പുഞ്ചിരിക്കുന്ന മുഖം, ഏറെ പ്രിയപ്പെട്ടവള്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍; നൊമ്പരമായി ആ റീല്‍സ്


വിഷ്ണുപ്രിയ

കണ്ണൂര്‍: വിഷ്ണുപ്രിയയുടെ അതിദാരുണ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. കഴിഞ്ഞദിവസം കൊലപാതകവിവരം പുറത്തറിഞ്ഞത് മുതല്‍ നിരവധി പേരാണ് വള്ള്യായിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. സംഭവമറിഞ്ഞ ആര്‍ക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ആദ്യം ഉള്‍ക്കൊള്ളാനായില്ല.

ശനിയാഴ്ച ഉച്ചയോടെ നടമ്മല്‍ റോഡരികിലെ ഒറ്റനില കോണ്‍ക്രീറ്റ് വീട്ടുമുറ്റത്തും പരിസരങ്ങളിലും ജനം തിങ്ങിനിറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ പോലീസ് ആരെയും വീട്ടിനുള്ളിലേക്ക് കടത്തിവിട്ടിരുന്നില്ല. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു വിഷ്ണുപ്രിയ. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. പോകുന്ന വഴിയില്‍ സൗഹൃദം പുതുക്കിയേ അവള്‍ കടന്നുപോകൂ. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തി.

നൊമ്പരമായി റീല്‍സ്...

പാനൂരിലെ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്ന വിഷ്ണുപ്രിയ സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. ശനിയാഴ്ച വിഷ്ണുപ്രിയ കൊല്ലപ്പെട്ടെന്ന വിവരമറിഞ്ഞതിന് പിന്നാലെ ഒട്ടേറെ സുഹൃത്തുക്കള്‍ വിഷ്ണുപ്രിയയുടെ ഇന്‍സ്റ്റഗ്രാം റീല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

മാനസയ്ക്ക് പിന്നാലെ വിഷ്ണുപ്രിയ, കണ്ണൂര്‍ നടുങ്ങി

കണ്ണൂര്‍: ഒരുവര്‍ഷവും രണ്ടുമാസവും പിന്നിടുമ്പോഴാണ് ജില്ലയെ ഞെട്ടിച്ച് വീണ്ടും പ്രണയപ്പകയും കൊലപാതകവും. വള്ള്യായി ഉമാമഹേശ്വര ക്ഷേത്രത്തിന് സമീപം കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ വെട്ടേറ്റ് മരിച്ച സംഭവം ഞെട്ടലോടെയാണ് നാട് കേട്ടത്.

സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്ന യുവത്വം ഒടുവില്‍ അകലുന്നതും പ്രതികാരത്തിന്റെ കൊലക്കത്തിക്കിരയാകുന്നതും ജില്ലയില്‍ അപൂര്‍വമല്ല. കഴിഞ്ഞ വര്‍ഷം ജൂലായ് 30-ന് കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്നശേഷം യുവാവ് സ്വയം വെടിവെച്ച് മരിച്ച സംഭവമാണ് ഇതിന് മുന്‍പ് ജില്ലയെ ഞെട്ടിച്ച വാര്‍ത്ത. സംഭവത്തില്‍ മരിച്ച ഇരുവരും കണ്ണൂര്‍ ജില്ലക്കാരായിരുന്നു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന നാറാത്ത് രണ്ടാം മൈലില്‍ പി.വി. മാനസയാണ് അന്ന് വെടിയേറ്റ് മരിച്ചത്. സ്വയം വെടിയുതിര്‍ത്ത് മരിച്ചത് മേലൂര്‍ ചകിരി കമ്പനിക്ക് സമീപം 'രാഹുല്‍ നിവാസി'ല്‍ പി. രാഖിലും. പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തിനായിരുന്നു ഈ അരുംകൊല. കോളേജിന് സമീപം പേയിങ് ഗസ്റ്റായി കൂട്ടുകാരികളോടൊപ്പം താമസിക്കുകയായിരുന്നു മാനസ.

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി കൂട്ടുകാരികളുടെ ഇടയിലേക്ക് രാഖില്‍ കടന്നുവന്ന് വെടിയുതിര്‍ക്കുകയായിരുന്നു. വീട്ടുടമയോട് വിവരം പറയാന്‍ കൂട്ടുകാരികള്‍ ഓടിപ്പോയ സമയത്തായിരുന്നു വെടിവെപ്പും മരണവും. കൃത്യം നടത്തുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പേ രാഖില്‍ മാനസയുടെ കോളേജിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് കാര്യങ്ങള്‍ നിരീക്ഷിച്ചുമടങ്ങിയിരുന്നു. സാമൂഹികമാധ്യമത്തിലൂടെയായിരുന്നു ഇവര്‍ പരിചയപ്പെട്ടിരുന്നത്. ബന്ധത്തിലുള്ള അസ്വാരസ്യമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്.

ഈ സംഭവത്തിന് കറേ വര്‍ഷം മുന്‍പും ജില്ല മറ്റൊരു പ്രണയക്കൊലയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അന്ന് തലശ്ശേരിയായിരുന്നു കുരുതിക്കളം. തലശ്ശേരി ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ഷഫ്‌ന എന്ന പെണ്‍കുട്ടിയാണ് അന്ന് കൊലക്കത്തിക്കിരയായത്. ചിറക്കര കെ.ടി.പി. മുക്ക് പരിസരത്തെ ഷഫ്‌നയുടെ വീട്ടുപരിസരത്തായിരുന്നു ഒരു വ്യാഴവട്ടം മുന്‍പ് നടന്ന അരുംകൊല. ചിറക്കരയുടെ സമീപപ്രദേശമായ മോറക്കുന്ന് സ്വദേശിയായിരുന്നു സംഭവത്തിലെ പ്രതി.

Content Highlights: kannur panoor vishnupriya murder case vishnu priya instagram reels video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented