അർബൻ നിധി തട്ടിപ്പ് കേസിലെ പ്രതി ജീന | ഫയൽചിത്രം | മാതൃഭൂമി
കണ്ണൂര്‍: അര്‍ബന്‍ നിധി സ്ഥാപനത്തിന് സമാനമായ സാമ്പത്തിക നിക്ഷേപക്കമ്പനി തുടങ്ങാന്‍ അര്‍ബന്‍ നിധി അസി. ജനറല്‍ മാനേജര്‍ സി.വി.ജീന പദ്ധതിയിട്ടിരുന്നതായി ചോദ്യംചെയ്യലില്‍ അന്വേഷണസംഘം കണ്ടെത്തി. റിമാന്‍ഡിലുള്ള ജീനയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
17 വര്‍ഷം കണ്ണൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ജീന. ഒന്നരവര്‍ഷം മുന്‍പാണ് അതേ കമ്പനിയില്‍നിന്ന് മുഴുവന്‍ ജീവനക്കാരെയുംകൂട്ടി അര്‍ബന്‍ നിധിയിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ പുതുതായി എത്തിയ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനത്തിന്റെ ആവശ്യവും വന്നില്ല. മാത്രമല്ല മുന്‍ സ്ഥാപനത്തിലെ നിക്ഷേപകരുടെ വിലാസവും ബന്ധങ്ങളും മുതലെടുത്ത് ജീന അര്‍ബന്‍ നിധിയിലേക്ക് നിക്ഷേപകരെ എത്തിച്ചു. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും ഏജന്റുമാരെയും കണ്ടെത്താനായി.
ഇതോടെ കമ്പനിയിലേക്ക് നിക്ഷേപം ഒഴുകിയെത്തി. തന്റെ സ്വാധീനത്തിലും വ്യക്തിബന്ധത്തിന്റെയും പേരില്‍ കോടികള്‍ കമ്പനിയിലെത്തുമ്പോള്‍ വെറും ജീവനക്കാരിയായി ഇരിക്കുന്നതിന് പകരം പുതിയ കമ്പനി തുടങ്ങാന്‍ തീരുമാനിച്ചതായി അന്വേഷണ സംഘം പറയുന്നു.
നിക്ഷേപത്തിലൂടെ മുഴുവന്‍ ലാഭവും ലഭിക്കുമെന്ന ചിന്തയിലാണ് പുതിയ കമ്പനി തുടങ്ങാന്‍ തീരുമാനിച്ചത്. ഇക്കാര്യം വിശ്വസ്തരായ ചില ജീവനക്കരോട് ജീന പറഞ്ഞിരുന്നു.
ജനങ്ങളുടെ പണം ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുമ്പോള്‍ പാലിക്കേണ്ട സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും അര്‍ബന്‍ നിധിയും അനുബന്ധ സ്ഥാപനമായ എനി ടൈം മണിയും പാലിച്ചില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ആന്റണിക്കായുള്ള അന്വേഷണം ഊര്‍ജിതം
അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ രണ്ടാംപ്രതിയും എനി ടൈം മണി കമ്പനിയിലെ ഡയറക്ടറുമായ എറണാകുളം സ്വദേശി ആന്റണിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. മുന്‍കൂര്‍ ജാമ്യത്തിനായി ആന്റണി തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ വ്യാഴാഴ്ച തള്ളിയിരുന്നു.
ആന്റണിയെ അറസ്റ്റുചെയ്താല്‍ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം പറയുന്നത്. അര്‍ബന്‍ നിധി സ്ഥാപനത്തില്‍ ആന്റണി പങ്കാളിയല്ല. എന്നാല്‍ സമാന്തര സ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടര്‍മാരിലൊരാളാണ്. അര്‍ബന്‍ നിധിയില്‍ ഒഴുകിയെത്തിയ കോടികള്‍ എനി ടൈം മണിയിലേക്ക് മാറ്റിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഈ സ്ഥാപനത്തിന്റെ മറ്റൊരു ഡയറക്ടറായ മലപ്പുറം സ്വദേശി ചങ്ങരംകുളം മേലേടത്ത് ഷൗക്കത്തലി നിരവധി സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ 15 കോടിയുടെ കള്ളനോട്ട് കേസില്‍ സി.ബി.ഐ. കേസെടുത്തിരുന്നു.
വളപട്ടണത്ത് ഒരു കേസ് കൂടി
വളപട്ടണം: അര്‍ബന്‍ നിധി സ്ഥാപനവുമായി ബന്ധപ്പെട്ട് പണം നിക്ഷേപിച്ച പരാതിയില്‍ വളപട്ടണത്ത് ഒരു കേസ് കൂടി റജിസ്റ്റര്‍ചെയ്തു. പാപ്പിനിശ്ശേരി റാംനിവാസിലെ ഗീതയുടെ പരാതിയിലാണ് കേസ്. 5,59,000 രൂപ നിക്ഷേപമായി സ്വീകരിച്ച് പണം തിരിച്ചുനല്‍കാതെ തട്ടിപ്പ് നടത്തിയെന്നാണ് വളപട്ടണം പോലീസില്‍ നല്കിയ പരാതി. 2021-22 കാലത്താണ് സംഭവം നടന്നത്
Content Highlights: kannur urban nidhi anytime money fraud case manager jeena planned to start new company
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..