കണ്ണൂരിൽ കത്തിനശിച്ച എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കോച്ച്(ഇടത്ത്) തീവെച്ച കേസിലെ പ്രതി പ്രസോൻജിത്ത് സിദ്ഗറുമായി പോലീസ് സംഘം(വലത്ത്) ഫോട്ടോ: മാതൃഭൂമി
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ട തീവണ്ടിയുടെ കോച്ചിന് തീവെച്ച കേസിലെ പ്രതി പ്രസോണ്‍ജിത്ത് സിദ്ഗര്‍ (37) തലശ്ശേരിയില്‍നിന്ന് കണ്ണൂരിലെത്തിയത് അതേ തീവണ്ടിയില്‍തന്നെയെന്ന് മൊഴി. തീവെച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍തന്നെയാണ് ഇയാള്‍ കണ്ണൂരിലെത്തിയതെന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പോലീസ് തിരിച്ചറിഞ്ഞു.
ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹന്‍, ആര്‍.പി.എഫ്. സി.ഐ. ബിനോയ് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് പ്രതിയുമായി അന്വേഷണസംഘം തലശ്ശേരിയിലെത്തിയത്. ഇതേ തീവണ്ടിയില്‍ പ്രതി ഓടിക്കയറുന്നത് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.
പ്രസോണ്‍ജിത്ത് സിദ്ഗറിനെ കസ്റ്റഡിയിലെടുത്ത ദിവസം അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം മാധ്യമങ്ങളെ അറിയിക്കുന്നതിനിടെ ഉത്തരമേഖലാ ഐ.ജി. നീരജ് കുമാര്‍ ഗുപ്ത പറഞ്ഞത് പ്രതി തലശ്ശേരിയില്‍നിന്ന് നടന്നാണ് കണ്ണൂരിലെത്തിയതെന്നാണ്. പ്രതി പോലീസിന് നല്‍കുന്ന മൊഴിയില്‍ പലപ്പോഴും വൈരുധ്യമുള്ളത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. വിവിധ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.
പോലീസ് സ്റ്റേഷനില്‍ ജോലി തരുമോ?
പോലീസ് കസ്റ്റഡിയിലുള്ള പ്രസോണ്‍ജിത്ത് സിദ്ഗര്‍ വിചിത്രമായ ആവശ്യവുമുന്നയിച്ചു. 'സാര്‍, ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാര്‍, എനിക്ക് ഈ പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോ' - പ്രതിയുടെ ആവശ്യം കേട്ട് പോലീസുകാര്‍ക്ക് ചിരിയടയ്ക്കാനായില്ല. പ്രധാനമായും ഭക്ഷണത്തെക്കുറിച്ച് മാത്രമാണ് ഇയാള്‍ക്ക് സംസാരിക്കാനുള്ളത്. റിമാന്‍ഡ് ചെയ്ത സ്‌പെഷ്യല്‍ സബ് ജയിലും ഇഷ്ടമായി. നല്ല ഭക്ഷണവും കിടക്കാനുള്ള സൗകര്യവുമുണ്ടെന്നായിരുന്നു ജയിലധികൃതരോടുള്ള പ്രതിയുടെ പ്രതികരണം.
റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍രേഖകളും കത്തിച്ചു
പ്രസോണ്‍ജിത്തിന് മാനസികപ്രശ്‌നമുള്ളതായി അച്ഛന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതിയുടെ പശ്ചിമബംഗാളിലെ വീട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞതാണിക്കാര്യം. മാനസികപ്രശ്‌നങ്ങള്‍ കാരണം വീട്ടില്‍ സ്ഥിരമായി താമസിക്കാറില്ല. പലയിടങ്ങളിലും അലഞ്ഞുനടക്കുന്ന സ്വഭാവവുമുണ്ട്. ഒരു ദിവസം വീട്ടിനകത്ത് ഹോമകുണ്ഡമുണ്ടാക്കി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കുടുംബാംഗങ്ങളുടെ തിരിച്ചറിയല്‍രേഖകള്‍ എന്നിവ അതിലിട്ട് കത്തിച്ചു. മണ്ണ് കുഴച്ച് വീടിന്റെ ഭിത്തിയിലാകെ പതിച്ച സംഭവവുമുണ്ടായിട്ടുണ്ട്. വീട്ടുകാരോടുള്ള ദേഷ്യത്തില്‍ ചെയ്തതാണിത്. വീട് ഉപേക്ഷിച്ച് കുടുംബം സ്വന്തമായുള്ള കടയിലേക്ക് മാറിത്താമസിക്കുകയാണ്.
Content Highlights: kannur train fire case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..