാതിപ്രകാരം മാത്രം 150 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്നിട്ടുണ്ട്. കേസിലെ അഞ്ചാംപ്രതി തോട്ടട വട്ടക്കുളത്തെ നിഷാ നിവാസില്‍ സി.വി.ജീന (44) തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങി. റിമാന്‍ഡിലുള്ള ഒന്നും മൂന്നും പ്രതികളായ തൃശ്ശൂര്‍ വരവൂരിലെ കുന്നത്ത് പീടികയില്‍ കെ.എം.ഗഫൂര്‍ (46), മലപ്പുറം ചങ്ങരംകുളം മേലാട് ഷൗക്കത്തലി (43) എന്നിവരെ തിങ്കളാഴ്ച ഉച്ചയോടെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തുതുടങ്ങി. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ.ബിനു മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്തത്. അടുത്തദിവസം കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ തൃശ്ശൂരിലേക്ക് കൊണ്ടുപോകും.

തിങ്കളാഴ്ച രാവിലെ 11-30 ഓടെയാണ് ജീന അഭിഭാഷകനോടൊപ്പം കണ്ണൂര്‍ ജെ.എഫ്.സി.എം. കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. അര്‍ബന്‍ നിധി കമ്പനിയുടെ അസി. ജനറല്‍ മാനേജരാണ് ജീന. ഇതോടെ തട്ടിപ്പുകേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

കൂടുതല്‍ പേര്‍ നിക്ഷേപം നടത്തിയത് ജീന വഴിയാണെന്നാണ് കമ്പനി ഡയറക്ടര്‍മാര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ സ്ഥാപനത്തിലെ ജീവനക്കാരി മാത്രമാണ് താനെന്നും തട്ടിപ്പിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും കോടതിവളപ്പില്‍ ജീന മാധ്യമങ്ങളോട് പറഞ്ഞു. നിക്ഷേപകരെ കാന്‍വാസ് ചെയ്തിട്ടുണ്ട്. എന്നാല്‍ ബാങ്ക് ഇടപാടോ പണമിടപാടോ നടത്തിയിട്ടില്ല -അവര്‍ പറഞ്ഞു.

അതിനിടെ ഒളിവിലുള്ള രണ്ടാംപ്രതി ആന്റണിയുടെ സഹോദരന്‍ സാന്റോ പുത്തൂരിനെയും കേസില്‍ പ്രതിയാക്കി. അര്‍ബന്‍ നിധി കമ്പനിയുടെ ഐ.ടി. ഡയറക്ടറാണ് സാന്റോ. രണ്ടുവര്‍ഷംകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,000-ത്തിലേറെ നിക്ഷേപകരെ ഉണ്ടാക്കാന്‍ കഴിഞ്ഞെന്ന് പിടിച്ചെടുത്ത രേഖകളില്‍നിന്ന് വ്യക്തമാകുന്നു. ഒരു സ്വകാര്യചാനലില്‍നിന്ന് ലഭിച്ച അവാര്‍ഡിന്റെ മികവും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരവുമുണ്ടെന്ന് പറഞ്ഞാണ് നിക്ഷേപകരെ വലയില്‍ വീഴ്ത്തിയത്.

അന്നത്തെ വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനില്‍നിന്ന് അവാര്‍ഡ് വാങ്ങുന്ന ഫോട്ടോ പ്രതികള്‍ വ്യാപകമായി ഉപയോഗിച്ച് നിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റി. തിങ്കളാഴ്ചയും നിരവധി പരാതികള്‍ ലഭിച്ചു. മയ്യില്‍, വളപട്ടണം, പഴയങ്ങാടി, ചക്കരക്കല്‍, മട്ടന്നൂര്‍, ചെറുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് പരാതി ലഭിച്ചത്. അതത് സ്റ്റേഷനില്‍ തന്നെ കേസെടുക്കാന്‍ അന്വേഷണസംഘം നിര്‍ദേശിച്ചു.

അന്വേഷണത്തിന് കൂടുതല്‍ ഏജന്‍സികള്‍

അര്‍ബന്‍ നിധി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഗഫൂറിനും ഷൗക്കത്തലിക്കുമെതിരെ കൂടുതല്‍ അന്വേഷണ ഏജന്‍സികളെത്തും. മുമ്പ് ഇവര്‍ പ്രതികളായ കേസന്വേഷിക്കുന്ന ചെന്നൈ കേന്ദ്രീകരിച്ചുള്ള അന്വേഷണസംഘം കണ്ണൂരിലെത്തിയതായാണ് വിവരം. കേസ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണസംഘത്തിന് കൈമാറും. കേസുമായി ബന്ധപ്പെട്ട് പ്രത്യേക സ്‌ക്വാഡും രൂപവത്കരിച്ചിട്ടുണ്ട്.

മയ്യിലിലെ രണ്ടുപേരുടെ 31 ലക്ഷം രൂപ തട്ടി

മയ്യില്‍: ജോലി വാഗ്ദാനംചെയ്ത് 31 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മയ്യില്‍ പോലീസും കേസെടുത്തു. കരിങ്കല്‍ക്കുഴിയിലെ പി.ആതിരയില്‍നിന്ന് 15.18 ലക്ഷം രൂപയും കണ്ണാടിപ്പറമ്പിലെ ശബരി നിവാസില്‍ മുരളീധരന്റെ 15.20 ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

അറസ്റ്റിലായവര്‍ക്കുപുറമെ മാനേജര്‍ പ്രഭാഷ്, ബ്രാഞ്ച് മാനേജര്‍ ഷൈജു എന്നിവര്‍ക്കെതിരെയും കേസെടുത്തു. സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 2021 സെപ്തംബറില്‍ പണം വാങ്ങിയെന്നാണ് പരാതി.


Content Highlights: kannur urban nidhi scam, accused under police custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented