കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് | ഫയൽചിത്രം | ഫോട്ടോ: സി.സുനിൽകുമാർ|മാതൃഭൂമി
കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഹൃദ്രോഗ ചികിത്സാസംവിധാനമായ കാത്ത് ലാബിന് കേട് വരുത്തിയ സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് കോേളജിലെതന്നെ ഒരു ഡോക്ടറെ.
അതേസമയം, കാത്ത് ലാബ് പ്രവര്‍ത്തിപ്പിക്കുന്നവര്‍ ബോധപൂര്‍വമാണ് അതിന്റെ പുറംഭാഗം കേടുവരുത്തിയതെന്നും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നുമാണ് മെഡിക്കല്‍ കോളേജിലെ അഞ്ചംഗ വിദഗ്ധസംഘം നടത്തിയ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ സാങ്കേതികമായ പരിശോധന ആവശ്യമായതിനാലാണ് അന്വേഷണം പോലീസിന് വിട്ടത്. ഈ അന്വേഷണം പൂര്‍ത്തിയായില്ല.
അഞ്ചരക്കോടി രൂപ വിലവരുന്ന 'ജി.ഇ. ഇന്നോവ' കമ്പനിയുടെ കാത്ത്ലാബ് കഴിഞ്ഞ മാര്‍ച്ച് 22-ന് കമ്പനി അധികൃതര്‍ സര്‍വീസ് നടത്തി പൂര്‍ണമായ കാര്യക്ഷമത ഉറപ്പുവരുത്തി. നാലുമാസം മുന്‍പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തതാണിത്. ഏപ്രില്‍ ഒന്നിനാണ് മെഷീന്റെ പുറംഭാഗം തകര്‍ത്ത നിലയില്‍ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് കിട്ടിയത്. തുടര്‍ന്നാണ് അഞ്ചംഗസമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്.
കാത്ത് ലാബ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പൊട്ടിയ ഭാഗത്തുകൂടെ വെള്ളമോ മറ്റോ അകത്തുകടന്നാല്‍ ഉപകരണം പ്രവര്‍ത്തനരഹിതമാകുമെന്ന് കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇത് ശരിയാക്കാന്‍ 9,79,000 രൂപ ചെലവാകും.
11 വര്‍ഷം പഴക്കമുള്ള രണ്ട് കാത്ത് ലാബ് മെഷീനുകള്‍ ഒരു കുഴപ്പവും കൂടാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ഡോക്ടര്‍ പലതവണ അച്ചടക്ക നടപടികള്‍ നേരിട്ട വ്യക്തിയാണ്. കാത്ത് ലാബ് കേടുവരുത്തിയത് മനഃപൂര്‍വമാണെന്നും അതിനു പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ടെന്നും ബോധ്യമായിട്ടുണ്ട്.
പിന്നില്‍ ഡോക്ടര്‍മാര്‍ തമ്മിലുള്ള വിദ്വേഷമെന്ന്
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കാത്ത്ലാബിന് കേടുപാടുണ്ടാക്കിയതിനുപിന്നില് ഡോക്ടര്‍മാര്‍ തമ്മിലുള്ള വിദ്വേഷമെന്ന് സൂചന. ഹൃദയാലയയിലെ ചില ഡോക്ടര്‍മാര്‍ തമ്മിലുള്ള പ്രശ്നം ആസ്പത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയിലെത്തിയതായും പൊതുജനങ്ങള്‍ക്കിടയില്‍ മെഡിക്കല്‍ കോളേജിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയതായും ആരോപണമുണ്ട്.
ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്
കാത്ത്ലാബിന് കേടുവരുത്തിയ സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരം പരിയാരം പോലീസ് കേസെടുത്തു. ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കാര്‍ഡിയോളജി വിഭാഗത്തിലും കാത്ത്ലാബിലും ജോലിചെയ്യുന്ന മുഴുവന്‍ ജീവനക്കാരെയും ചോദ്യംചെയ്യാനും ഫൊറന്‍സിക് പരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കാനുമാണ് പോലീസ് നീക്കം.
സംസ്ഥാനത്ത് ഇതിനുമുന്‍പ് ഇത്തരത്തിലൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ നിയമോപദേശം തേടിയ ശേഷമാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസായതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ നാശം വരുത്തിയ സാധനങ്ങളുടെ വില കോടതിയില്‍ കെട്ടിവെക്കേണ്ടിവരും.
Content Highlights: kannur pariyaram medical college cathlab case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..