അർബൻ നിധി തട്ടിപ്പിൽ അറസ്റ്റിലായ കെ.എം.ഗഫൂറും ഷൗക്കത്തലിയും
കണ്ണൂർ: അർബൻ നിധി തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും കമ്പനി ഡയറക്ടറുമായ മലപ്പുറം ചങ്ങരംകുളം മേലാട് ഷൗക്കത്തലി പാകിസ്താനിലേക്ക് കയറ്റിയയച്ചത് 80 കോടി രൂപയുടെ അടയ്ക്ക. കേരളത്തിൽനിന്നുള്ള അടയ്ക്ക ഗുജറാത്ത് തുറമുഖം വഴിയാണ് കയറ്റിയയച്ചത്. കയറ്റുമതി ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി.യോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് പോലീസ് കമ്മിഷണർ കത്ത് നൽകിയത്.
ഏഴ് ഡയറക്ടർമാരും പ്രതികൾ: 60 കേസുകൾ
അർബൻ നിധിയുടെയും അനുബന്ധ സ്ഥാപനമായ എനി ടൈം മണിയുടെയും ഏഴ് ഡയറക്ടർമാരെയും പ്രതിചേർക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. കൂടാതെ എനി ടൈം മണിയിലെ 150 ജീവനക്കാരെയും ചോദ്യംചെയ്യും.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 60 കേസുകൾ രജിസ്റ്റർചെയ്തു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർചെയ്ത 10 കേസുകളിൽ ബുധനാഴ്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ ആന്റണിയും ഷൗക്കത്തലിയുമാണ് ഗൂഢാലോചന ആസൂത്രണം ചെയ്തത്.
രണ്ടുപേരും ചേർന്ന് അർബൻ നിധിയിലെ നിക്ഷേപകരുടെ പണം എനി ടൈം മണിയിലേക്ക് മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒരുവർഷംമുൻപ് തന്നെ അർബൻ നിധി നഷ്ടത്തിലായിരുന്നു. എന്നാൽ എട്ടുമാസം മുൻപുതന്നെ ആന്റണി കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ബന്ധുക്കൾ പറയുന്നു.
ലോറിഡ്രൈവറിൽനിന്ന് ആന്റണി നടന്നുകയറിയത് കമ്പനി ഡയറക്ടർ സ്ഥാനത്തേക്ക്
ലോറി തൊഴിലാളിയും ഉടമയുമായിരുന്നു എറണാകുളം സ്വദേശിയായ ആൻറണി. ഇയാൾ എനി ടൈം മണിയുടെ ഡയറക്ടറായത് യാദൃച്ഛികം. കോവിഡ് കാലത്ത് പണി കുറഞ്ഞതോടെയാണ് ഷൗക്കത്തലിയുമായി പരിചയപ്പെട്ടത്. ഷൗക്കത്തലിയുടെ അടയ്ക്ക കയറ്റുമതി ബിസിനസിലാണ് ആദ്യം പങ്കാളിയാക്കിയത്.
ടൺ കണക്കിന് അsയ്ക്ക ചാക്കുകളിൽ നിറച്ച് ലോറിയിൽ ഗുജറാത്തിലെത്തിക്കുന്നതായിരുന്നു ആദ്യ ജോലി. പിന്നീട് സൗഹൃദവും ബന്ധങ്ങളും വളർന്നതോടെ പുതിയ അവസരങ്ങൾ ആന്റണിയെ തേടിയെത്തി. അർബൻ നിധിക്ക് സമാന്തരമായി എനി ടൈം മണി എന്ന സ്ഥാപനം ഷൗക്കത്തലി ആരംഭിച്ചു. ഇതിലെ ഒരു ഡയറക്ടറായി ആന്റണിയെ നിയമിച്ചു. പിന്നീടാണ് തട്ടിപ്പിന്റെ ചരിത്രം തുടങ്ങുന്നത്. എനി ടൈം മണിയുടെ അക്കൗണ്ടിലുള്ള 70 കോടി രൂപ മൂന്ന് ഡയറക്ടർമാർക്കായി വീതംവെച്ച് ബിസിനസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായും പറയുന്നു. എല്ലാ ഇടപാടുകൾക്കും രേഖയുണ്ടെന്നും ഇതൊക്കെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കുമെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി
തലശ്ശേരി: നിക്ഷേപകരുടെ പണം തട്ടിയെന്ന കേസിൽ അർബൻ നിധി തട്ടിപ്പിലെ രണ്ടാംപ്രതി ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് ജഡ്ജി ജി.ഗിരീഷ് വ്യാഴാഴ്ച വിധി പറയും.
കേസിലെ മറ്റ് രണ്ടു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. മയ്യിൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മൂന്നും കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ ഒരു കേസിലുമാണ് ആന്റണി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തലശ്ശേരിയിലെ അനസ്തേഷ്യ ഡോക്ടർ 59.5 ലക്ഷം രൂപ 2021-ൽ നിക്ഷേപിച്ചിരുന്നു. ഇത് തിരിച്ചുകിട്ടിയില്ലെന്നാണ് കണ്ണൂർ ടൗൺ സ്റ്റേഷനിലുള്ള കേസ്.
സ്വത്ത് വില്പന നടത്തി വിധവയായ സ്ത്രീ 7,60,000 രൂപ നിക്ഷേപിച്ചു. അതിൽ 7,800 രൂപ മാത്രമാണ് തിരിച്ചുലഭിച്ചത്. ബാക്കി തുക ലഭിച്ചില്ലെന്നാണ് മയ്യിൽ പോലീസ് സ്റ്റേഷനിലുള്ള ഒരു പരാതി. സ്ഥാപനത്തിൽ ജോലിക്ക് 15,20,000 രൂപ നൽകി. കുറച്ചുകാലം ജോലി നൽകി. ഇപ്പോൾ ജോലിയില്ലെന്നും പണവും ലഭിക്കുന്നില്ലെന്നാണ് രണ്ടാമത്തെ പരാതി.
സ്ഥാപനത്തിൽ ജോലിക്ക് 15,18,000 രൂപ നൽകി ജോലി നൽകിയില്ലെന്നാണ് മൂന്നാമത്തെ പരാതി. കണ്ണൂർ ജില്ലയിലെ എട്ട് പോലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരേ 44 കേസുകളുള്ളതായി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കോടതിയെ അറിയിച്ചു.
ചക്കരക്കല്ല്, വളപട്ടണം, കണ്ണപുരം, മയ്യിൽ, കൂത്തുപറമ്പ്, ചെറുപുഴ, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസുള്ളത്.
നിരവധി കേസുകളിൽ പ്രതിയായ ആന്റണി പരീക്ഷണമെന്ന നിലയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതാണ്. സമാന്തര സാമ്പത്തിക ലോകമുണ്ടാക്കാനാണ് പ്രതി ശ്രമിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. രണ്ടാം പ്രതിയായ ആന്റണി കമ്പനിയുടെ ഡയറക്ടറാണ്. 2021 മുതൽ 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സ്ഥാപനം മുഖേന നടത്തി.
ജോലിവാഗ്ദാനം ചെയ്തും പണം തട്ടിപ്പ് നടത്തിയതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കേസിൽ പ്രതികളായ സി.കെ.ചന്ദ്രൻ, ഷൈജു തച്ചോത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച കോടതി വാദം കേൾക്കും. സ്ഥാപനത്തിന്റെ അസി. മാനേജർ സി.വി.ജീന നേരത്തേ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജീനയെ അറസ്റ്റ് ചെയ്തതിനാൽ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലാതായി.
Content Highlights: kannur urban nidhi financial fraud shoukath ali pakisthan areca nut 80 crore export
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..