Photo: Twitter
ചെന്നൈ: വിദ്യാര്‍ഥിനിയെ ഹോസ്റ്റലിന് സമീപം മരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കള്ളക്കുറിച്ചിയില്‍ സ്വകാര്യ സ്കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ അറസ്റ്റിലായത് 322 പേര്. സ്കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തവര്‍, സ്കൂള്‍ ബസിന് തീയിട്ടവര്‍ അടക്കമുള്ളവരാണ് പിടിയിലായത്.
ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ മരണം സംബന്ധിച്ച് സി.ബി.സി.ഐ.ഡിയാണ് അന്വേഷിക്കുന്നത്. പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ഇതില്‍ അറസ്റ്റിലായിട്ടുണ്ട്.
ജൂലായ് 13-നാണ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. പഠനത്തിന്റെ പേരില്‍ അധ്യാപകര്‍ അമിത സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂലായ് 17-നാണ് ആള്‍ക്കൂട്ടം സ്കൂളിന് നേരെ ആക്രമണംനടത്തിയത്.
നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍
ചെന്നൈ: തമിഴ്നാട്ടില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവള്ളൂര്‍ ജില്ലയിലെ സ്വകാര്യ നഴ്സിങ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി സുമതി(19)യെയാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭക്ഷണംകഴിച്ച് ഹോസ്റ്റല്മുറിയിലേക്കു പോയ സുമതി തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. അന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് കൈമാറി.
വിദ്യാര്‍ഥിനി താമസിച്ച മുറിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു. ആത്മഹത്യക്കുറിപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല.
വിദ്യാര്‍ഥിനി ഫോണിലൂടെ സംസാരിച്ചവരെ കണ്ടെത്തുമെന്ന് സി.ബി.സി.ഐ.ഡി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോളേജ് അധികൃതര്‍, അധ്യാപകര്‍, സഹപാഠികള്‍ എന്നിവരില്‍നിന്ന് മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ രക്ഷിതാക്കള്‍ കോളേജിനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പോലീസെത്തി അനുനയിപ്പിച്ച് അയച്ചു. കോളേജിനും ഹോസ്റ്റലിനും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..