Photo: Twitter.com/ANI & Twitter.com/Harish90808882
ചെന്നൈ: കള്ളക്കുറിച്ചിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്. രസതന്ത്രം, കണക്ക് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികമാര്‍ പഠിക്കുന്നില്ലെന്ന് പറഞ്ഞ് തന്നെ നിരന്തരം സമ്മര്‍ദത്തിലാക്കിയെന്നും വഴക്ക് പറഞ്ഞെന്നുമാണ് കുറിപ്പിലുള്ളത്. അധ്യാപികമാര്‍ ഉപദ്രവിച്ചിരുന്നതായും തന്റെ ഫീസ് അമ്മയ്ക്ക് തിരികെ നല്‍കണമെന്നും കുറിപ്പിലുണ്ട്. മാതാപിതാക്കളോടും കൂട്ടുകാരോടും മാപ്പ് ചോദിച്ചാണ് പെണ്‍കുട്ടിയുടെ കുറിപ്പ് അവസാനിക്കുന്നത്.
വിദ്യാര്‍ഥിനിയുടെ കുറിപ്പ് ഇങ്ങനെ:-
'ഞാന്‍ നന്നായി പഠിക്കാറുണ്ട്. എന്നാല്‍ കെമിസ്ട്രിയില്‍ ഒരുപാട് ഇക്വേഷനുകളാണുള്ളത്. ഈ ഇക്വേഷന്‍സ് പഠിക്കാന്‍ എനിക്ക് കഴിയുന്നില്ല. കെമിസ്ട്രി മിസ് എന്നെ സമ്മര്‍ദത്തിലാക്കുകയാണ്. ഒരുദിവസം അവര്‍ മാത്ത്സ് മിസ്സിനോട് ഞാന്‍ പഠിക്കാറില്ലെന്ന് പറഞ്ഞു. അവര്‍ എന്നെ വഴക്ക് പറഞ്ഞു. പഠിക്കാതെ ഹോസ്റ്റലില്‍ ഞാന്‍ എന്ത് ചെയ്യുകയാണെന്ന് ചോദിച്ചു. ഇത് എനിക്ക് ഏറെ പ്രയാസമുണ്ടാക്കി.
ഈ മിസ്സുമാരില്‍ ഒരാള്‍ ഞാന്‍ പഠിക്കാറില്ലെന്ന് എല്ലാ സ്റ്റാഫിനോടും പറഞ്ഞു. ഇന്ന് രാവിലെ ക്ലാസില്‍വെച്ച് ഒരു അധ്യാപിക എന്തുകൊണ്ടാണ് ഞാന്‍ പഠിക്കാത്തതെന്ന് ചോദിച്ചു. ഞാന്‍ കളിച്ചുനടക്കുകയാണെന്നും പറഞ്ഞു. മാത്ത്സ് മിസ്സും കെമിസ്ട്രി മിസ്സും എന്നെ സമ്മര്‍ദത്തിലാക്കുകയാണ്. ഇത് എനിക്ക് താങ്ങാന്‍ കഴിയുന്നില്ല. എന്നെ മാത്രമല്ല, മാത്ത്സ് മിസ്സ് എല്ലാവരെയും ഉപദ്രവിക്കുന്നുണ്ട്.
ഈ വര്‍ഷത്തെ ഫീസ് ദയവായി എന്റെ അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് ശാന്തി മാഡത്തോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. പുസ്തകത്തിന്റെയും ഹോസ്റ്റലിന്റെയും ഫീസുകളും തിരികെ നല്‍കണം. ഹോസ്റ്റലില്‍ ഞാന്‍ കുറച്ചുദിവസമേ താമസിച്ചിട്ടുള്ളൂ. സോറി അമ്മ, സോറി അപ്പ'.
പോസ്റ്റ്മോര്‍ട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി
അതിനിടെ, പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന റീ-പോസ്റ്റ്മോര്‍ട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പെണ്‍കുട്ടിയുടെ പിതാവാണ് ചൊവ്വാഴ്ച നടത്താനിരിക്കുന്ന പോസ്റ്റ്മോര്‍ട്ടം സ്റ്റേ ചെയ്യണമെന്നും പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന ഡോക്ടറെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ ഹൈക്കോടതി കഴിഞ്ഞദിവസം തീരുമാനമെടുത്തതാണെന്നും നിങ്ങള്‍ക്ക് ഹൈക്കോടതിയെ വിശ്വാസമില്ലേ എന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം സ്റ്റേ ചെയ്യണമെന്ന് പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിഭാഷകന് വീണ്ടും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോടതി ഈ ആവശ്യം തള്ളുകയും ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കാമെന്നും അറിയിച്ചത്.
കഴിഞ്ഞദിവസമാണ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. പെണ്‍കുട്ടിയുടെ പിതാവിനും അഭിഭാഷകനും പോസ്റ്റ്മോര്‍ട്ടം വീക്ഷിക്കാമെന്നും നടപടികള്‍ വീഡിയോ റെക്കോഡ് ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെടുന്ന ഡോക്ടറെ കൂടി മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു പിതാവിന്റെ ആവശ്യം.
അധ്യാപികമാര്‍ അറസ്റ്റില്‍
കള്ളക്കുറിച്ചിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ രണ്ട് അധ്യാപികമാര്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്കൂളിലെ രസതന്ത്രം അധ്യാപിക ഹരിപ്രിയ, ഗണിതശാസ്ത്രം അധ്യാപിക കൃതിക എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
സ്കൂള്‍ കറസ്പോണ്ടന്റ് രവികുമാര്‍, സെക്രട്ടറി ശാന്തി, പ്രിന്‍സിപ്പല്‍ ശിവശങ്കര്‍ എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ സ്കൂളിലുണ്ടായ നാശനഷ്ടത്തിന്റെ കണക്കുകള്‍ പോലീസ് എടുത്തുവരുകയാണ്.
അക്രമമുണ്ടാക്കിയ 390 പേര് അറസ്റ്റില്‍
ചെന്നൈ: കള്ളക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 390 പേരെ പോലീസ് അറസ്റ്റുചെയ്തു. സ്വകാര്യസ്ഥാപനത്തിന്റെ സ്വത്ത് നശിപ്പിച്ചതിനും അക്രമം നടത്താന്‍ പ്രേരിപ്പിച്ചതിനും പോലീസിനെതിരേ അക്രമം നടത്തിയതിനും കേസെടുത്തു.
കള്ളക്കുറിച്ചി ജില്ല മക്കള്‍ അധികാരം സെക്രട്ടറി രാമലിംഗവും അറസ്റ്റിലായതില്‍ ഉള്‍പ്പെടും. 390 പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 'നീതി തേടി പോരാട്ടം' എന്ന വാട്സാപ്പ് കൂട്ടായ്മയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെയും പോലീസ് അറസ്റ്റുചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും അറസ്റ്റ് തുടരുമെന്ന് പോലീസ് അറിയിച്ചു.
അന്വേഷണം സമീപജില്ലകളിലേക്കും...
ചെന്നൈ: പ്ലസ്ടു വിദ്യാര്‍ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അക്രമം നടത്തിയവരെ കണ്ടെത്താന്‍ പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിക്കാന്‍ സി.ബി.സി.ഐ.ഡി. തീരുമാനിച്ചു. അന്വേഷണം സമീപജില്ലകളിലേക്കും വ്യാപിപ്പിക്കും. അക്രമികളില്‍പ്പെട്ട 390 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
എന്നാല്‍, കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ ഇനിയും ഏറെയുണ്ടെന്ന് ഡി.ജി.പി. സി. ശൈലേന്ദ്രബാബു കള്ളക്കുറിച്ചിയില്‍ പോലീസ്, സി.ബി.സി.ഐ.ഡി. ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു. സംഭവം നടന്ന കള്ളക്കുറിച്ചിയിലെയും സമീപ ജില്ലകളിലെയും ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും കുറ്റവാളികളെ പിടികൂടാനുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..