അർബൻ നിധി നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ആന്റണി സണ്ണിയെ പോലീസ് കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോൾ
കണ്ണൂര്‍: അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ രണ്ടാംപ്രതി തൃശ്ശൂര്‍ വടക്കേക്കാട് നായരങ്ങാടി വെള്ളറ വീട്ടില്‍ ആന്റണി സണ്ണി (40) അറസ്റ്റിലായതോടെ തട്ടിപ്പിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയില്‍ പോലീസ്. ആന്റണിയുടെ പേരില്‍ 60 ലോറികളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതില്‍ 22 ലോറികള്‍ കട്ടപ്പുറത്താണ്. ലോറികള്‍ വില്പന നടത്താനോ കൈമാറ്റംചെയ്യാനോ പാടില്ലെന്ന് കാണിച്ച് പോലീസ് നോട്ടീസ് നല്‍കി. തൃശ്ശൂരിലെ വാഹന ഷോറൂമുകള്‍ക്കും ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അര്‍ബന്‍ നിധിയുടെ സമാന്തരസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടര്‍ കൂടിയായ ആന്റണിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ആന്റണിയുടെ ഉടമസ്ഥതയിലുള്ള ലോറികള്‍ സംസ്ഥാനത്തിന് പുറത്തും സര്‍വീസ് നടത്തുന്നുണ്ട്. കേസിലെ മൂന്നാംപ്രതി മലപ്പുറം ചങ്ങരംകുളം ഷൗക്കത്തലി അടയ്ക്ക കൊണ്ടുപോകാനുപയോഗിച്ചത് ഈ ലോറികളാണോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കമ്പനി ഡയറക്ടര്‍മാരായ ഷൗക്കത്തലി, ആന്റണി, തൃശ്ശൂര്‍ വരവൂരിലെ കെ.എം.ഗഫൂര്‍ എന്നിവരും അസി. ജനറല്‍ മാനേജര്‍ സി.വി.ജീനയും മൂന്നുവര്‍ഷത്തിനിടെ നടത്തിയ ബാങ്ക്, ഭൂമി, വാഹന ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് പരിശോധിച്ചു.
നാലുപേരുടെയും ആസ്തിയില്‍ വന്‍ വര്‍ധനയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 20 ദിവസത്തോളം കര്‍ണാടകയില്‍ ഒളിവില്‍ക്കഴിഞ്ഞ ആന്റണി വെള്ളിയാഴ്ച വൈകിട്ടാണ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അടുത്തദിവസം പോലീസ് അപേക്ഷ നല്‍കും.
പരസ്പരം പഴിചാരി പ്രതികള്‍
ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ ഗഫൂര്‍, ആന്റണി, ഷൗക്കത്തലി എന്നിവരെ ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും പലതവണ പോലീസ് ചോദ്യം ചെയ്തു. ഷൗക്കത്തലിയും ആന്റണിയും കൂടുതല്‍ സമയവും പരസ്പരം പഴിചാരി സംസാരിക്കുകയായിരുന്നു.
ഷൗക്കത്തലിയാണ് മുഖ്യ സൂത്രധാരനെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. നിക്ഷേപകരുടെ പണം ബിനാമി അക്കൗണ്ടില്‍ നിക്ഷേപിച്ചതായി സംശയിക്കുന്നു. കൈയില്‍ കുറച്ച് പണം മാത്രമേയുള്ളൂവെന്നും ബാക്കിയൊക്കെ ഷൗക്കത്തലിയുടെ പക്കലാണെന്നും സാമ്പത്തിക കാര്യങ്ങള്‍ കൂടുതലായി ഷൗക്കത്തലിയാണ് കൈകാര്യംചെയ്തതെന്നും ആന്റണി പോലീസിന് മൊഴി നല്‍കി.
കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് ഗഫൂറിനെയും ഷൗക്കത്തലിയെയും ജയിലിലേക്കയച്ചു.
Content Highlights: kannur urban nidhi money fraud case accused antony arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..