നിറയെ ആയുധങ്ങള്‍, മുളകുപൊടിയും മുടിയും, ബാഗ് വെള്ളക്കെട്ടില്‍ താഴ്ത്തി; കൂസലില്ലാതെ ശ്യാംജിത്ത്


തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി മുളകുപൊടി അടക്കമുള്ളവ ബാഗില്‍ സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ നിഗമനം

Screengrab: Mathrubhumi News

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. പ്രതി ശ്യാംജിത്തിന്റെ വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് ആയുധങ്ങള്‍ ബാഗിലാക്കി ഉപേക്ഷിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പോലീസ് ശ്യാംജിത്തുമായി ഇവിടെയെത്തി തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പ്രതി വെള്ളക്കെട്ടില്‍ താഴ്ത്തിയ ബാഗ് കാണിച്ചുകൊടുക്കുകയും ഇതില്‍നിന്ന് ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുക്കുകയുമായിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക, വെട്ടുകത്തി, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കത്തി, കത്തി മൂര്‍ച്ച കൂട്ടാനുള്ള യന്ത്രം, മുളകുപൊടി, കൊലപാതകസമയത്ത് ധരിച്ച വസ്ത്രങ്ങള്‍, മാസ്‌ക് തുടങ്ങിയവയാണ് ബാഗിലുണ്ടായിരുന്നത്. പുരുഷന്റെ മുടിയും ബാഗില്‍നിന്ന് കണ്ടെടുത്തു. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ യാതൊരു കൂസലുമില്ലാതെയാണ് പ്രതി ബാഗും ആയുധങ്ങളും കാണിച്ചുകൊടുത്തത്.



തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി മുളകുപൊടി അടക്കമുള്ളവ ബാഗില്‍ സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ നിഗമനം. മറ്റൊരു പുരുഷന്റെ മുടി കരുതിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണെന്നും കരുതുന്നു. വിഷ്ണുപ്രിയയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത കയറിന്റെ ഒരു ഭാഗവും ബാഗിലുണ്ടായിരുന്നു.

കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആകെ 18 മുറിവുകളുണ്ടായിരുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇതില്‍ 11 മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു.

മൂന്നുദിവസം മുമ്പാണ് യുവതിയെ കൊലപ്പെടുത്താനുള്ള തീരുമാനമെടുത്തതെന്നാണ് പ്രതിയുടെ മൊഴി. ഇതിനായി ആയുധങ്ങളെല്ലാം ശേഖരിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തു. സംഭവത്തിന് ശേഷം അച്ഛന്റെ ഹോട്ടലില്‍ എത്തി ജോലിയില്‍ സഹായിച്ച ശ്യാംജിത്ത് ശനിയാഴ്ച വൈകിട്ടോടെ നാടുവിടാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി വലയിലാവുകയായിരുന്നു.

വിഷ്ണുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

നിര്‍ണായകമായത് ആ ഫോണ്‍വിളി...

കഴുത്തില്‍ കൊലക്കത്തി വീഴുന്നതിന് മുന്‍പ് വിഷ്ണുപ്രിയയുടെ അവസാന നിലവിളി പ്രതിയെ എളുപ്പത്തില്‍ കുരുക്കുന്നതിന് പ്രധാന തെളിവായി. പ്രതി എം. ശ്യാംജിത്ത് വീട്ടിലേക്ക് പതുങ്ങിവരുമ്പോള്‍ വിഷ്ണുപ്രിയ പൊന്നാനി സ്വദേശി സുഹൃത്തിനോട് വാട്‌സാപ്പില്‍ സംസാരിക്കുകയായിരുന്നു.

സംസാരിച്ച് തീരുന്നതിന് മുന്‍പാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്. പോലീസെത്തുമ്പോള്‍ വിഷ്ണുപ്രിയയുടെ ഫോണ്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളെ പോലീസ് കണ്ടെത്തി.

പൊന്നാനി സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍, ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. അഞ്ചുവര്‍ഷമായി വിഷ്ണപ്രിയ സുഹൃത്താണെന്നും അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തി.

വിഷ്ണുപ്രിയയുടെ ഫോണില്‍നിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പര്‍ കിട്ടി. നാട്ടില്‍ ആ പേരുള്ള ഒരു സുഹൃത്ത് വിഷ്ണുപ്രിയയ്ക്കുള്ളതായി ബന്ധുക്കള്‍ക്ക് അറിയില്ല. ആ നമ്പര്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പോലീസ് പിന്തുടര്‍ന്നു. എത്തിയത് മാനന്തേരിയില്‍. ആളെ കണ്ടെത്തിയപ്പോള്‍ ഒരു കുലുക്കവുമില്ലാതെ അച്ഛന്‍ നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. പോലീസിനോട് ആദ്യം എല്ലാം നിഷേധിച്ചു. ഒടുവില്‍ രക്ഷയില്ലെന്ന് കണ്ടപ്പോള്‍ എല്ലാം ഏറ്റുപറഞ്ഞു.

വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊല്ലാന്‍ മൂന്നുദിവസം മുന്‍പാണ് തീരുമാനമെടുത്തത്. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുന്‍പും.

Content Highlights: kannur panoor vishnupriya murder case police found weapons


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


Argentina

09:32

ഉയിര്‍ത്തെണീറ്റ് അര്‍ജന്റീന; ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറില്‍ | Podcast

Nov 27, 2022

Most Commented