അർബൻ നിധി തട്ടിപ്പിൽ അറസ്റ്റിലായ കെ.എം.ഗഫൂറും ഷൗക്കത്തലിയും
കണ്ണൂര്‍: അര്‍ബന്‍ നിധി കമ്പനി ഡയറക്ടറും കേസിലെ മൂന്നാം പ്രതിയുമായ മലപ്പുറം ചങ്ങരംകുളത്തെ മേലോട് ഷൗക്കത്തലിക്ക് പാകിസ്താന് ബന്ധവുമുണ്ടെന്ന് അന്വേഷണസംഘം.
പാകിസ്താനിലേക്ക് അടയ്ക്ക കയറ്റുമതി ചെയ്യുന്നതിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ സി.ബി.ഐ. അന്വേഷണം നടത്തിയിരുന്നു. കേരളത്തില്‍നിന്ന് ഗുജറാത്തിലെത്തിക്കുന്ന അടയ്ക്ക പാകിസ്താനിലേക്ക് കയറ്റി അയക്കുകയായിരുന്നു.
സി.ബി.ഐ. ഷൗക്കത്തലിക്കെതിരേ രണ്ട് കേസുകളെടുത്തിരുന്നു. അടയ്ക്ക കയറ്റുമതി പാകിസ്താനില്‍ മാത്രമല്ല മറ്റ് രണ്ട് രാജ്യങ്ങളിലുമുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കാനല്ലെന്നുമായിരുന്നു ഷൗക്കത്തലിയുടെ മൊഴി. സി.ബി.ഐ. ഇത് മുഖവിലയ്ക്കെടുത്തില്ല.
പാകിസ്താനിലേക്ക് കച്ചവടം വ്യാപിപ്പിച്ചതിന് പ്രത്യേക ലക്ഷ്യമുണ്ടെന്ന കണ്ടെത്തലിലാണ് സി.ബി.ഐ. ഷൗക്കത്തലിക്ക് രഹസ്യബാങ്ക് ഇടപാടുകളുണ്ടെന്നും ഇതുവഴിയാണ് കള്ളപ്പണം വെളുപ്പിക്കുന്നതെന്നും സംശയിക്കുന്നു.
അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘവും ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
ഒന്നാംപ്രതി ഗഫൂര്‍ വരവൂര്‍ വില്ലേജില്‍ 2004-ല്‍ രണ്ടുകോടി രൂപയുടെ സ്വത്ത് തട്ടിപ്പ് നടത്തിയതായും പോലീസ് കണ്ടെത്തിട്ടുണ്ട്. ഇയാള്‍ക്കെതിരേയും പല കേസുകളുണ്ട്. നിക്ഷേപത്തട്ടിപ്പിനു പിന്നില്‍ വന്‍ ആസൂത്രണമുണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.
ഇ.ഡി. 'ഹോള്‍ഡ്' ചെയ്യാന്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണസംഘം പരിശോധിക്കും
കണ്ണൂര്‍: താവക്കരയിലെ അര്‍ബന്‍ നിധി സ്ഥാപനത്തില്‍ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത കംപ്യൂട്ടറില്‍നിന്ന് ലഭിച്ച ഇ.ഡി.യുടെ പ്രധാന സന്ദേശത്തില്‍ അന്വേഷണം ആരംഭിച്ചു.
കമ്പനി ഡയറക്ടര്‍മാര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ കമ്പനിയുടെ ചില ബാങ്ക് അക്കൗണ്ടുകള്‍ 'ഹോള്‍ഡ്' ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം അക്കൗണ്ടുകളെക്കുറിച്ചും ഇതിലൂടെ നടന്ന ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിന്റെ ചില ബാങ്ക് അക്കൗണ്ടുകളില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ ഇത്തരം അക്കൗണ്ടുകള്‍ 'ഹോള്‍ഡ്' ചെയ്യണമെന്നുമാണ് ഇ.ഡി. ഇ-മെയില്‍ സന്ദേശത്തിലൂടെ കമ്പനി ഡയറക്ടര്‍മാര്‍ക്ക് നല്കിയ നിര്‍ദേശം.
ഈ അക്കൗണ്ടുകള്‍ വഴി ഇടപാടുകള്‍ നടത്തരുതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചില ബാങ്ക് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേകസംഘവും ഇ.ഡി.യുടെ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളും കമ്പനിയുടെ ബാങ്ക് അക്കൗണ്ടും അന്വേഷണസംഘം നേരത്തേതന്നെ മരവിപ്പിച്ചിരുന്നു. സ്ഥാപനത്തില്‍ 200 ലാപ്ടോപ്പുകളുണ്ട്. എല്ലാ കംപ്യൂട്ടറുകളും ലോക്ക് ചെയ്ത നിലയിലായിരുന്നു. പിടിയാലായ പ്രതികളുടെ സഹായത്തോടെ പാസ്വേര്ഡ് മനസ്സിലാക്കിയാണ് തുറന്നത്.
ഓഫീസ് പൂട്ടി സീല്‍ചെയ്തു
കണ്ണൂര്‍: അര്‍ബന്‍ നിധിയുടെയും സമാന്തര സ്ഥാപനമായ എനി ടൈം മണിയുടെയും ഓഫീസ് പോലീസ് പൂട്ടി സീല്‍ചെയ്തു.
കണ്ണൂര്‍ താവക്കരയിലെയും കോഴിക്കോട്ടെയും ഓഫീസുകളാണ് പൂട്ടിയത്. കഴിഞ്ഞദിവസം പ്രതികളെ പോലീസ് തെളിവെടുപ്പിനായി താവക്കര ഓഫീസിലെത്തിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വീണ്ടും പരിശോധനയും നടത്തിയതിന് പിന്നാലെയാണ് ഓഫീസ് അടച്ചുപൂട്ടിയത്.
Content Highlights: kannur urban nidhi money fraud case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..