Photo: Twitter
ചെന്നൈ: കള്ളക്കുറിച്ചിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയുടെ അച്ഛന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍. ജഗദീഷ്കുമാര് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടത്.
സംഭവത്തില്‍ അന്വേഷണം നടത്താനായി പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും കഴിഞ്ഞദിവസത്തെ കലാപത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്നും കോടതി തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംഭവിക്കുന്ന മരണങ്ങള് സി.ബി-സി.ഐ.ഡി. വിഭാഗം അന്വേഷിക്കണമെന്നും ഇത്തരം കേസുകളില്‍ മൂന്നംഗ ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞദിവസം കള്ളക്കുറിച്ചിയിലുണ്ടായ കലാപം ഞെട്ടിച്ചെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കള്ളക്കുറിച്ചിയിലെ കലാപം പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നല്ലെന്നും സംഘടിതമായ കുറ്റകൃത്യമാണെന്നും കോടതി വിലയിരുത്തി. '4500 കുട്ടികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കാന്‍ ജനക്കൂട്ടത്തിന് ആരാണ് ലൈസന്‍സ് നല്‍കിയത്. പോലീസ് ആരുടെയും നിയന്ത്രണത്തിലായിരുന്നില്ല. അവര്‍ നിയമം നടപ്പിലാക്കണം. പ്രതിഷേധക്കാരെയെല്ലാം തിരിച്ചറിഞ്ഞ് അവരില്‍നിന്ന് നഷ്ടം ഈടാക്കണം', കോടതി പറഞ്ഞു. പോലീസ് അന്വേഷണം കോടതി നിരീക്ഷിക്കുമെന്നും ജഡ്ജി വ്യക്തമാക്കി.
Also Read
അതിനിടെ, പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപികമാരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. കള്ളക്കുറിച്ചി ചിന്നസേലം ശക്തി മെട്രിക്കുലേഷന്‍ സ്കൂളിലെ ഗണിതാധ്യാപികയായ കൃതിക, കെമിസ്ട്രി അധ്യാപിക ഹരിപ്രിയ എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞദിവസം സ്കൂളിലെ പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ ശിവശങ്കരന്, സെക്രട്ടറി ശാന്തി, മാനേജ്മെന്റ് പ്രതിനിധിയായ രവികുമാര്‍ എന്നിവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തമിഴ്നാട് സി.ബി-സി.ഐ.ഡിയ്ക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു.
കഴിഞ്ഞദിവസം നടന്ന കലാപവുമായി ബന്ധപ്പെട്ട് 120-ഓളം പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. സ്കൂളും വാഹനങ്ങളും അടിച്ചുതകര്‍ത്തവരാണ് പിടിയിലായിട്ടുള്ളത്. ഇവരെ തിങ്കളാഴ്ച ഉച്ചയോടെ കള്ളക്കുറിച്ചിയിലെ കോടതിയില്‍ ഹാജരാക്കി.
ശക്തി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ കടലൂര്‍ സ്വദേശിനിയുടെ മരണത്തിലാണ് വന്‍സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലും ആക്രമണത്തിലും കലാശിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ സ്കൂളിലേക്ക് ഇരച്ചെത്തിയ ആയിരകണക്കിന് പേര് സ്കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തു. നിരവധി സ്കൂള്‍ ബസുകളും മൂന്ന് പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി. ആക്രമണത്തില്‍ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു.
ജൂലായ് 13-ാം തീയതി രാവിലെയാണ് പെണ്‍കുട്ടിയെ സ്കൂളിലെ ഹോസ്റ്റല്‍വളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടിയതാണെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസും പറഞ്ഞിരുന്നു. രണ്ട് അധ്യാപകരുടെ മാനസികപീഡനം കാരണം ജീവനൊടുക്കുകയാണെന്നാണ് വിദ്യാര്‍ഥിനി കുറിപ്പില്‍ എഴുതിയിരുന്നതെന്നും പോലീസ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..