പോലീസ് പിടികൂടിയ 'സഞ്ജയ് വർമ'
കണ്ണൂര്‍: കോവിഡ് ഡോക്ടറാണെന്നും ബിസിനസുകാരനാണെന്നും പറഞ്ഞ് ഡ്രൈവർമാരെ പറ്റിച്ച് കാറുമായി കടന്നുകളയുന്ന ആൾ ഒടുവിൽ കണ്ണൂരിൽ പിടിയിലായി. ഒറ്റപ്പാലം സ്വദേശിയെന്ന് സംശയിക്കുന്ന മലയാളി സഞ്ജയ് വർമ (പേരും വ്യാജമാകാൻ സാധ്യത) സമാനമായ തട്ടിപ്പ് നടത്താൻ ശ്രമിക്കവെ തലശ്ശേരി ടൗണിൽവെച്ചാണ് പിടിയിലായത്. തട്ടിപ്പിനിടെ ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച വർമയെ കാർഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പിടികൂടിയത്.
തലശ്ശേരി ഹോസ്പിറ്റലിലെ ഡോക്ടർ എന്ന് പരിചയപ്പെടുത്തിയാണ് വെള്ളിയാഴ്ച 12 മണിക്ക് ഇയാൾ ബ്രണ്ണൻ കോളേജിന് സമീപമുള്ള നേഹാ ഹോളിഡേയ്സ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമ റോഷിത്കുമാറിനെ വിളിക്കുന്നത്.
ഡോക്ടറാണെന്നും കോയമ്പത്തൂരിലെ കോളേജിലേക്ക് ട്രിപ്പ് പോകണമെന്നും ആവശ്യപ്പെട്ടു. പേര് സഞ്ജയ് വർമ എന്നും പറഞ്ഞു. വാടക പറഞ്ഞശേഷം ഡ്രൈവറെ അയക്കാനായി ആവശ്യപ്പെട്ടു. ഉച്ചയോടെ ഡ്രൈവർക്ക് ഫോൺ വന്നു. പാരീസ് ഹോട്ടലിൽ ഊണ് കഴിക്കുകയാണെന്നും വണ്ടി അവിടെ കൊണ്ടുവന്നാൽ മതിയെന്നും പറഞ്ഞു. അതിനിടെ സഞ്ജയ് വർമ എന്ന പേർ എവിടെയോ കേട്ടതായി റോഷിത് കുമാർ ഓർത്തു. 10 മാസത്തിന് മുൻപ് റോഷിത്തിന്റെ സുഹൃത്ത് കണ്ണൂരിലെ ശ്രീജിത്തിന്റെ കാർ തട്ടിയെടുക്കാൻ ശ്രമിച്ച വാർത്ത 'മാതൃഭൂമി'യിൽ വായിച്ചിരുന്നു. ആ വാർത്തയിലും പേര് സഞ്ജയ് വർമ എന്നായിരുന്നു. റോഷിത് കുമാർ ഉടനെ ശ്രീജിത്തിനെ വിളിച്ച് അന്ന് പത്രത്തിൽ വന്ന ഇയാളുടെ ഫോട്ടോ ആവശ്യപ്പെട്ടു.
ആ ഫോട്ടോ ഡ്രൈവർക്ക് അയച്ചുകൊടുത്തു. ഇയാളാണെങ്കിൽ യാത്ര പോകരുതെന്നും പറഞ്ഞു. അപ്പോഴേക്കും ഡ്രൈവർ പാരീസ് ഹോട്ടലിന് സമീപം എത്തിയിരുന്നു. വാട്സാപ്പിൽ ലഭിച്ച ഫോട്ടോ ഒത്തുനോക്കിയപ്പോൾ അതേ വർമതന്നെ എന്ന് ഡ്രൈവർക്ക് മനസ്സിലായി. ഉടൻ തന്നെ വണ്ടിയുടെ ഒരു പേപ്പർ മറന്നുവെന്ന് പറഞ്ഞ് കാറുമായി ഡ്രൈവർ തലശ്ശേരി ട്രാഫിക് സ്റ്റേഷനിലെത്തി കാര്യം പറഞ്ഞു. മൂന്ന് പോലീസുകാർ മഫ്ടിയിൽ എത്തിയപ്പോൾ സംശയം തോന്നിയ സഞ്ജയ് വർമ ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്.
അതിനിടെ ഇയാൾ മംഗളൂരുവിൽനിന്ന് തലശ്ശേരിയിലേക്ക് വെള്ളിയാഴ്ച വന്നതും തട്ടിപ്പിലൂടെ കാർ വാടകയ്ക്കെടുത്തായിരുന്നു. അവിടെവെച്ച് വിദഗ്ധമായി മുങ്ങി. ആ ഡ്രൈവറും പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. മമ്പറത്തും ഒരാൾ തട്ടിപ്പിനിരയായതായി പറയുന്നു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Content Highlights: kannur covid doctor arrested car money fraud tours travels
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..