കള്ളക്കുറിച്ചി: മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍, പോസ്റ്റ്‌മോര്‍ട്ടത്തിനും വന്നില്ല


Photo: Twitter

ചെന്നൈ: കള്ളക്കുറിച്ചി ചിന്നസേലത്തെ സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നിശ്ചയിച്ച ഡോക്ടര്‍മാരുടെയും ഫൊറന്‍സിക് വിദഗ്ധന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വിദ്യാര്‍ഥിനിയുടെ പിതാവിനും അഭിഭാഷകനും പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ ഹാജരാകാമെന്ന് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിറക്കിയിരുന്നെങ്കിലും അവര്‍ പങ്കെടുത്തില്ല.

തങ്ങള്‍ക്ക് പരിചയമുള്ള ഡോക്ടറെക്കൂടി പോസ്റ്റ്മോര്‍ട്ടം വീക്ഷിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മാത്രമേ പോസ്റ്റ്മോര്‍ട്ടം നടത്തൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഇതേത്തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ പിതാവും അഭിഭാഷകനും പങ്കെടുക്കാതിരുന്നത്. പ്രതിഷേധസൂചകമായി മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ മാതാപിതാക്കളും ബന്ധുക്കളും ഉറച്ചുനില്‍ക്കുകയാണ്. കേസില്‍ ബുധനാഴ്ചയും വാദം തുടരും.

അതേസമയം, കള്ളക്കുറിച്ചി കളക്ടര്‍ പി.എന്‍. ശ്രീധറിനെയും ജില്ലാപോലീസ് സൂപ്രണ്ട് സെല്‍വകുമാറിനെയും സര്‍ക്കാര്‍ മാറ്റി. കളക്ടറായി കാര്‍ഷികവകുപ്പ് അഡീഷണല്‍ ഡയറക്ടറായിരുന്ന ശ്രവന്‍ കുമാര്‍ ജതാവത്തിനെ നിയമിച്ചു. ശ്രീധറിനെ ചെന്നൈ- കന്യാകുമാരി ഇന്‍ഡസ്ട്രിയല്‍ കോറിഡോറിന്റെ പ്രോജക്ട് ഡയറക്ടറായി നിയമിച്ചു. ജില്ലാ പോലീസ് സൂപ്രണ്ടായി ചെന്നൈ സിറ്റി ട്രിപ്ലിക്കേന്‍ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന പി. പകലവനെ നിയമിച്ചു. ശെല്‍വകുമാറിനുപകരം പദവി നല്‍കിയിട്ടില്ല.

സ്‌കൂളിലുണ്ടായ അക്രമം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചു. അന്വേഷണം വളരെ വിശദമായും കൃത്യമായും നടത്തുന്നതിനാണ് എസ്.ഐ.ടി.യെ നിയോഗിച്ചതെന്ന് ഡി.ജി.പി. സി. ശൈലേന്ദ്രബാബു അറിയിച്ചു.

അതേസമയം, വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഇപ്പോഴും അക്രമത്തിന് ആഹ്വാനംചെയ്യുന്ന സന്ദേശം പ്രചരിക്കുന്നതിനാല്‍ പോലീസ് സംസ്ഥാനവ്യാപകമായി സുരക്ഷ ശക്തിപ്പെടുത്തി. ചെന്നൈ മറീന ബീച്ചിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നില്ല. ഞായറാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട് എ.ഐ.എ.ഡി.എം.കെ. ഐ.ടി. വിങ്ങില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

ഫൊറന്‍സിക് വിദഗ്ധര്‍ തെളിവെടുത്തു

ചെന്നൈ: പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ ഫൊറന്‍സിക് വിദഗ്ധര്‍ ചൊവ്വാഴ്ച കള്ളകുറിച്ചി ചിന്നസേലത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തി.

ഫൊറന്‍സിക് വിഭാഗം ജോയന്റ് ഡയറക്ടര്‍ ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകള്‍ ശേഖരിക്കാന്‍ എത്തിയത്. അക്രമത്തില്‍ തീവെച്ച ബസുകള്‍, സ്‌കൂളിലെ വിവിധ സാധനങ്ങള്‍, വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചു.

ബുധനാഴ്ചയും പരിശോധന തുടരുമെന്ന് ഫൊറന്‍സിക് ജോയന്റ് ഡയറക്ടര്‍ അറിയിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സുരക്ഷ...

ചെന്നൈ: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, കോളേജുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് സുരക്ഷ ശക്തിപ്പെടുത്തും. മുഖ്യമന്ത്രി എം.കെ. സ്റ്റാന്‍ലിന്റെ നേതൃത്വത്തില്‍ചേര്‍ന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.

അക്രമംനടത്തി സംസ്ഥാനത്ത് ക്രമസമാധാന പരിപാലനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ഒരുവിഭാഗം സംഘടനകള്‍ ശ്രമിക്കുന്നത്. ഇതിനായി വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്താനുമുള്ള ബോധപൂര്‍വമായ ശ്രമവും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പോലീസ് ഇനിയുള്ള ദിവസങ്ങളില്‍ ജാഗ്രതതുടരും. കള്ളക്കുറിച്ചി സംഭവത്തില്‍ പിടികിട്ടാനുള്ളവര്‍ക്കായി തിരച്ചില്‍തുടരും. അക്രമത്തില്‍ പങ്കെടുത്തവരെ മുഴുവന്‍ കണ്ടെത്തും. കള്ളക്കുറിച്ചിയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ചില യൂട്യൂബ് ചാനലുകളുടെ പ്രവര്‍ത്തനം മുടക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് നടക്കുന്ന പൊതുപരിപാടികള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. പൊതുമരാമത്തുമന്ത്രി ഇ.വി. വേലു, സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി അന്‍പില്‍ മഹേഷ് പൊയ്യാമൊഴി, ആഭ്യന്തരസെക്രട്ടറി പനീന്ദ്രറെഡ്ഡി, ഡി.ജി.പി.സി. ശൈലേന്ദ്ര ബാബു, ഇന്റലിജന്‍സ് എ.ഡി.ജി.പി. ദേവാശീര്‍വാദം, സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി കെ. ഉഷ എന്നിവരുമായാണ് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി ചര്‍ച്ചനടത്തിയത്.

Content Highlights: kallakurichi school girl death re postmortem conducted

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented